എക്കിള്‍ ഉണ്ടാകുന്നത് എന്തുകൊണ്ട്?
എക്കിള്‍ അനുഭവപ്പെടാത്തവര്‍ വളരെ വിരളമായിരിക്കും.ചുക്കു കാപ്പി കുടിക്കുമ്പോഴും ഏറെ എരിവുള്ള പദാര്‍ത്ഥങ്ങള്‍ കഴിക്കുമ്പോഴുമൊക്കെയാണ് സാധാരണയായി എക്കിള്‍ ഉണ്ടാകുന്നത്.നമ്മുടെ ശരീരത്തിനകത്ത് നെഞ്ച് അറയെ ഉദരത്തില്‍ നിന്ന് വേര്‍തിരിക്കുന്ന ഡയഫ്രത്തിലോ അതിലേക്കുള്ള നാഡിയിലോ ഏതെങ്കിലും തരത്തിലുള്ള അസ്വസ്ഥത അനുഭവപ്പെടുമ്പോള്‍ ആണ് എക്കിള്‍ ഉണ്ടാകുന്നത്.അസ്വസ്ഥത അനുഭവപ്പെടുമ്പോള്‍ ഡയഫ്രം പെട്ടെന്ന് ചുരുങ്ങുകയും ഈ ചുരുങ്ങല്‍ തടയുന്നതുനു വേണ്ടി ചെറുനാക്ക് അടയുകയും ചെയ്യുന്നു.ചെറുനാക്കിന്റെ ഈ അടയലാണ് നമുക്ക് എക്കിളായി അനുഭവപ്പെടുന്നത്.
അമിതമായി ചിരിക്കുമ്പോഴും ധൃതിപിടിച്ചു ഭക്ഷണം കഴിക്കുമ്പോഴും ദഹനക്കുറവുണ്ടാകുമ്പോഴുമൊക്കെ ഡയഫ്രത്തിനു അസ്വസ്ഥത ഉണ്ടാകാനും എക്കിള്‍ അനുഭവപ്പെടാനും ഇടയുണ്ട്.
സാധാരണ ഗതിയില്‍ എക്കിള്‍ ഒരു രോഗലക്ഷണമല്ല.എന്നാല്‍ മെനിന്‍ഞ്ചൈറ്റിസ്,ന്യുമോണിയ,യൂറേമിയ എന്നീ രോഗങ്ങള്‍ പിടിപെട്ടവരില്‍ തുടര്‍ച്ചയായി എക്കിള്‍ ഉണ്ടാകാറുണ്ട്.