ലക്ഷദ്വീപിന്റെ കഥയും ചരിത്രവും
ലക്ഷദ്വീപിന് സംഭവബഹുലമായ ഒരു കഥ പറയാനുണ്ട്, പിടിച്ചടക്കിയവരും അടക്കിഭരിച്ചവരും ഈ സുന്ദരദ്വീപിനെയും വെറുതെ വിട്ടിരുന്നില്ല.
ലക്ഷദ്വീപുകളില്‍ മനുഷ്യര്‍ താമസം തുടങ്ങിയത് എന്നാണെന്നതു സംബന്ധിച്ച കൃത്യമായ വിവരങ്ങള്‍ ലഭ്യമല്ല.ദ്വീപില്‍ ജനവാസമാരംഭിക്കുന്നതിനു വളരെ മുമ്പു തന്നെ ഇന്ത്യന്‍ വന്‍കരയില്‍നിന്നുള്ളവര്‍ പല ആവശ്യങ്ങള്‍ക്കായി ദ്വീപില്‍ എത്തിയിരുന്നത്രെ, കടല്‍യാത്രയ്ക്കിടെ കടല്‍ ക്ഷോഭമുണ്ടാകുമ്പോള്‍ രക്ഷാകേന്ദ്രം തേടിയും കടല്‍വിഭവങ്ങള്‍ ശെഖരിക്കുന്നതിനുമായി കേരളതീരത്തുള്ളവര്‍ ദ്വീപ് സന്ദര്‍ശിച്ചിരുന്നു. ലക്ഷദ്വീപുകളെ ക്കുറിച്ചുള്ള ഏറ്റവും പഴയ പരാമര്‍ശം വയലൂര്‍ ശാസനം എന്ന പുരാണ രേഖയിലാണുള്ളത്.ആറു, ഏഴ് നൂറ്റാണ്ടുകളില്‍ പല്ലവ രാജാവായ നരസിംഹവര്‍മന്‍ രണ്ടാമന്‍റെ അധീനതയിലായിരുന്നു ലക്ഷദ്വീപ് എന്ന് ഇതില്‍ കാണുന്നു.
കേരളം ഭരിച്ചിരുന്ന ഭാസ്കര രവിവര്‍മ എന്ന ചേരമാന്‍ പെരുമാള്‍ ഇസ്‌ലാം മതം സ്വീകരിച്ച മക്കയിലേക്കു പോയപ്പോള്‍ അദ്ദേഹത്തെ തേടി മലബാറില്‍ നിന്ന് പുറപ്പെട്ട കോലത്തിരി സേനയില്‍പെട്ടവരാണ് തങ്ങളുടെ പൂര്‍വികര്‍ എന്ന് ദ്വീപു നിവാസികള്‍ വിശ്വസിക്കുന്നു. കോലത്തിരിയുടെ സൈനികര്‍ സഞ്ചരിച്ചിരുന്ന കപ്പല്‍ കാലാവസ്ഥ പ്രതികൂലമായതിനെത്തുടര്‍ന്ന് ലക്ഷ്യം തെറ്റി ആള്‍താമസമില്ലാത്ത ബംഗാരo ദ്വീപിലെത്തി. കാലാവസ്ഥ അനുകൂലമായപ്പോള്‍ മറ്റു ദ്വീപുകള്‍ കൂടി സന്ദര്‍ശിച്ച് സേന തങ്ങളുടെ ആസ്ഥാനമായ കണ്ണൂരിലേക്കുതന്നെ മടങ്ങി.
ദ്വീപുകളെക്കുറിച്ച് അറിഞ്ഞ കോലത്തിരി അവയുടെ അധിപനായി സ്വയം പ്രഖ്യാപിച്ചു. ദ്വീപില്‍ കുടിയേറുന്നവര്‍ക്ക് അവര്‍ കൃഷി ചെയ്യുന്നത്ര ഭൂമി സ്വന്തമാക്കുവാന്‍ അനുമതി നല്‍കിക്കൊണ്ട് അദ്ദേഹം വിളംബരമിറക്കി, അമിനി ദ്വീപിലാണ് ഇങ്ങനെ ആദ്യം ആളുകള്‍ താമസാരംഭിച്ചത്. മലബാര്‍ മാന്വലിന്റെ രചയിതാവും മലബാര്‍ കളക്ടറുമായിരുന്ന വില്യം ലോഗന്‍ ഈ സംഭവം ശരിവയ്ക്കുന്നുണ്ട്. ദ്വീപിലെ പെരുമാള്‍ പാറ ചേരമാന്‍ പെരുമാളുമായുള്ള ബന്ധനത്തിന് തെളിവ് നല്‍കുന്നു.
