CountryEncyclopediaHistory

സ്വീഡൻ

സ്വീഡൻ, ഔദ്യോഗികമായി കിംഗ്ഡം ഒഫ് സ്വീഡൻ, യൂറോപ്പ് ഭൂഖണ്ഡത്തിൽ സ്ഥിതി ചെയ്യുന്ന ഒരു രാജ്യമാണ്. 1995 മുതൽ യൂറോപ്യൻ യൂണിയനിൽ അംഗമാണ് സ്വീഡൻ. 449,964 ചതുരശ്രകിലോമീറ്റർ വിസ്തൃതിയുള്ള സ്വീഡൻ പടിഞ്ഞാറൻ യൂറോപ്പിലെ ഏറ്റവും വലിയ മൂന്നാമത്തെ രാജ്യമാണ്. ജനസാന്ദ്രത നഗരപ്രദേശങ്ങളിൽ ഒഴിച്ചാൽ വളരെ കുറവാണ്. ആകെ വിസ്തീർണ്ണത്തിന്റെ 1.3% മാത്രമുള്ള നഗരപ്രദേശങ്ങളിലാണ് 84% ജനങളും വസിക്കുന്നത്.ഒരു വികസിതരാജ്യമായ സ്വീഡനിൽ ജനങൾക്ക് ഉയർന്ന ജീവിതനിലവാരമാണ് ഉള്ളത്.
പണ്ടുകാലം തൊട്ടേ ഇരുമ്പ്,ചെമ്പ്,തടി എന്നിവയുടെ കയറ്റുമതിക്ക് പേരുകേട്ട രാജ്യമായിരുന്നു സ്വീഡൻ. 1890-കളിൽ വ്യവസായവൽക്കരണവും വിദ്യാഭ്യാസത്തിന് ലഭിച്ച പ്രാധാന്യവും ഇരുപതാം നൂറ്റാണ്ടായപ്പോഴേക്കും വിജയപ്രദമായ വ്യാവസായികാടിത്തറ കെട്ടിപ്പടുക്കാൻ സ്വീഡനെ സഹായിച്ചു. ജലവിഭവം കൂടുതലുള്ള രാജ്യമായ സ്വീഡനിൽ കൽക്കരിയുടെയും പെട്രോളിയത്തിന്റെയും നിക്ഷേപം താരതമ്യേന കുറവാണ്.
ആധുനിക സ്വീഡൻ ജന്മമെടുക്കുന്നത് 1397ലെ കൽമർ യൂണിയൻ യോഗത്തിൽ(Kalmar Union) നിന്നും 16-ആം നൂറ്റാണ്ടിലെ രാജാവ് ഗുസ്താവ് വസ നടത്തിയ രാജ്യകേന്ദ്രീകരണത്തിലൂടെയുമാണ്. 17-ആം നൂറ്റാണ്ടിൽ യുദ്ധത്തിലൂടെ സ്വീഡൻ അതിന്റെ അതിർത്തികൾ വ്യാപിപ്പിച്ച് സ്വീഡിഷ് സാമ്രാജ്യം രൂപവത്കരിച്ചു, എന്നാൽ ഇങ്ങനെ ലഭിച്ച ഒട്ടുമിക്ക പ്രദേശങ്ങളും 18, 19 നൂറ്റാണ്ടുകളിലായി കൈവിട്ടുകൊടുക്കേണ്ടതായും വന്നു. സ്വീഡന്റെ കിഴക്കേ പകുതി(ഇന്നത്തെ ഫിൻലാന്റ്) റഷ്യ 1809ൽ കൈവശപ്പെടുത്തി. സ്വീഡൻ നേരിട്ട് പങ്കെടുത്ത അവസാന യുദ്ധം 1814ൽ നോർവേക്കെതിരെയായിരുന്നു. ജനുവരി 1,1995 ലാണ് യൂറോപ്യൻ യൂണിയൻ അംഗത്വം സ്വീഡനു ലഭിച്ചത്.
പ്രതിശീർഷ വരുമാനത്തിൽ ലോകത്തിൽ എട്ടാം സ്ഥാനമുള്ള രാജ്യമാണ് സ്വീഡൻ. 2011 ൽ എക്കോണമിസ്റ്റ് മാസികയുടെ ജനാധിപത്യ സൂചികയിൽ നാലാം സ്ഥാനവും മാനവ വികസന സൂചികയിൽ പത്താം സ്ഥാനവും സ്വീഡനായിരുന്നു. വേൾഡ് എക്കോണമിക് ഫോറം ലോകത്തിലെ ഏറ്റവും മത്സരക്ഷമമായ രണ്ടാമത്തെ രാജ്യമായി സ്വീഡനെ തിരഞ്ഞെടുത്തു.