EncyclopediaWild Life

നീന്തല്‍ക്കാരന്‍ ഒപ്പോസം

സഞ്ചിമൃഗങ്ങളിലെ ഒരേയൊരു ജലജീവിയാണ് വാട്ടര്‍ ഒപ്പോസം, അഥവാ യാപോക്ക്.
ഇവര്‍ നന്നായി നീന്തും മീനുകളെയും തവളകളെയും പിടികൂടി ശാപ്പിടും, വെള്ളത്തിലെ ചെടികളെയും വെട്ടിവിഴുങ്ങും, വെള്ളത്തിലിറങ്ങുമ്പോള്‍ ശരീരം നനയാതിരിക്കാന്‍ അവയ്ക്ക് വാട്ടര്‍പ്രൂഫ് രോമക്കോട്ടുണ്ട്. സുഖമായി നീന്താന്‍ പിന്‍കാലുകളിലെ വിരലുകള്‍ തമ്മില്‍ ചര്‍മ്മം കൊണ്ട് ബന്ധിച്ചിട്ടുണ്ട്‌.
മുന്‍കാലുകള്‍ കൊണ്ടാണ് ഇര പിടിക്കുക നഖങ്ങളില്ലെങ്കിലും ഇരയെ അനായാസം ചുറ്റിപ്പിടിക്കാന്‍ അവയ്ക്ക് കഴിയും, യാപോക്കുകളില്‍ ആണുങ്ങള്‍ക്കും പെണ്ണുങ്ങള്‍ക്കും സഞ്ചിയുണ്ട് പിന്‍ഭാഗത്തേക്കാണ് തുറക്കുന്നത്. കുഞ്ഞുങ്ങളുമായി വെള്ളത്തിലിറങ്ങുമ്പോള്‍ ഈ സഞ്ചിയുടെ വായ്‌ അടയ്ക്കാന്‍ അമ്മമാര്‍ക്കും കഴിയും അതിനാല്‍ ഒട്ടും നനയാതെ സുഖമായി സഞ്ചിക്കുള്ളില്‍ കുഞ്ഞുങ്ങള്‍ക്ക് കഴിഞ്ഞു കൂടാം.
27 മുതല്‍ 40 സെന്റിമീറ്റര്‍ വരെയാണ് യാപോക്കുകളുടെ വലിപ്പം ഭാരം കൂടിയത് 800 ഗ്രാമും ആയിരിക്കും,21 സെന്റിമീറ്റര്‍ വരെ നീളം വാലിനും ഉണ്ടാകും. കറുത്ത നിറത്തിലുള്ള വാലിന്റെ അറ്റം മാത്രം വെളുത്തു കാണപ്പെടുന്നു, ചാരനിറവും കറുപ്പ്നിറവും കലര്‍ന്നതാണ് ഉടല്‍.
ജലജീവിയാണെങ്കിലും ഇരതേടി അക്കൂട്ടര്‍ കരയിലും മരത്തിലുമൊക്കെ കയറിയിറങ്ങി നടക്കാറുണ്ട്.ശുദ്ധജലമുള്ള അരുവികളിലും തടാകങ്ങളിലുമാണ് അവയുടെ താമസം, ജലാശയങ്ങള്‍ക്കടുത്തുള്ള കാടുകളിലെ ഒഴിഞ്ഞ പ്രദേശങ്ങളില്‍ ചവര്‍ക്കൂമ്പാരങ്ങളില്‍ പകല്‍ ഇരതേടാത്ത സമയം വിശ്രമിക്കുന്നു. തീരങ്ങള്‍ക്കടുത്തുണ്ടാക്കുന്ന മാളങ്ങളിലാണ് യാപോക്കുകള്‍ രാത്രി കഴിച്ചുകൂട്ടുക.
വേനല്‍ക്കാലത്താണ് കുഞ്ഞുങ്ങളുണ്ടാവുക.ഒരു പ്രാവശ്യം രണ്ടു മുതല്‍ അഞ്ചു കുഞ്ഞുങ്ങള്‍ വരെ കാണും. ജനിക്കുമ്പോള്‍ മുതല്‍ ഏതാനും ആഴ്ചകള്‍ അമ്മയുടെ സഞ്ചിയില്‍ കഴിഞ്ഞശേഷം കുഞ്ഞുങ്ങള്‍ പുറത്തുവരുന്നു. മൂന്നുവര്‍ഷമാണ്‌ യാപോക്കുകളുടെ ആയുസ്.
മധ്യ അമേരിക്കയിലെയും തെക്കെ അമേരിക്കയിലെയും തെക്കന്‍ മെക്സിക്കോ, അര്‍ജന്റീന തുടങ്ങിയ പ്രദേശങ്ങളിലാണ് വാട്ടര്‍ ഒപ്പോസങ്ങളെ കണ്ടുവരുന്നത്.