BhutanCountryEncyclopediaHistory

ഇപ്പോഴത്തെ രാജാവ്

ജിഗ്മേ ദോര്‍ജിയുടെ പുത്രനാണ് ഭൂട്ടാനിലെ ഇപ്പോഴത്തെ രാജാവായ ജിഗ്മേ സിംഗ്യെ വാങ് ചുക്. പിതാവ് 1972 ല്‍‍ മരണമടഞ്ഞപ്പോഴാണ് സിംഗ്യേ ഭൂട്ടാനിലെ നാലാമത്തെ രാജാവായത്. 17 ആം വയസില്‍. രാജകുമാരന്‌ 21 ആം വയസാകുന്നത് വരെ ഭരണം നടത്തേണ്ടത് റീജന്‍സി കൌണ്‍സിലായിരിക്കണമെന്ന ഭരണഘടനയിലെ വ്യവസ്ഥ ഭേദഗതി ചെയ്താണ് നാഷണല്‍ അസംബ്ലി സിംഗ്യെയെ രാജാവായി അംഗീകരിച്ചത്.
സിംഗ്യെയുടെ കിരീടധാരണത്തോടെ ഭൂട്ടാന്റെ ഒറ്റപ്പെട്ട യുഗം അവസാനിച്ചു. പിതാവ് തുടങ്ങി വച്ച പരിഷ്കാരങ്ങള്‍ കൂടുതല്‍ നല്ല രീതിയില്‍ സിംഗ്യേ തുടര്‍ന്നു. ഭൂട്ടാനിലെ ആധുനികവിദ്യാഭ്യാസത്തിന്റെ ശില്‍പി സിംഗ്യെയാണ്. ഭൂട്ടാനില്‍ സൗജന്യ ചികിത്സാലയങ്ങള്‍ അദ്ദേഹം സ്ഥാപിച്ചു. റോഡുനിര്‍മ്മാണത്തിനും പ്രാധാന്യം നല്‍കി. മികച്ച നയതന്ത്രജ്ഞനായും പേരെടുത്തു.
സിംഗ്യെയുടെ നേതൃത്വത്തില്‍ ഭൂട്ടാന്‍ ഒട്ടുമിക്ക യു.എന്‍. ഏജന്‍സികളിലും ചേരിചേരാ രാജ്യങ്ങളുടെ സംഘടനയിലും സാര്‍ക്കിലും പങ്കാളിയായി. ബംഗ്ലാദേശ്, ഇന്ത്യ,ജപ്പാന്‍, സ്വിറ്റ്സര്‍ലന്‍ഡ് തുടങ്ങിയവയുള്‍പ്പടെ 21 രാജ്യങ്ങളുമായി നയതന്ത്രബന്ധം മെച്ചപ്പെടുത്തുവാന്‍ സിഗ്മേക്കു സാധിച്ചു.
താമസിയാതെ, വിദേശികള്‍ ഭൂട്ടാനില്‍ പ്രവേശിക്കുന്നതിനുള്ള നിയന്ത്രണവും സിംഗ്യേ എടുത്തുമാറ്റി. ഭൂട്ടാന്റെ രാഷ്ട്രീയ സമ്പ്രദായം പരിഷ്കരിക്കുന്നതിന്റെ ഭാഗമായി, അവിശ്വാസപ്രമേയത്തിലൂടെ രാജാവിനെ സ്ഥാനഭ്രഷ്ടനാക്കുന്നതിനുള്ള അധികാരം നിയമനിര്‍മ്മാണസമതിക്കു നല്‍കുന്ന പരിഷ്കരണങ്ങളും അദ്ദേഹം ആവിഷ്കരിച്ചു.
സിംഗ്യെയുടെ നേതൃത്വത്തില്‍ ഭൂട്ടാന്‍ ചുരുങ്ങിയകാലത്തിനുള്ളില്‍ വന്‍ സാമ്പത്തിക പുരോഗതി കൈവരിച്ചു. പരിസ്ഥിതി സംരക്ഷിക്കുന്നതിലും ജനതയുടെ ജനതയുടെ സ്വഭാവസവിശേഷതകള്‍ നിലനിര്‍ത്തുന്നതിനും സിംഗ്യേ ശ്രദ്ധാലുവായിരുന്നു. പരമ്പരാഗതമൂല്യങ്ങളിലൂന്നി ദേശീയ ഐക്യം ഉയര്‍ത്തുന്നതിന് അദ്ദേഹം മുന്‍കൈ എടുത്തു. സ്വാശ്രയത്വം, സ്വകാര്യമേഖലയുടെ വളര്‍ച്ചയും കാര്യക്ഷമതയും, ഭരണത്തില്‍ ജനകീയപങ്കാളിത്തവും അധികാരവികേന്ദ്രീകരണവും, മാനുഷികവിഭവങ്ങളുടെ വികസനം, എല്ലാത്തിലുമുപരി പ്രാദേശികമായി സന്തുലിതമായ വികസനം- ഇവയാണ് തന്റെ ലക്ഷ്യമെന്ന് സിംഗ്യേ പ്രഖ്യാപിച്ചു.
ലോകത്തില്‍ അധികാരത്തിലിരിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ രാജാവാണ് സിംഗ്യേ.