കുരങ്ങു വീരന്‍ വെര്‍വെറ്റ്
ആഫ്രിക്കയില്‍ കാണുന്ന കുരങ്ങന്മാരാണ് വെര്‍വെറ്റുകള്‍. സംഘമായാണ് വെര്‍വെറ്റുകള്‍ ജീവിക്കുന്നത്. ഒരു സംഘത്തില്‍ അമ്പത് പേര്‍ വരെയുണ്ടാകും.
പല തരത്തിലുള്ള ശബ്ദങ്ങളുണ്ടാക്കുന്നതില്‍ വിദഗ്ധരാണ് വെര്‍വെറ്റുകള്‍. മുന്നറിയിപ്പിനും ദേഷ്യത്തിനും സങ്കടത്തിനുമൊക്കെ പ്രത്യേകം ശബ്ദങ്ങളുണ്ട്. ശത്രുവിനെ കണ്ടാല്‍ മുന്നറിയിപ്പ് ശബ്ദം പുറപ്പെടുവിച്ച് ഇവ മരച്ചില്ലകള്‍ക്കിടയിലേക്ക് പായും. ഓരോ ശത്രുവിനുമനുസരിച്ച് ഓരോ ശബ്ദമാണ് ഉണ്ടാക്കുക. പാമ്പിനെയാണ് കാണുന്നതെങ്കില്‍ ഒരു പ്രത്യേക തരം ശബ്ദമുണ്ടാക്കും. ആ ശബ്ദം കേട്ടാല്‍ മറ്റു കുരങ്ങുകള്‍ മരത്തില്‍ തല കീഴായി തൂങ്ങിക്കിടന്ന് പാമ്പുണ്ടെന്നു സംശയിക്കുന്ന സ്ഥലത്ത് സൂക്ഷ്മനിരീക്ഷണം നടത്തും! പുലി കണ്ണില്‍പ്പെട്ടാല്‍ ഇവയുണ്ടാക്കുന്നത് മറ്റൊരു തരം ശബ്ദമാണ്. അതു തിരിച്ചറിഞ്ഞ് മറ്റുള്ളവര്‍ മരത്തില്‍ ഒളിച്ചിരിക്കും.
വെര്‍വെറ്റുകള്‍ അധികസമയവും മരങ്ങളിലാണ് ചെലവഴിക്കുക. വല്ലപ്പോഴുമേ തറയിലേക്കു ഇറങ്ങിവരാറുള്ളൂ. ജനവാസമുള്ളിടത്ത് മനുഷ്യരോടിണങ്ങിയും വെര്‍വെറ്റുകള്‍ കഴിയുന്നു. ആഫ്രിക്കയില്‍ നഗരങ്ങളിലും ഗ്രാമങ്ങളിലുമെല്ലാം ഇവയെ കാണാം.
വെര്‍വെറ്റുകള്‍ക്ക് രണ്ടാടിയിലേറെ ഉയരം വയ്ക്കാറുണ്ട്. പരമാവധി 9 കിലോഗ്രാം ഭാരവും കണ്ടുവരുന്നു. പെണ്‍ കുരങ്ങുകള്‍ വര്‍ഷത്തില്‍ ഒരു കുഞ്ഞിനെ പ്രസവിക്കും. 30 വര്‍ഷമാണ് കൂടിയ ആയുസ്സ്. തെക്കുകിഴക്കന്‍ ആഫ്രിക്കയില്‍ ധാരാളമായി കാണപ്പെടുന്നു.