15 ആം നൂറ്റാണ്ടില്‍ പോര്‍ച്ചുഗീസുകാര്‍ എത്തിയതോടെ ദ്വീപുനിവാസികളുടെ ജീവിതം ദുരിതമായി. അമിനി ദ്വീപ് ആസ്ഥാനമാക്കിയ പോര്‍ച്ചുഗീസുകാര്‍ ദ്വീപില്‍ കൊള്ളയും കൊലപാതകവും ആരംഭിച്ചു കച്ചവടം നടത്തിയിരുന്ന ദ്വീപുനിവാസികള്‍ക്ക് തങ്ങളുടെ വഞ്ചികള്‍ കടലില്‍ ഇറക്കണമെങ്കില്‍ പോര്‍ച്ചുഗീസുകാരുടെ അനുമതി വേണം എന്ന സ്ഥിതിയായി, ഇതേത്തുടര്‍ന്ന് പോര്‍ച്ചുഗീസുകാരുമായി ഏറ്റുമുട്ടലിനു തയ്യാറായ കോലത്തിരി 1545-ല്‍ അവരെ ആക്രമിച്ചു തോല്‍പ്പിച്ചു, കോലത്തിരി രാജാവ് ഭക്ഷ്യവിഷപ്രയോഗം നടത്തി ദ്വീപിലുണ്ടായിരുന്ന പോര്‍ച്ചുഗീസുകാരെ മുഴുവനും നശിപ്പിക്കുകയായിരുന്നത്രെ.
എന്നാല്‍ പോര്‍ച്ചുഗീസുകാരുടെ തിരിച്ചടി അതിഭയങ്കരമായിരുന്നു. അവര്‍ ദ്വീപുനിവാസികളുടെ ഭവനങ്ങള്‍ കൊള്ളയടിച്ച് ആളുകളെ മുഴുവന്‍ തടവിലാക്കി. പോര്‍ച്ചുഗീസുകാരെ ആക്രമിച്ചു കീഴ്പ്പെടുത്താനാവില്ലെന്നു മനസിലാക്കിയ കോലത്തിരി ദ്വീപുകള്‍ക്കുമേലുള്ള അധികാരം ഉപേക്ഷിക്കുകയും വര്‍ഷം 6000 പണം കപ്പം നിശ്ചയിച്ച തന്‍റെ കപ്പല്‍പടയുടെ സേനാധിപന്‍ അറയ്ക്കല്‍ ആലിയ്ക്ക് ദ്വീപിന്‍റെ അവകാശം വിട്ടുകെടുക്കുകയും ചെയ്തു. എ.ഡി 1550-കളിലായിരുന്നു ഇത്. അതേ സമയം മിനിക്കോയി യുമായി നേരിട്ട് കച്ചവടം ചെയ്യാനുള്ള അധികാരം കോലത്തിരി നിലനിര്‍ത്തി.
പോര്‍ച്ചുഗീസ് ആധിപത്യം ഒഴിഞ്ഞപ്പോള്‍ ആലി രാജാവ് ദ്വീപില്‍ തന്‍റെ അധീശത്വം വര്‍ധിപ്പിച്ചു. കേരളത്തില്‍ നിന്ന് നിയോഗിക്കപ്പെട്ടവരോ ദ്വീപിലെ പ്രമുഖ കുടുംബാംഗങ്ങളായ കാര്യത്തിലൂടെയാണ് അവര്‍ ഭരണം നടത്തിയത്.
ദ്വീപുകളുടെ സമ്പൂര്‍ണ അധികാരം അറയ്ക്കല്‍ വംശത്തിനു കിട്ടിയതോടെ അവര്‍ ദ്വീപുകളില്‍ ദുര്‍ഭരണമാരംഭിച്ചു. രാജാവിനുള്ള ചുങ്കം വര്‍ധിപ്പിച്ചു. ദ്വീപിലെ ദുര്‍ഭരണത്തെക്കുറിച്ചും അറയ്ക്കല്‍ വംശത്തിന്റെ ദ്വീപുനിവാസികള്‍ അതിനോടകം ദക്ഷിണേന്ത്യയില്‍ സ്വാധീനമുറപ്പിച്ചിരുന്ന ടിപ്പുസുല്‍ത്താനോട് പരാതിപ്പെട്ടു.
ദ്വീപുകാര്‍ക്ക് അറയ്ക്കല്‍ രാജവംശത്തോടുള്ള അപ്രീതി മനസിലാക്കിയ ടിപ്പുസുല്‍ത്താന്‍ അറയ്ക്കല്‍ ബീവിയുമായി ഉണ്ടാക്കിയ കരാര്‍ പ്രകാരം അമിനി ദ്വീപ് സ്വന്തം അധികാരത്തില്‍ കൊണ്ട് വരികയും പകരം ചിറയ്ക്കലിന്റെ ഉടമസ്ഥതയി ലുണ്ടായിരുന്ന കുറച്ചു പ്രദേശങ്ങള്‍ ബീവിയ്ക്ക് നല്‍കുകയും ചെയ്യ്തു.
