EncyclopediaWild Life

വാട്ടര്‍ ഡ്രാഗണ്‍

പല്ലിവര്‍ഗ്ഗത്തില്‍ പെടുന്നവരാണ് ചൈനീസ്‌ വാട്ടര്‍ ഡ്രാഗണുകള്‍. നാലടിയിലേറെ നീളം വയ്ക്കുന്ന വമ്പന്മാരാണ് ഇവര്‍. നീളത്തില്‍ രണ്ടില്‍മൂന്ന് ഭാഗത്തോളം വാലാണ്. ശത്രുക്കളെ ആക്രമിക്കാനും ബാലന്‍സ് ചെയ്ത് നില്‍ക്കാനും നീന്തനുമെല്ലാം നീളന്‍ വാല്‍ സഹായിക്കുന്നു.

           പൊതുവേ ഇരുണ്ട നിറമാണ്‌ എങ്കിലും ആണ്‍ വാട്ടര്‍ ഡ്രാഗണുകള്‍കള്‍ക്ക് വര്‍ഷത്തില്‍ ചില കാലങ്ങളില്‍ താനേ നല്ല പച്ചനിറം വരും. കുറേക്കഴിഞ്ഞാല്‍ പഴയതുപോലെ നിറം മങ്ങും. വാട്ടര്‍ ഡ്രാഗണ്‍ പേര് സൂചിപ്പിക്കുന്നത് പോലെ എപ്പോഴും വെള്ളത്തില്‍ കഴിയുന്നവരല്ല. ജലാശയത്തിനടുത്തുള്ള കരഭാഗത്തെക്ക് അവ കയറി വരാറുണ്ട്. അതുപോലെ മരത്തിലും വാട്ടര്‍ ഡ്രാഗണുകള്‍ കയറും. പക്ഷെ പേടി തോന്നിയാല്‍ എപ്പോഴും വെള്ളത്തിലേക്ക് ചാടി നീന്തും.

  തെക്കുകിഴക്കന്‍ ഏഷ്യയിലും തായ്ലാന്‍ഡ്‌,വിയറ്റ്നാം കമ്പോഡിയ എന്നിവിടങ്ങളിലും വാട്ടര്‍ ഡ്രാഗണുകളെ കണ്ടുവരുന്നു. ജലാശയത്തിനടുത്തുള്ള മഴക്കാടുകള്‍ ആണ് പ്രധാന വാസസ്ഥലം.

  ചെറിയ ജന്തുക്കള്‍,പക്ഷികള്‍,പല്ലികള്‍,തവളകള്‍ എന്നിങ്ങനെ പോകുന്നു ഇക്കൂട്ടരുടെ ഇഷ്ടഭക്ഷണങ്ങള്‍. പഴങ്ങളും ധാരാളം ശാപ്പിടും.

  അമ്മ ഡ്രാഗണുകള്‍ ആഴം കുറഞ്ഞ സ്ഥലത്തെ പൊത്തുകളില്‍ ഒരു പ്രാവശ്യം 10-15 മുട്ടയിടും. മണ്ണും ഇലകളും കൊണ്ട് മുട്ടകള്‍ മൂടുകയും ചെയ്യും. അങ്ങനെ രണ്ടുമൂന്നു മാസങ്ങള്‍ മുട്ട അവിടെ ഇരിക്കും. അതിനുശേഷം വിരിഞ്ഞിറങ്ങുന്ന കുഞ്ഞുങ്ങള്‍ക്ക് അരയടിയോളം നീളം കാണും. ഒരു വര്‍ഷം കൊണ്ട് പ്രായപൂര്‍ത്തിയെത്തും.

  15 വയസാണ് വാട്ടര്‍ ഡ്രാഗണുകളുടെ കൂടിയ പ്രായം.