ഇലക്കടലാമ
ഇഷ്ടം പോലെ ഇലകള്‍ തിന്നുന്ന കൂട്ടരാണ് ഇലക്കടലാമകള്‍. അതോടൊപ്പം അടുത്തു കൂടി പോകുന്ന പ്രാണികളെയും ഒച്ചിനെയുമൊക്കെ പിടികൂടി ശാപ്പിടുകയും ചെയ്യും! ഇങ്ങനെ സസ്യാഹാരവും മാംസാഹാരവും ഒരു പോലെ അകത്താക്കുന്ന ഇക്കൂട്ടരെ ഏഷ്യയുടെ തെക്കു കിഴക്കുഭാഗത്താണ് കണ്ടുവരുന്നത്.
ശത്രുക്കളെ കണ്ടാല്‍ കൈയും കാലും തലയും തോടിനുള്ളിലേക്ക് വലിക്കുക ആമകളുടെ പൊതുസ്വഭാവമാണല്ലോ? ഇലക്കടലാമ ഇതോടൊപ്പം തോടിന്റെ അടിഭാഗം നീക്കി തലയും കൈയും കാലും അകത്തേക്ക് വലിച്ചു ദ്വാരങ്ങള്‍ ഭംഗിയായി അടയ്ക്കും. പിന്നെ ഏതു ശക്തനായ ശത്രു വിചാരിച്ചാലും ഇവയുടെ തലയിലോ കൈയിലോ കാലുകളിലോ ഒരു പോറല്‍ പോലും വരുത്താന്‍ പറ്റില്ല.
മറ്റ് ആമകളുടെ പുറംതോടിനേക്കാള്‍ പരന്നതാണ് ഇലക്കടലാമയുടെ പുറംതോട്. സാധാരണയായി ഇരുണ്ട തവിട്ടു നിറമാണ് ഇക്കൂട്ടര്‍ക്ക്. എന്നാല്‍ നിറം കുറഞ്ഞ കൂട്ടരുമുണ്ട്.
ഇലക്കടലാമയുടെ കുഞ്ഞുങ്ങള്‍ക്ക് എപ്പോഴും വെള്ളത്തില്‍ കഴിയാനാണ് ഇഷ്ടം. എന്നാല്‍ മുതിര്‍ന്നാല്‍ ഇവ കൂടുതല്‍ സമയവും കരയില്‍ കഴിച്ചു കൂട്ടും.
ഒരടിയോളം നീളം വയ്ക്കുന്ന കൂട്ടരാണ് ഇവ. ഓരോ കൊല്ലവും പല തവണയായി 2 മുതല്‍ 4 വരെ മുട്ടകള്‍ ഇടുന്നു. ഇലക്കടലാമയുടെ ആയുസ്സിനെക്കുറിച്ചു വ്യക്തമായ വിവരങ്ങള്‍ ലഭ്യമല്ല.