CountryEncyclopedia

ടെഹ്റാൻ

ഇറാനിന്റെ തലസ്ഥാന നഗരമാണ് ടെഹ്റാൻ. രാജ്യത്തെ ഏറ്റവും വലിയ നഗരവും ടെഹ്റാൻ തന്നെയാണ്. ടെഹ്റാൻ പ്രവിശ്യയുടെ ഭരണകേന്ദ്രം കൂടിയാണ് ഈ നഗരം.8,429,807പേർ അധിവസിക്കുന്ന ഈ നഗരം ലോകത്തിലെ ഏറ്റവും അധികം ജനസംഖ്യയുള്ള 23-ആമത്തെ നഗരമാണ്.

അൽബർസ് മലനിരകളുടെ അടിവാരത്തിൽ സമുദ്രനിരപ്പിൽനിന്ന് ഏതാണ്ട് 1220 മീ. ഉയരത്തിൽ, കാസ്പിയൻ കടലിനു ഏകദേശം 100 കി.മീ. തെക്കായി ടെഹ്റാൻ സ്ഥിതി ചെയ്യുന്നു. ഈ നഗരം സ്ഥിതിചെയ്യുന്നത്. അൽബർസ് മലനിരകളിലെ ഇറാനിലെ ഏറ്റവും ഉയരമുള്ളതും സദാ ഹിമാവൃതവുമായ ഡീമാവെൻഡ് കൊടുമുടി ഈ നഗരത്തിൽ നിന്ന് കാണാൻ കഴിയും.

ഇറാനിലെ മിക്ക വ്യവസായങ്ങളും ടെഹ്റാൻകേന്ദ്രമാക്കിയാണ് പ്രവർത്തിക്കുന്നത്. മോട്ടോർകാറുകളുടെ നിർമ്മാണം, ഇലക്ട്രോണിക്-ഇലക്ട്രിക്കൽ ഉപകരണങ്ങൾ, യുദ്ധാവശ്യങ്ങൾക്കുള്ള ആയുധങ്ങൾ, തുണിത്തരങ്ങൾ, പഞ്ചസാര, സിമന്റ്, രാസവസ്തുക്കൾന്നിവ ഉൾപ്പെടുന്നതാണ് ഇവിടുത്തെ വ്യവസായ മേഖല. നഗരത്തിന്റെ തെക്ക് ഭാഗത്ത് ഒരു എണ്ണ ശുദ്ധീകരണശാല പ്രവർത്തിക്കുന്നു. ഇസ്ഫഹൻ, ഷിറാസ്, ടബ്രിസ് എന്നീ പുരാതന നഗരങ്ങളേപ്പോലെ അത്ര ചരിത്ര പ്രാധാന്യമുള്ളതല്ല ഈ പുതിയ നഗരം, എങ്കിലും പല മ്യൂസിയങ്ങളും കലാ കേന്ദ്രങ്ങളും കൊട്ടാര സമുച്ചയങ്ങളും ഇവിടെയുണ്ട്.

20ആം നൂറ്റാണ്ടിൽ ഇറാന്റെ പല ഭാഗങ്ങളിൽനിന്ന് ടെഹ്റാനിലേക്ക് ഒരു വൻ കുടിയേറ്റമുണ്ടായി. ഇന്ന് പല വംശങ്ങളിലും മതങ്ങളിലുമുള്ള ജനങ്ങൾ ഇവിടെ വസിക്കുന്നു. അനേകം മുസ്ലീം പള്ളികളും, ക്രിസ്ത്യൻ പള്ളികളും, സിനഗോഗുകളും, സൊറോസ്ട്രിയൻ അഗ്നി ക്ഷേത്രങ്ങളും ഇന്നിവിടെയുണ്ട്.

