ഏഷ്യന്‍ മുതലപ്പല്ലി
മുതലയുടെ മുതുകില്‍ മുള്ളു പോലെ ഉയര്‍ന്നു നില്‍ക്കുന്ന ശല്കങ്ങള്‍ കണ്ടിട്ടില്ലേ. അതുപോലെ പുറത്ത് കുത്തുകളുള്ള കൂട്ടരാണ് ക്രൊക്കോഡയില്‍ ന്യൂട്ട് അഥവാ മുതലപ്പല്ലി. വംശനാശഭീഷണി നേരിടുന്ന ഇക്കൂട്ടര്‍ തെക്കു കിഴക്കന്‍ ഏഷ്യയിലാണ് ഉള്ളത്.
ശത്രുക്കളെ പേടിപ്പിച്ചോടിക്കാനുള്ളതാണ് മുതലപ്പല്ലിയുടെ മുതുകത്തെ പാടുകള്‍. ഇരുട്ടത്ത് പോലും തിളങ്ങി നില്‍ക്കുന്ന ശല്‍ക്കങ്ങള്‍ കണ്ടാല്‍ ശത്രുക്കള്‍ അടുക്കില്ല. ശത്രുക്കളെ തുരത്തിയോടിക്കാന്‍ കടുത്ത ദുര്‍ഗന്ധമുള്ള വിഷം ചീറ്റുന്ന സൂത്രവും മുതലപ്പല്ലിയുടെ ശരീരത്തിലുണ്ട്!
തടാകങ്ങളിലും ആഴം കുറഞ്ഞ ജലാശയങ്ങളിലുമാണ് മുതല്പ്പള്ളികള്‍ താമസിക്കുന്നത്.തണുപ്പ് കാലമായാല്‍ അവ തീരത്തെ മണലിലേക്ക് കയറും. എന്നിട്ട് മണലില്‍ മറഞ്ഞിരുന്നു തണുപ്പ് കാലം മുഴുവന്‍ ഉറങ്ങി തീര്‍ക്കും. ഇങ്ങനെ ഉറങ്ങാന്‍ മാത്രമേ അവ കരയില്‍ കയറാറുള്ളൂ. അല്ലെങ്കില്‍ കൊടുംചൂടില്‍ ജലാശയങ്ങളിലെ വെള്ളം വറ്റണം!
രാത്രിയാണ് ഇരപിടിക്കുക. മണം പിടിക്കാന്‍ അപാരശക്തിയുള്ള ഇക്കൂട്ടര്‍ കുറ്റാക്കുറ്റിരുട്ടത്തും ഇരയെ കണ്ടുപിടിക്കും. ചെളിവെള്ളത്തില്‍ കഴിയുമ്പോള്‍ ഇരയെ മണത്തറിയാന്‍ മാത്രമേ പറ്റുകയുള്ളൂ.
പൊതുവേ കറുപ്പുനിറക്കാരാണ് മുതലപ്പല്ലികള്‍. മുതുകിലും മുഖത്തും കാലുകളിലും വാലിലും ഓറഞ്ചു നിറവുമുണ്ടാകും. ഒരടി മുതല്‍ രണ്ടടിയോളം നീളം വയ്ക്കും.
അമ്മപ്പല്ലികള്‍ ഒരു പ്രാവശ്യം 30 മുതല്‍ 150 വരെ മുട്ടകളിടുന്നു. രണ്ടാഴ്ച കൊണ്ട് മുട്ടവിരിഞ്ഞു കുഞ്ഞുങ്ങള്‍ പുറത്തുവരും. കുഞ്ഞുങ്ങള്‍ പ്രായപൂര്‍ത്തിയാകാന്‍ ഒരു വര്‍ഷം വേണം.പന്ത്രണ്ടു വയസാണ് മുതലപ്പല്ലികളുടെ പരമാവധി ആയുസ്സ്.