EncyclopediaWild Life

കൊമ്പന്‍ വാര്‍ട്ട് ഹോഗ്

വലിയ തല, രണ്ടു കൊമ്പുകള്‍,തലയുടെ ഇരുവശങ്ങളിലും കണ്ണുകള്‍ക്ക്‌ മുന്നിലും ചെറിയ മുഴകള്‍. ആഫ്രിക്കയില്‍ ധാരാളമായി കണ്ടുവരുന്ന വാര്‍ട്ട് ഹോഗുകളെക്കുറിച്ചാണ് പറഞ്ഞു വരുന്നത്.

         ആണ്‍ വാര്‍ട്ട് ഹോഗിന്റെ കൊമ്പിന് രണ്ടടി നീളമുണ്ടാകും. പെണ്‍ വാര്‍ട്ട് ഹോഗിന്റെ കൊമ്പു ചെറുതാണ്. ശത്രുക്കളെ നേരിടാനുള്ള മുഖ്യ ആയുധം ഈ കൊമ്പുകളാണ്.

മനുഷ്യര്‍ ആക്രമിക്കാന്‍ സാധ്യതയില്ലാത്തിടത്തെല്ലാം ഇവ പകല്‍ സമയത്ത് ഇര തേടുന്നു. മനുഷ്യ വാസം ഉള്ളിടത്തു മാത്രം രാത്രിയില്‍ തീറ്റ അന്വേഷിച്ചു പുറത്തിറങ്ങും. പുല്ലും വേരുകളും പഴങ്ങളുമാണ്‌ പ്രധാന തീറ്റ. അപൂര്‍വ്വമായി ചത്ത ജന്തുക്കളെയും തിന്നാറുണ്ട്.

 കുഞ്ഞുങ്ങളെ വളര്‍ത്തുമ്പോഴും രാത്രിയില്‍ ഉറങ്ങുമ്പോഴും ഇവ മാളങ്ങളില്‍ അഭയം തേടുന്നു. മറ്റു ജീവികളുടെ മാളങ്ങള്‍ അതിനായി സ്വന്തമാക്കും.

കഴുതപ്പുലികളും സിംഹങ്ങളും ഒക്കെയാണ് ഇവയുടെ പ്രധാനശത്രുക്കള്‍. ശത്രുക്കള്‍ ആക്രമിക്കുമ്പോള്‍ വാര്‍ട്ട് ഹോഗുകള്‍ പിന്നോട്ട് നടന്നുകൊണ്ട് തൊട്ടടുത്തു കാണുന്ന മാളത്തിലേക്ക് കയറും. ശത്രു  അടുത്തു വന്നാല്‍ കൊമ്പുകൊണ്ട് നേരിടാനാണ് മാളത്തില്‍ ഇങ്ങനെ കയറുന്നത്! നാല് മുതല്‍ 16 പേര്‍ വരെയുള്ള സംഘങ്ങളായി അവയെ കണ്ടുവരുന്നു.

  5 അടി നീളവും 150 കിലോഗ്രാം വരെ തൂക്കവും ഇവയ്ക്കുണ്ടാകും. മൃഗശാലകളില്‍ 18 വര്‍ഷം വരെ ജീവിക്കാറുണ്ട്.