സ്പ്രിംഗ് മുയല്‍
കങ്കാരുവിനെപ്പോലെ ചാടിച്ചാടി നടക്കുന്ന മുയല്‍! അതാണ് സ്പ്രിംഗ് ഹെയര്‍. ഒറ്റനോട്ടത്തില്‍ വലിപ്പം കുറഞ്ഞ കങ്കരുവാണെന്നെ തോന്നൂ. എന്നാല്‍ കങ്കാരുവുമായി ഒരു ബന്ധവുമില്ലാത്ത ഒറ്റപ്പെട്ട ജീവിവര്‍ഗ്ഗം ആണിവ.
തെക്കേ ആഫ്രിക്കയിലും കിഴക്കനാഫ്രിക്കയിലുമുള്ള വിശാലമായ മൈതാനങ്ങളില്‍ രാത്രികാലത്ത് ഇവ ചാടിച്ചാടി നടക്കുന്നത് കാണാം. സാധാരണയായി മാളങ്ങളില്‍ നിന്ന് അധികദൂരം പോകാറില്ല എങ്കിലും വേനല്‍കാലത്ത് വെള്ളം അന്വേഷിച്ചു നാല്‍പത് കിലോമീറ്റര്‍ വരെ സഞ്ചരിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്. അപാരമായ കാഴ്ച ശക്തിയും കേള്‍വിശക്തിയും ഇവയ്ക്കുണ്ട്. മണം പിടിക്കുന്ന കാര്യത്തിലും ഇവ മുന്‍പന്തിയില്‍ തന്നെ. ഈ കഴിവുകളെല്ലാം ഉപയോഗിച്ചാണ് അവ എണ്ണമറ്റ ശത്രുക്കളില്‍ നിന്ന് ജീവന്‍ രക്ഷിക്കുന്നത്. കാട്ടുപൂച്ച, കുറുക്കന്‍, കഴുതപ്പുലി, സിംഹം,പുലി, പരുന്ത്,തുടങ്ങി കാട്ടിലെ വേട്ടക്കാരെല്ലാം സ്പ്രിംഗ് മുയലിന്റെ ശത്രുക്കളാണ്.
പുല്‍മൈതാനങ്ങളും മണല്‍ പ്രദേശങ്ങളും ആണ് ഇവയുടെ പ്രിയപ്പെട്ട വാസസ്ഥലങ്ങള്‍. സസ്യങ്ങളും കൂമ്പും പുല്ലുമാണ് പ്രധാന ആഹാരം.
സ്പ്രിംഗ് മുയലുകള്‍ ഒന്നരയടി വരെ വലിപ്പം വയ്ക്കാറുണ്ട്. ഏറ്റവും വലിയവയ്ക്ക് നാല് കിലോയോളം തൂക്കം കാണും.
നൂറു ദിവസം കൂടുമ്പോള്‍ പെണ്‍സ്പ്രിംഗ് മുയലുകള്‍ 4 കുഞ്ഞുങ്ങളെ വരെ പ്രസവിക്കും.ഒരു വര്‍ഷം കൊണ്ട് കുഞ്ഞുങ്ങള്‍ പൂര്‍ണ്ണവളര്‍ച്ചയെത്തുന്നു. 10 വര്‍ഷമാണ് ഇവയുടെ കൂടിയ ആയുസ്സ്.