രാക്ഷസ സലമാണ്ടര്‍
കരയിലും വെള്ളത്തിലും ജീവിക്കാന്‍ കഴിവുള്ള ജീവിയാണ് സലമാണ്ടര്‍. സാധാരണ, സലമാണ്ടറുകള്‍ 15 സെന്റീമീറ്ററില്‍ കൂടുതല്‍ വലിപ്പം വയ്ക്കാറില്ല.എന്നാല്‍ ഒരു മീറ്ററിലേറെ വലിപ്പം വയ്ക്കുന്ന സലമാണ്ടറുകളുണ്ട്. ജാപ്പനീസ് രാക്ഷസ സലമാണ്ടര്‍ അത്തരം വലിയ സലമാണ്ടറുകളില്‍ ഒന്നാണ്.
ഉഭയ ജീവികളില്‍ വലിപ്പത്തില്‍ രണ്ടാം സ്ഥാനക്കാരാണ് ജാപ്പനീസ് രാക്ഷസസലമാണ്ടര്‍. 20 കിലോയിലേറെ ഭാരം ഇവയ്ക്കുണ്ടാകും.
പര്‍വ്വതപ്രദേശങ്ങളിലും തണുത്തുറഞ്ഞ അരുവികളിലുമാണ് ജാപ്പനീസ് രാക്ഷസ സലമാണ്ടറുകളുടെ താമസം. പകല്‍ മുഴുവന്‍ പാറക്കെട്ടുകള്‍ക്കിടയില്‍ ഒളിച്ചിരിക്കുന്ന ഇവ രാത്രിയാണ് ഇരതേടി പുറത്തിറങ്ങുക. ഒട്ടിപ്പിടിക്കുന്ന നാക്ക് നീട്ടി പ്രാണി,പുഴു, ഞണ്ട്,തവള, മീന്‍,പാമ്പ്,എലി,മുതലായവയെ പിടികൂടി അകത്താക്കും. ഇരുണ്ട തവിട്ടു നിറക്കാരാണ് രാക്ഷസസലമാണ്ടറുകള്‍.ശരീരം മുഴുവന്‍ കുത്തുകളും കാണപ്പെടുന്നു.
ജപ്പാനിലെ പാര്‍വതദേശക്കാര്‍ രാക്ഷസ സലമാണ്ടറുകളെ ധാരാളമായി ശപ്പിടാറുണ്ട്. അത് സലമാണ്ടറുകളെ വംശ നാശത്തിന്റെ വക്കില്‍ എത്തിച്ചു. അതുകാരണം ഇപ്പോള്‍ രാക്ഷസസലമാണ്ടറുകളെ കൊല്ലുന്നത് നിരോധിച്ചിട്ടുണ്ട്.
അമ്മ സലമാണ്ടര്‍ ഒരു പ്രാവശ്യം അഞ്ഞൂറു മുതല്‍ അറുന്നൂറു മുട്ടകള്‍ വരെ ഇടും. നാല്‍പ്പത് മുതല്‍ അമ്പത് ദിവസം വരെയെടുക്കും മുട്ടകള്‍ വിരിയാന്‍. മുട്ട വിരിഞ്ഞിറങ്ങുന്ന കുഞ്ഞുങ്ങള്‍ പ്രയപൂര്‍ത്തിയാകാന്‍ 5 മുതല്‍ പത്ത് വര്‍ഷം വരെ വേണം. എഴുപതു വയസാണ് ഇക്കൂട്ടരുടെ കൂടിയ ആയുസ്സ്.