ആഫ്രിക്കന്‍ ബുള്‍ ഫ്രോഗ്
വേനല്‍ക്കാലമായാല്‍ ശരീരത്തിന് ചുറ്റും കൊക്കൂണ്‍ എന്ന് വിളിക്കുന്ന ആവരണമുണ്ടാക്കുന്ന തവളയാണ് ആഫ്രിക്കന്‍ ബുള്‍ ഫ്രോഗ്. കൊടും ചൂടില്‍ നിന്ന് രക്ഷനേടാനാണ് ആഫ്രിക്കന്‍ ബുള്‍ ഫ്രോഗിന്റെ ഈ വിദ്യ. ഒറ്റ നോട്ടത്തില്‍ പ്ലാസ്റ്റിക് ഫിലിം പോലിരിക്കും ബുള്‍ ഫ്രോഗിന്റെ കൊക്കൂണ്‍. കൊക്കൂണിനകത്ത് മൂന്ന് മാസം വരെ അവ സുഖമായി കഴിഞ്ഞു കൂടും. ശരീരത്തിലെ ഈര്‍പ്പം മാത്രം മതി ആ സമയത്ത് ജീവന്‍ നിലനിര്‍ത്താന്‍. മഴപെയ്യാന്‍ തുടങ്ങുമ്പോള്‍ കൊക്കൂണ്‍ മൃദുവായി വരും. ഒടുവില്‍ അത് താനെ പൊട്ടി തവള പുറത്തു വരുന്നു. പുറത്തു വന്നാലുടനെ അവ കൊക്കൂണ്‍ ശാപ്പിടും !
കെട്ടികിടക്കുന്ന വെള്ളത്തില്‍ പെണ്‍തവളകള്‍ ഒരു പ്രാവശ്യം നാലായിരം മുട്ടകള്‍ വരെ ഇടും! അത്തരം വെള്ളക്കുഴികളില്‍ മുട്ട സംരക്ഷിക്കുന്നത് ആണ്‍ തവളകളാണ്. ശത്രുക്കളെ തുരത്താന്‍ മേല്‍ത്താടിയില്‍ കൂര്‍ത്ത പല്ലുകള്‍ അവയ്ക്കുണ്ട്. മുള്ള് പോലുള്ള ഒരു സൂത്രം ഇവയുടെ കീഴ്ത്താടിയിലും കാണാം. ശത്രുക്കളെ കുത്തിയോടിക്കാന്‍ അത് ഉപയോഗിക്കുന്നു. മുട്ട വിരിഞ്ഞുണ്ടാകുന്ന കുഞ്ഞുങ്ങളുടെ സംരക്ഷണചുമതലയും അച്ഛന്‍തവളയ്ക്ക് തന്നെ. താമസിക്കുന്നിടത്തെ വെള്ളം വറ്റുമെന്ന് കണ്ടാല്‍ ആണ്‍ തവളകള്‍ വെള്ളമുള്ള സ്ഥലത്തേക്ക് കുഴിയുണ്ടാക്കി കുഞ്ഞുങ്ങളെ രക്ഷിക്കാറുണ്ട്.
മധ്യ ആഫ്രിക്കയാണ് ബുള്‍ ഫ്രോഗിന്റെ നാട്. എട്ടിഞ്ച് നീളവും രണ്ടു കിലോഗ്രാം ഭാരവും അവയ്ക്കുണ്ടാകും. രണ്ടു വര്‍ഷം കൊണ്ട് കുഞ്ഞുങ്ങള്‍ പ്രായപൂര്‍ത്തിയെത്തും. അപ്പോള്‍ ശരീരത്തില്‍ വരകള്‍ പ്രത്യക്ഷപ്പെടും. എന്നാല്‍ വളരുന്തോറും വരകള്‍ മങ്ങി ഇല്ലാതാകും. ആയുസ്സ് 20 വര്‍ഷത്തിലേറെയാണെന്ന് കണക്കാക്കപ്പെടുന്നു.