EncyclopediaWild Life

പുള്ളിയുള്ള കഴുതപ്പുലി

വലിയ കൂട്ടങ്ങളായി കഴിയുന്നവരാണ് സ്പോട്ടഡ് ഹയേന എന്ന വിഭാഗം കഴുതപ്പുലികള്‍. പെണ്‍കഴുതപ്പുലികളാണ് ആണ്‍ കഴുതപ്പുളികളെക്കാള്‍ വലിയ പരാക്രമശാലികള്‍. ശത്രുക്കളെ തുരത്താന്‍ മിടുമിടുക്കികളാണ് അവര്‍. നല്ല കൂട്ടുകാരെ കിട്ടാന്‍ പെണ്‍പുലികള്‍ തമ്മില്‍ പൊരുതാറുണ്ട്.! കഴുതപ്പുലിക്കൂട്ടത്തിന്റെ നേതൃത്വവും പെണ്‍പുലികള്‍ക്കാണ്.

 വലിയ ശബ്ദമുണ്ടാക്കാന്‍ കഴുതപ്പുലികള്‍ക്ക് കഴിയും. തീറ്റയുള്ള സ്ഥലം കൂട്ടുകാരെ അറിയിക്കാനാണ് ചിരിപോലെ തോന്നുന്ന അവയുടെ ഓരിയിടല്‍. ഈ ശബ്ദം അഞ്ചു കിലോമീറ്റര്‍ ദൂരത്തില്‍ വരെ മുഴങ്ങി കേള്‍ക്കും. മാനുകളേയും പോത്തുകളെയും സീബ്രകളെയും അവ കൂട്ടത്തോടെ വേട്ടയാടാറുണ്ട്. ചത്തു കിടക്കുന്ന വലിയ മൃഗങ്ങളുടെ ഇറച്ചിയും ശാപ്പിടും. അവയുടെ എല്ലും പല്ലും കുളമ്പും കൊമ്പും വരെ അകത്താക്കുമെങ്കിലും ദഹിക്കാത്ത വസ്തുക്കളെല്ലാം തുപ്പിക്കളയും. സസ്തനികളില്‍ ഈ പ്രത്യേകത ഇത്തരം കഴുതപ്പുലികള്‍ക്ക് മാത്രമേയുള്ളൂ!

അമ്മമാര്‍ ഓരോ തവണയും ഒന്നോ രണ്ടോ കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കുന്നു. ഒരു കൂട്ടത്തിലെ എല്ലാ അമ്മമാരും ഒന്നിച്ചാണ് കുഞ്ഞുങ്ങളെ പോറ്റുന്നത്. കുഞ്ഞുങ്ങള്‍ക്കായി പ്രത്യേക മാളങ്ങള്‍ തയാറാക്കും. അതിലേക്കു കടക്കാന്‍ കുഞ്ഞുങ്ങള്‍ക്ക് മാത്രമേ കഴിയൂ! ഒന്ന് രണ്ടു മുതിര്‍ന്നവര്‍ മാളത്തിനു സദാസമയം കാവല്‍ നില്‍ക്കുകയും ചെയ്യും. പരസ്പരം കാര്യങ്ങള്‍ അറിയിക്കുന്നതിന് ചില പ്രത്യേക വിദ്യകള്‍ കഴുതപ്പുലികള്‍ക്കുണ്ട്.അവ പ്രത്യേക ഗന്ധം പുറപ്പെടുവിച്ചും പ്രത്യേക രീതിയില്‍ ശരീരം ചലിപ്പിച്ചും കാര്യങ്ങള്‍ അറിയിക്കുന്നു.

മരങ്ങള്‍ നിറഞ്ഞ പ്രദേശമാണ് കഴുതപ്പുലിക്കൂട്ടങ്ങള്‍  താമസിക്കാന്‍ തിരഞ്ഞെടുക്കുക.കാടിന്റെ അതിരും പര്‍വ്വതപ്രദേശവുമൊക്കെ അക്കൂട്ടത്തില്‍ പെടുന്നു. കഴുതപ്പുലികള്‍ക്ക് നാലടി മുതല്‍ ആറടി വരെ വലിപ്പം വയ്ക്കും. തൂക്കം 60 മുതല്‍ 80 കിലോഗ്രാം വരേയും കണ്ടു വരുന്നു.

കാട്ടില്‍ പന്ത്രണ്ടു വര്‍ഷമാണ്‌ കൂടിയ ആയുസ്സ് എങ്കിലും മൃഗശാലകളില്‍ വളര്‍ത്തുമ്പോള്‍ 2 വയസ്സ് വരെ ജീവിക്കാറുണ്ട്. ആഫ്രിക്കയില്‍ മിക്ക സ്ഥലങ്ങളിലും കാണപ്പെടുന്നുണ്ടെങ്കിലും ഇവയുടെ എണ്ണം കുറഞ്ഞുവരികയാണ്.