സിലോണ്‍ സീസിലിയന്‍
ഒറ്റനോട്ടത്തില്‍ ചെറിയ പാമ്പാണെന്ന് തോന്നും. എന്നാല്‍, സഞ്ചരിക്കുന്നത് വലിയ ഒരു പുഴുവിനെ പോലെ! സിലോണ്‍ സീസിലിയന്‍ എന്ന ജീവിയുടെ കാര്യമാണ് പറഞ്ഞുവരുന്നത്. സത്യത്തില്‍ സിലോണ്‍ സീസിലിയന്‍ പാമ്പുമല്ല, പുഴുവുമല്ല. തവളയുടെ ബന്ധുവായ ഒരു കുഞ്ഞന്‍ ഇഴജന്തുവാണ്.
ശ്രീലങ്കയാണ് സിലോണ്‍ സീസിലിയന്റെ നാട്. പക്ഷെ, ശ്രീലങ്കയിലും അത്ര പെട്ടെന്നൊന്നും ഇവരെ കണ്ടുകിട്ടില്ല! ഇവരുടെ താമസസ്ഥലത്തിന്റെ പ്രത്യേകതയാണ് ഇതിനു കാരണം. കാട്ടില്‍ ചീഞ്ഞഴുകിയ ചവറുകൂമ്പാരത്തിനിടയില്‍ ആണ് ജീവിതകാലം മുഴുവന്‍ ഇവ കഴിഞ്ഞുകൂടുക. അതിനാല്‍ ശത്രുക്കളായ പക്ഷികളെയും മൃഗങ്ങളെയും ഉരഗങ്ങളെയും ഇവയ്ക്ക് അധികം പേടിക്കേണ്ടതില്ല!
കരയിലും വെള്ളത്തിലും ജീവിക്കാന്‍ കഴിവുള്ള ഉഭയജീവിയാണ് സിലോണ്‍ സീസിലിയന്‍. ഇവയ്ക്ക് കണ്ണുണ്ടെങ്കിലും ഒന്നും കാണില്ല. തൊലിയും എല്ലും കൊണ്ട് കണ്ണു മൂടിപ്പോയതാണ് കാരണം. നനഞ്ഞു കുഴഞ്ഞ ചെളിമണ്ണില്‍ എപ്പോഴും ഒളിച്ചു കഴിയുന്നതുകൊണ്ട് ഇവയ്ക്ക് കണ്ണിന്റെ ആവശ്യമില്ല. മൂക്കിനടുത്തുള്ള സ്പര്‍ശിനികള്‍ കൊണ്ട് നന്നായി മണം പിടിക്കാന്‍ ഇവര്‍ക്ക് കഴിയും. അങ്ങനെ മണം പിടിച്ചാണ് ഇവ ആഹാരം കണ്ടുപിടിക്കുന്നത്. കൂട്ടുകാര്‍ അടുത്തുണ്ടെന്നു മനസ്സിലാക്കുന്നതും മണം പിടിച്ചു തന്നെ.
മുതിര്‍ന്ന സിലോണ്‍ സീസിലിയന്‍ ഒന്നൊന്നരയടി നീളം വയ്ക്കും. അമ്മ സീസിലിയന്‍ ഒരു പ്രാവശ്യം 7 മുതല്‍ 20 കുഞ്ഞുങ്ങള്‍ക്ക് വരെ ജന്മം നല്‍കാറുണ്ട്. ആറേഴു വര്‍ഷമേ സീസിലിയനു ആയുസ്സുള്ളൂ.
പ്രാണികളും മണ്ണിരകളുമാണ് സിലോണ്‍ സീസിലിയന്റെ പ്രധാന ആഹാരം. ഇവയുടെ കുടുംബത്തില്‍ ഇപ്പോള്‍ ആകെ 90 വര്‍ഗ്ഗക്കാര്‍ ഉള്ളതായി കണക്കാക്കപ്പെട്ടിരിക്കുന്നു. വംശനാശഭീഷണിയൊന്നും ഇപ്പോള്‍ ഇക്കൂട്ടര്‍ നേരിടുന്നില്ല.