ചൈനീസ് കടലാമ
റബ്ബര്‍ പോലെ വളയുന്ന പുറന്തോട്,എപ്പോഴും പുറത്തേക്ക് നീണ്ടിരിക്കുന്ന തല. ചൈനീസ് കടലാമയുടെ വിശേഷങ്ങളാണിതൊക്കെ.
മറ്റ് ആമകളെപ്പോലെ ചൈനീസ് കടലാമയുടെ പുറംതോടിന് ഒട്ടും കട്ടിയില്ല. തല മുഴുവനായും ഉള്ളിലേക്ക് വലിക്കാനും കഴിയില്ല. ഒഴുക്ക് കുറഞ്ഞ ജലാശയങ്ങളില്‍ കഴിയുന്ന കൂട്ടരാണ് ചൈനീസ് കടലാമകള്‍. ശല്യപ്പെടുത്താന്‍ ആരുമില്ലെന്ന് കണ്ടാല്‍ കരയില്‍ കയറി ഉരുളന്‍ കല്ലുകള്‍ക്ക് മുകളില്‍ നീണ്ടു പരന്നു കിടന്ന് അവ വെയില്‍ കായും! പക്ഷെ, അടുത്തെങ്ങാന്‍ ചെറിയൊരു അനക്കമുണ്ടായാല്‍ മതി, അവ വെള്ളത്തിലേക്ക് ചാടി ആഴങ്ങളിലേക്ക് മുങ്ങിമറയും. പകല്‍ വിശ്രമിക്കുന്ന ചൈനീസ് കടലാമകള്‍ രാത്രിയാണ് തീറ്റ തേടിയിറങ്ങുക. ഞണ്ട്, തവള,പ്രാണി,മത്സ്യം,ഒച്ച് തുടങ്ങിയവയാണ് അവയുടെ മുഖ്യഭക്ഷണം.
ചൈനീസ് കടലാമയെന്നാണ് പേരെങ്കിലും കൊറിയയിലും ജപ്പാനിലുമൊക്കെ ഇവയെ കണ്ടുവരുന്നു. ഒരടി വരെ നീളം വയ്ക്കും. വംശനാശ ഭീഷണി നേരിടുന്നു.