വിഷം ചീറ്റും മൂര്‍ഖന്‍
ശത്രുവിന്റെ കണ്ണിലേക്ക് വിഷം ചീറ്റുന്ന മൂര്‍ഖന്‍ പമ്പ് ! ആറടി ദൂരത്തേക്ക് അവയുടെ വായില്‍ നിന്ന് വിഷം ചീറ്റിത്തെറിക്കും. അത് കണ്ണില്‍ വീണാല്‍ കാഴ്ചശക്തി നഷ്ടപ്പെട്ടതു തന്നെ . ആഫ്രിക്കയുടെ കിഴക്കുഭാഗത്തും മധ്യഭാഗത്തും തെക്കന്‍ ഈജിപ്റ്റിലും വടക്കന്‍ ടാന്‍സാനിയായിലും കാണപ്പെടുന്ന ഉഗ്രവിഷമുള്ള പാമ്പുകളാണ് സ്പിറ്റിംഗ് കോബ്ര. ആക്രമിക്കാനടുക്കുന്ന ശത്രുവിന്റെ കണ്ണിനു നേരെ തലയുയര്‍ത്തിപ്പിടിച്ചാണ് അവ വിഷം ചീറ്റുന്നത്. മനുഷ്യനെ വരെ അപകടപ്പെടുത്താന്‍ അവയ്ക്കാകും. എന്നാലും അവ അത്ര ആക്രമണകാരികളല്ല. ശത്രുവിന് നേരെ വിഷം ചീറ്റിക്കഴിഞ്ഞു അവ ഓടി രക്ഷപ്പെടും. ഇരയെ മാത്രം വിഷപ്പല്ലുകൊണ്ട് കടിച്ചു കൊന്ന് ശാപ്പിടും. സ്പിറ്റിംഗ് കോബ്ര പല നിറങ്ങളിലുണ്ട്. ചുവപ്പ്, മഞ്ഞ,പിങ്ക് നിറക്കാര്‍ ധാരാളമുണ്ട്. ചാരനിറക്കാരെയും കണ്ടുവരുന്നു. ഇവ പൊതുവേ രാത്രിയിലാണ് ഇരതേടുന്നത്. പകല്‍ ചിതല്‍പ്പുറ്റുകളിലോ, ചവറുകള്‍ക്കിടയിലോ പഴയ മരത്തടിക്കുള്ളിലോ കഴിച്ചുകൂട്ടും.
ഉഭയ ജീവികള്‍,ചെറിയ സസ്തനികള്‍,ഉരഗങ്ങള്‍,പക്ഷികള്‍,അവയുടെ മുട്ട ഇവയൊക്കെയാണ് വിഷം ചീറ്റും മൂര്‍ഖന്റെ പ്രധാന ഇര. രണ്ടേകാല്‍ അടി മുതല്‍ അഞ്ചടി വരെ നീളം വയ്ക്കും. ഒരു പ്രാവശ്യം പെണ്‍പാമ്പ് 15 മുട്ടകള്‍ വരെ ഇടുന്നു.
വിഷം ചീറ്റും മൂര്‍ഖന്‍ ഇരുപതു വര്‍ഷത്തോളം ജീവിച്ചിരിക്കും. പുല്‍മേടുകളാണ് ഇവയുടെ ഇഷ്ടപെട്ട താമസ സ്ഥലം.