1799-ല്‍ ടിപ്പുവിനെ പരാജയപ്പെടുത്തി അധികാരങ്ങളെല്ലാം ഈസ്റ്റ് ഇന്ത്യാ കമ്പനി ഏറ്റെടുത്തു. ഇതോടെ ലക്ഷദ്വീപുകളും അവരുടെ കൈവശമായി.
1847-ല്‍ ലക്ഷദ്വീപുകളില്‍ അതിശക്തമായ പ്രകൃതിക്ഷോഭം ഉണ്ടായി. അന്ത്രോത്ത് ദ്വീപിലെ നഷ്ടം വിലയിരുത്താനും ദുരിതാശ്വാസം വിതരണം ചെയ്യാനും അറയ്ക്കല്‍ ബീവി തീരുമാനിച്ചു. ഈ അവസരം മുതലാക്കാനായി സര്‍ വില്യo റോബിന്‍സണ്‍ എന്ന കമ്പനി ഉദ്യോഗസ്ഥനും ദ്വീപിലേക്ക് ചെന്നു. തനിക്ക് നികത്താനാവുന്നതിലധികമാണ് ദ്വീപുനിവാസികള്‍ക്ക് ഉണ്ടായിരിക്കുന്ന നഷ്ടമെന്ന് അറയ്ക്കല്‍ ബീവി മനസിലാക്കി. ഇതു റോബിന്‍സണും അറിഞ്ഞു. ദ്വീപ് പുനര്‍നിര്‍മാണത്തിനായി സര്‍ വില്യം ബീവിയ്ക്ക് ഒരു വായ്പ വാഗ്ദാനം ചെയ്തു. വായ്പയുടെ പലിശ ക്രമാതീതമായി വര്‍ധിച്ച് ബീവിയ്ക്ക് തുക തിരിച്ചടയ്ക്കാന്‍ കഴിയാത്ത സ്ഥിതിയായി, കടത്തില്‍ മുങ്ങിക്കഴിഞ്ഞിരുന്ന ബീവിക്ക് ആവശ്യത്തിനുള്ള പണമോ തോണികളോ ഉണ്ടായിരുന്നില്ല, നിവൃത്തിയില്ലാതെ 1854-ല്‍ അറയ്ക്കല്‍ ബീവി ദ്വീപുകളുടെ പൂര്‍ണ അവകാശം ബ്രിട്ടീഷുകാര്‍ക്ക് വിട്ടുകൊടുത്തു.
നാട്ടുരാജാക്കന്മാരെ കബളിപ്പിച്ചു ഭൂമി സ്വന്തമാക്കുന്ന ബ്രിട്ടീഷ് രീതിക്ക് ഉത്തമ ഉദാഹരണമായിരുന്നു ലക്ഷദ്വീപിലും സംഭവിച്ചത്.
ബ്രിട്ടീഷുകാര്‍ക്ക് ഒരിക്കലും ദ്വീപിലെ ഭരണത്തിലോ അവിടത്തെ ജനങ്ങളുടെ കാര്യത്തിലോ താത്പര്യമുണ്ടായിരുന്നില്ല, ദ്വീപിലെ വിഭവങ്ങള്‍ പരമാവധി ചൂഷ്ണം ചെയ്യുക മാത്രമായിരുന്നു അവരുടെ ലക്‌ഷ്യം. പ്രത്യേകിച്ച് കയര്‍, അത് ബ്രിട്ടീഷുകാര്‍ക്ക് ഏറെ ആവശ്യമുള്ള വസ്തുവായിരുന്നു. എന്നാല്‍ നേരിട്ട് ലക്ഷദ്വീപുകളിലെ വിഭവങ്ങള്‍ ചൂഷണം ചെയ്യുന്നത്. ചീത്തപ്പേര് ഉണ്ടാക്കുമെന്നതിനാല്‍ 1861-ല്‍ ദ്വീപുഭരണം അവര്‍ അറയ്ക്കല്‍ ബീവിക്ക് തന്നെ വിട്ടുകൊടുത്തു. എന്നാല്‍ കപ്പവും കുടിശ്ശികയും മുടങ്ങി എന്ന പേരില്‍ 1905-ല്‍ ദ്വീപിന്‍റെ സര്‍വ അവകാശവും ബ്രിട്ടീഷുകാര്‍ ബീവിയില്‍നിന്ന് എഴുതി വാങ്ങി. ഇപ്രകാരം ലക്ഷദ്വീപ് ബ്രിട്ടീഷ് ഇന്ത്യയുടെ ഭാഗമായിത്തീര്‍ന്നു. പിന്നീട് ഇന്ത്യ സ്വാതന്ത്ര്യം നേടിയപ്പോള്‍ ലക്ഷദ്വീപും സ്വാതന്ത്യം ലഭിച്ച് ഇന്ത്യാ മഹാരാജ്യത്തിന്‍റെ ഭാഗമായിത്തീര്‍ന്നു.
ലക്ഷദ്വീപസമൂഹം ഇന്ന് ഇന്ത്യയുടെ തന്ത്രപ്രധാനമായ ഒരു പ്രദേശമാണ്.