ചരിത്രംപ്രാചീന നഗരമായ റേ നഗരത്തിന്റെ തുടർച്ചയായാണ് ടെഹ്റാൻ വികാസം പ്രാപിച്ചുകൊണ്ടിരുന്നത്. 13-ആം നൂറ്റാണ്ടിൽ മംഗോളിയർ റേ നഗരത്തെ നശിപ്പിച്ചപ്പോൾ അവിടത്തെ ജനങ്ങൾ ടെഹ്റാനിലേക്ക് രക്ഷപ്പെട്ടു. റയ് ഗോൺസാലസ് ഡി ക്ലാവിജോ ടെഹ്റാൻ സന്ദർശിച്ച ആദ്യ യൂറോപ്പിയൻ ആണെന്ന് കരുതപ്പെടുന്നു. 1404 – ജൂലായിൽ തിമൂറിന്റെ തലസ്ഥാനമായ സമർഖണ്ടിലേക്കുള്ള മാർഗ്ഗമധ്യേയാണ് അദ്ദേഹം ടെഹ്റാനിലെത്തിയത്. സഫാവിദ് വംശത്തിന്റെ (1502-1736) കാലത്ത് ടെഹ്റാന്റെ വിപുലീകരണം നടന്നിരുന്നു. കാജർ (Kajar/Qajar) വംശത്തിലെ (1794-1925) ആദ്യത്തെ ഭരണാധിപനായ ആഗാ മുഹമ്മദ് ഖാൻ (Agha Mohammed Khan) തന്റെ രാജധാനിയായി പ്രഖ്യാപിക്കു ന്നതുവരെയും (1794) ടെഹ്റാൻ ഗ്രാമമായിരുന്നു. ഇവിടത്തെ കൊട്ടാരങ്ങളും രമ്യഹർമ്മ്യങ്ങളും ഉദ്യാനങ്ങളുമെല്ലാം സൃഷ്ടിച്ചത് ഇദ്ദേഹമാണ്. ടെഹ്റാനിലെ വിശ്വപ്രസിദ്ധമായ ഇംപീരിയൽ മോസ്ക് പണിയിച്ചതും ഇദ്ദേഹംതന്നെ. ആഗാഖാന്റെ അനന്തരാവകാശികളായ ഭരണാധികാരികളാണ് വികസനത്തിലൂടെ നഗരത്തെ ആധുനികവത്ക്കരിച്ചത്; വിശേഷിച്ചും 19–ആം നൂറ്റാണ്ടിൽ . 1925-ൽ കാജർ വംശത്തെ അധികാരഭ്രഷ്ടരാക്കി അധികാരത്തിലേറിയ റിസാഖാൻ പഹ്ലവിയാണ് (1926-41) നഗരത്തിന്റെ ഹൃദയഭാഗത്തുണ്ടായിരുന്ന പഴയ കോട്ടകൊത്തളങ്ങളെല്ലാം ഇടിച്ചു നിരത്തിയും വിശാലമായ വീഥികളും പാർക്കുകളും ആധുനിക കെട്ടിടങ്ങളും നിർമിച്ചും ടെഹ്റാൻ നഗരത്തിന്റെ മുഖഛായ തന്നെ മാറ്റിയത്. രണ്ടാം ലോകയുദ്ധകാലത്ത് അമേരിക്കൻ പ്രസിഡന്റ് ഫ്രാങ്ക്ളിൻ ഡി. റൂസ്‌വെൽറ്റ്, ബ്രിട്ടിഷ് പ്രധാനമന്ത്രി വിൻസ്റ്റൺ ചർച്ചിൽ, സോവിയറ്റ് പ്രധാനമന്ത്രി ജോസഫ് സ്റ്റാലിൻ എന്നീ സഖ്യകക്ഷി നേതാക്കൾ ഇവിടെ സമ്മേളിച്ചത് 1943-ലാണ് (ടെഹ്റാൻ സമ്മേളനം). മറ്റു പല ഘടകങ്ങൾക്കുമൊപ്പം എണ്ണ ഖനനത്തിലൂടെയുള്ള വരുമാനവും ടെഹ്റാന്റെ അഭിവൃദ്ധിക്കു സഹായകമായി. ടെഹ്റാന്റെ പ്രാധാന്യവും ജനസംഖ്യയും 20-ആം ശതകത്തിൽ ത്തിൽ വളരെയേറെ വർധിച്ചു. ഇന്ന് ഈ മേഖലയിലെ പ്രധാന നഗരങ്ങളിലൊന്നാണ് ടെഹ്റാൻ