EncyclopediaWild Life

ടാസ്മാനിയന്‍ ചെകുത്താന്‍

ഡെവിള്‍ എന്ന ഇംഗ്ലീഷ് വാക്കിന്‍റെ അര്‍ത്ഥം ചെകുത്താന്‍ എന്നാണല്ലോ. സഞ്ചിമൃഗങ്ങളുടെ കൂട്ടത്തില്‍ ഒരു ചെകുത്താനുണ്ട്. ടാസ്മാനിയന്‍ ഡെവിള്‍. പേര് പോലെ തന്നെ കണ്ടാല്‍ ഇവനൊരു ഭയങ്കരനാണ്‌. സഞ്ചിമൃഗങ്ങളിലെ മാംസഭുക്കുകളില്‍ ഏറ്റവും വലിപ്പം കൂടിയ കൂട്ടരാണിവ, പണ്ട് ഓസ്ട്രേലിയയിലെങ്ങും കാണപ്പെട്ടിരുന്ന ഇവര്‍ ഇപ്പോള്‍ ടാസ്മാനിയ ദ്വീപില്‍ മാത്രമേയുള്ളൂ.

  രാത്രിയില്‍ ഇരതേടിയിറങ്ങുന്ന ഇവര്‍ ധാരാളം സമയം ഇരയെ കണ്ടുപിടിക്കാന്‍ മണ്ണില്‍ മണത്തുമണത്തു നടക്കും.ചെറിയ പ്രാണികളെ മുതല്‍ വലിപ്പം കൂടിയ മറ്റു സഞ്ചിമൃഗങ്ങളെ വരെ ഇക്കൂട്ടര്‍ ശപ്പിടാറുണ്ട്. മറ്റ് മൃഗങ്ങള്‍ കൊന്നുതിന്നിട്ട് ഉപേക്ഷിച്ചു പോയ അവശിഷ്ടങ്ങള്‍ ഇവര്‍ ദൂരെ നിന്ന് മണം പിടിച്ചറിയുകയും അങ്ങോട്ടെത്തുകയും ചെയ്യും.ഒറ്റപ്പെട്ടു ജീവിക്കുന്ന‘ കൂട്ടരാണെങ്കിലും ഇത്തരം അവശിഷ്ടങ്ങള്‍ക്ക് ചുറ്റും കൂട്ടത്തോടെ അവയെ കാണാം. ഇരയുടെ പ്രധാന ഭാഗം കൈക്കലാക്കാന്‍ അവ വലിയ ശബ്ദങ്ങള്‍ ഉണ്ടാക്കി പരസ്പരം പോരാടുകയും ചെയ്യും. ഇരയുടെ എല്ല് കടിച്ചു പോട്ടിക്കാള്‍ പോലും ടാസ്മാനിയന്‍ ഡെവിളിനു കഴിയും. അത്ര കരുത്തും മൂര്‍ച്ചയുമുള്ള പല്ലുകളാണ് അവയ്ക്ക്.

   കറുപ്പ് നിറത്തിലോ കടുത്ത തവിട്ട്നിറത്തിലോ ഉള്ള രോമങ്ങള്‍ ഉടലില്‍ തിങ്ങികാണപ്പെടുന്നു. തൊണ്ടയിലും വശങ്ങളിലും പുറകു ഭാഗത്തും വെളുത്ത പാടുകളും കാണാം. 52 മുതല്‍ 80 സെന്റിമീറ്റര്‍ നീളമുണ്ടാകും.

  ടാസ്മാനിയന്‍ ഡെവിളിലെ ആണുങ്ങള്‍ക്ക് 18 കിലോഗ്രാം വരെ ഭാരം ഉണ്ടാകും. പെണ്‍ഡെവിളുകള്‍ക്ക് 12 കിലോഗ്രാം വരെയാണ് ഭാരം. പകല്‍ സമയം ഇക്കൂട്ടര്‍ കൂടുകളില്‍ വിശ്രമിക്കും. തടികളുടെ പൊത്തുകളിലോ വോമ്പാറ്റുകള്‍ ഉപേക്ഷിച്ചുപോയ മാളങ്ങളിലോ പുല്ലും ഇലകളും നിരത്തിയാണ് ഇക്കൂട്ടര്‍ കിടക്കുന്നത്. ഒരേ സമയം നാലു കുഞ്ഞുങ്ങള്‍ വരെ ജനിക്കും. ജനിച്ച ഉടനെ അവര്‍ സഞ്ചിയില്‍ കയറിപ്പറ്റും. താഴേക്കാണ് ഈ സഞ്ചികള്‍ തുറക്കുന്നത്. രണ്ടു വര്‍ഷം കൊണ്ടേ കുഞ്ഞുങ്ങള്‍ പൂര്‍ണ വളര്‍ച്ചെയെത്തൂ. എട്ടു വര്‍ഷമാണ്‌ ആകെ ആയുസ്.

  വലിയ ആക്രമണകാരികളായി തെറ്റിദ്ധരിക്കപ്പെട്ടിരിക്കുന്ന ടാസ്മാനിയന്‍ ഡെവിളുകള്‍ പരസ്പരം ചിലപ്പോള്‍ ഏറ്റുമുട്ടാറുണ്ടെന്നേയുള്ളൂ. തീറ്റ ഇട്ടുകൊടുത്താല്‍ ഇവയെ മെരുക്കാനും ഒരു കുഴപ്പവുമില്ലാതെ കൈകാര്യം ചെയ്യാനും സാധിക്കും. ടാസ്മാനിയയിലെ കാടുകളിലും കുറ്റിച്ചെടികള്‍ നിറഞ്ഞു നില്‍ക്കുന്ന തീരപ്രദേശത്തുമാണ് ഇവയെ കൂടുതലായി കണ്ടുവരുന്നത്.

  ആയിരകണക്കിന് വര്‍ഷങ്ങള്‍ കൊണ്ട് ജീവികള്‍ക്ക് പരിസ്ഥികള്‍ക്കനുസരിച്ച് ശാരീരികമായ മാറ്റങ്ങള്‍ ഉണ്ടാകാറുണ്ടല്ലോ. സാഹചര്യങ്ങള്‍ക്കനുസൃതമായി ജീവിക്കുന്നതിനാണ് ഈ മാറ്റങ്ങള്‍. ഇങ്ങനെ ശാരീരികമാറ്റം സംഭവിച്ച ആദ്യകാല സഞ്ചി മൃഗങ്ങളിലൊന്നാണു ടാസ്മാനിയന്‍ ഡെവിള്‍ എന്ന് പഠനങ്ങള്‍ തെളിയിക്കുന്നു. ഇവരുടെ തന്നെ വര്‍ഗത്തില്‍ പെടുന്ന മറ്റൊരു ജീവിയാണ് സഞ്ചിഎലി.