വിഷം ചീറ്റും ഫയര്‍ സലമാണ്ടര്‍
ആറടി ദൂരെ നില്‍ക്കുന്ന ശത്രുവിന്റെ ദേഹത്തേക്ക് വിഷം തെറിപ്പിക്കാന്‍ സാധിക്കുന്ന വീരന്‍! അതാണ് ഫയര്‍ സലമാണ്ടര്‍. ഫയര്‍ സലമാണ്ടറിന്റെ വാല്‍ഭാഗത്തു നിന്നാണ് വിഷം ചീറ്റിത്തെറിക്കുക. അതിലൊരു തുള്ളി മുഖത്തു വീണാല്‍ മതി ചെറിയ ജീവികള്‍ ശ്വാസം മുട്ടി മരിക്കാന്‍. വലിയ ജീവികള്‍ക്കാണെങ്കില്‍ വിഷം വീഴുന്നിടത്ത് ചൊറിച്ചിലും വേദനയും തടിപ്പുമൊക്കെ ഉണ്ടാകും. ഈ വിഷപ്രയോഗം ഏറ്റാല്‍ വലിയ ജീവികള്‍ തിരിഞ്ഞോടും. വിഷമേറ്റ് ശ്വാസം മുട്ടിചാകുന്ന ചെറുജീവികളെ ഫയര്‍ സലമാണ്ടര്‍ ശാപ്പിടുകയും ചെയ്യും! ശത്രുക്കളെ ഓടിക്കാനും ഇര പിടിക്കാനും ഒരേ വിദ്യ. ഫയര്‍ സലമാണ്ടര്‍ മോശക്കാരല്ല, അല്ലെ!
കാഴ്ചയ്ക്കും ഭയങ്കരന്മാരാണ് ഫയര്‍ സലമാണ്ടറുകള്‍. തിളങ്ങുന്ന കറുപ്പു നിറവും മഞ്ഞപ്പുള്ളികളും അവയുടെ പ്രത്യേകതയാണ്. ശരീരത്തില്‍ വിഷമുണ്ടെന്നതിന്റെ സൂചന ഈ കടുത്ത നിറങ്ങള്‍ ശത്രുക്കള്‍ക്ക് നല്‍കുന്നു. അത് തിരിച്ചറിയുന്ന ശത്രുക്കള്‍ ഇവയെ കണ്ടാല്‍ വഴി മാറി നടക്കും ! ഫയര്‍ സലമാണ്ടറുകളുടെ ശരീരത്തിനടിവശത്ത് ചാരനിറമാണ്. അവിടെ പുള്ളികളും കുറച്ചേയുള്ളൂ.
ഫയര്‍ സലമാണ്ടറിന്റെ വാല്‍ഭാഗത്താണ് വിഷഗ്രന്ധികള്‍ ഉള്ളത്. അവയ്ക്ക് ചുറ്റും പ്രത്യേക പേശികളും കാണപ്പെടുന്നു. ഈ പേശികള്‍ ചുരുങ്ങുമ്പോഴാണ് വിഷഗ്രന്ധിയില്‍ നിന്ന് വിഷം പുറത്തേക്ക് ചീറ്റുന്നത്/
അരയടിയോളം നീളമുണ്ടാകും ഫയര്‍ സലമാണ്ടറുകള്‍ക്ക്. പെണ്‍ സലമാണ്ടറുകള്‍ക്ക് ആണുങ്ങളെക്കാള്‍ വലിപ്പം കൂടുതലാണ്. ഒരു സമയം പത്തു മുതല്‍ നാല്പത് കുഞ്ഞുങ്ങള്‍ക്കു വരെ ഇവ ജന്മം നല്‍കും. അവയെ എല്ലാം ഒന്നിച്ച് ശരീരത്തില്‍ ചുമന്നു നടക്കുകയും ചെയ്യും. ജനിക്കുമ്പോള്‍ കുഞ്ഞുങ്ങള്‍ക്ക് കാലുകള്‍ വളര്‍ന്നിട്ടുണ്ടാകുമെങ്കിലും പൂര്‍ണ്ണ വളര്‍ച്ച കാണില്ല. ശ്വസിക്കാന്‍ ചെകിളകള്‍ ഉണ്ടാകും. രണ്ടു മുതല്‍ മൂന്ന് മാസം കൊണ്ട് കുഞ്ഞുങ്ങള്‍ക്ക് പ്രായ പൂര്‍ത്തിയെത്തും.
രാത്രിയാണ് ഫയര്‍ സലമാണ്ടര്‍ ഇര തേടിയിറങ്ങുന്നത്. പഴുതാര, പ്രാണികള്‍, ഒച്ച്, പുഴു, വണ്ട് തുടങ്ങിയവയാണ് ഫയര്‍ സലമാണ്ടറുകളുടെ പ്രധാന ഇരകള്‍. കാട്ടുപ്രദേശത്തും കുന്നുകളിലും പര്‍വ്വതങ്ങളിലുമൊക്കെ ഫയര്‍ സലമാണ്ടറുകള്‍ താമസിക്കുന്നു. എവിടെയായാലും താമസസ്ഥലത്തുനിന്നു അധികം അകലെയല്ലാതെ ജലാശയമുണ്ടാകും.
ആഫ്രിക്കയുടെ മധ്യ കിഴക്കുഭാഗത്തും വടക്കുപടിഞ്ഞാറന്‍ പ്രദേശത്തും സലമാണ്ടറുകളെ ധാരാളമായി കണ്ടുവരുന്നു. കൂടാതെ മധ്യ,തെക്കന്‍ യൂറോപ്പിലും അവയുണ്ട്. ഇപ്പോള്‍ വംശനാശഭീഷണിയൊന്നും നേരിടുന്നില്ല.
20 വയസ്സാണ് ഫയര്‍ സലമാണ്ടറിന്റെ കൂടിയ പ്രായം. ശാസ്ത്രനാമം- Salamandra Salamandra