കടല്‍ കൊതിച്ച ബാലന്‍
സമ്പത്ത് നേടാനുള്ള അത്യാഗ്രഹം! ഏഷ്യയിലേക്ക് കടല്‍മാര്‍ഗം കണ്ടെത്താനുള്ള യൂറോപ്പിന്റെ ആദ്യകാലശ്രമങ്ങള്‍ക്ക് പിന്നിലെ യഥാര്‍ത്ഥ കാരണം അതായിരുന്നു. പൊന്നും പട്ടും സുഗന്ധദ്രവ്യങ്ങളും വിളയുന്ന ഏഷ്യയിലേക്ക് കടലിലൂടെ ആരാദ്യം എളുപ്പവഴി കണ്ടെത്തുന്നുവോ ആ രാജ്യത്തിന് യൂറോപ്പിലെ ഏറ്റവും ധനികരാകാം. അങ്ങനെയാണ് 15 ആം നൂറ്റാണ്ടില്‍ ധാരാളം യൂറോപ്യന്‍ നാവികര്‍ അറ്റ്ലാന്റിക് പര്യവേഷണങ്ങള്‍ക്ക് ഇറങ്ങിപ്പുറപ്പെട്ടത്.
ഈ പശ്ചാത്തലത്തിലാണ് നമ്മുടെ കഥാനായകനായ ക്രിസ്റ്റഫര്‍ കൊളംബസിന്റെ ജനനം. 1451 ല്‍ ഇറ്റലിയിലെ തുറമുഖപട്ടണമായ ജനോവയില്‍ അദ്ദേഹം ജനിച്ചു. അച്ഛന്‍ ഡൊമിനികൊ നെയ്ത്തുകാരനും കമ്പിളിവസ്ത്രവ്യപരിയുമായിരുന്നു. ഏറെക്കുറെ ദരിദ്രകുടുംബത്തില്‍ പിറന്ന കൊളംബസിന് അടിസ്ഥാനവിദ്യഭ്യാസം മാത്രമേ ലഭിച്ചുള്ളൂ. അതിനുശേഷം അവന്‍ അച്ഛനെയും അമ്മയെയും സഹായിക്കാനായി കുടുംബത്തൊഴിലില്‍ ഏര്‍പ്പെട്ടു.
കോളംബസിന്റെ കുട്ടിക്കാലത്ത് യൂറോപ്പിലെ ഏറ്റവും പേരുകേട്ട വ്യാപാരകേന്ദ്രങ്ങളിലൊന്നായിരുന്നു ജനോവ. നെയ്ത്തുശാലയിലെ ജോലികഴിഞ്ഞ് അവന്‍ തുറമുഖത്തും ചെന്നിരിക്കും.ഏഷ്യയില്‍നിന്നും വിലപിടിച്ച ചരക്കുകളുമായെത്തുന്ന കപ്പലുകളുടെ തിരക്കായിരിക്കും ജനോവയില്‍ എപ്പോഴും. നാവികര്‍ പറയുന്ന കാണാദിക്കുകളിലെ കഥകള്‍ അവന്‍ കൊതിയോടെ കേട്ടിരുന്നു. അവരെപ്പോലെ ഒരിക്കല്‍ താനും കടല്‍യാത്ര നടത്തുന്നത് പലപ്പോഴും സ്വപ്നം കണ്ടു.
14 ആം വയസ്സില്‍ കൊളംബസ് കപ്പല്‍ ജോലിക്കാരനായി. 1476 ല്‍ തന്റെ 25 ആം വയസ്സില്‍ ജനോവയില്‍നിന്നുള്ള ഒരു കപ്പല്‍ സംഘത്തോടൊപ്പം അദ്ദേഹം ഇംഗ്ലണ്ടിലേക്ക് തിരിച്ചു. എന്നാല്‍ പോര്‍ച്ചുഗല്‍ തീരത്തിനടുത്ത് വച്ച് കടല്‍ക്കൊള്ളക്കാരുടെ ആക്രമണത്തില്‍ അവരുടെ കപ്പല്‍ തകര്‍ന്നു. കൂട്ടത്തിലുള്ള പലരും കൊല്ലപ്പെട്ടെങ്കിലും ഒരു മരപ്പലകയില്‍ പിടിച്ചു കിടന്ന കൊളംബസ് പോര്‍ച്ചുഗല്‍ തീരത്ത് എത്തിപ്പെട്ടു,
അതൊരു വഴിത്തിരിവായിരുന്നു.