EncyclopediaWild Life

ഒളിക്കാന്‍ വിരുതന്‍ ഒകാപി

ബ്രിട്ടീഷ് സഞ്ചാരിയായ സര്‍ ഹാരി ഹാമില്‍ട്ടണ്‍ ജോണ്‍സ്റ്റണ്‍ ഒരിക്കലൊരു വിചിത്ര ജീവിയെ കണ്ടെത്തി. നാലുകാലിലും മുട്ടുവരെ വെളുപ്പുനിറം. അതിനു മുകളിലേക്ക് സീബ്രയുടെതുപോലെ കറുപ്പും വെളുപ്പും വരകള്‍. വലിയ കഴുതച്ചെവികള്‍. ചെവിക്കു മുന്നില്‍ ചെറിയ കൊമ്പുകള്‍. ജിറാഫിന്റെ കൊമ്പുകളുടെ അതെ ആകൃതി! അതിന്റെ മുക്കാല്‍ ഭാഗത്തോളം രോമം മൂടിയിരിക്കുന്നു. വെറും 110 വര്‍ഷങ്ങള്‍ക്കു മുമ്പാണ് ഹാമില്‍ട്ടണ്‍ ഈ വിചിത്ര ജീവിയെ കണ്ടെത്തിയത്. അദ്ദേഹം ശാസ്ത്രലോകത്തിനു പരിചയപ്പെടുത്തിയ അവയിന്ന് ഒകാപി എന്ന പേരില്‍ അറിയപ്പെടുന്നു.

       ആഫ്രിക്കയില്‍ കിഴക്കന്‍ കോംഗോയിലെ ഇടതൂര്‍ന്ന കാടുകളില്‍ മാത്രമേ ഒകാപികള്‍ ഉള്ളു. ജിറാഫിന്റെ ബന്ധുക്കളാണ് ഇവ. പക്ഷെ ഉയരം ജിറാഫിന്റെ അത്ര വരില്ല! എങ്കിലും മറ്റു ജീവികളെ അപേക്ഷിച്ചു നീണ്ട കഴുത്തും നീളന്‍ കാലുകളും ഉണ്ട്. കണ്ണു വരെ നീട്ടാവുന്ന നാക്കും ഇവയുടെ പ്രത്യേകതയാണ്. ഏഴടി പൊക്കക്കാരായ ഒകാപിക്ക് മുന്നൂറു കിലോ വരെ ഭാരവുമുണ്ടാകും. ഇലകളും ചില്ലകളും പഴങ്ങളുമാണ്‌ പ്രധാന ആഹാരം.

   ഒകാപികള്‍ക്ക് ഒറ്റയ്ക്ക് കഴിയാനാണ് കൂടുതലിഷ്ടം. അപൂര്‍വ്വമായി ജോടികളായും കാണപ്പെടുന്നു. ശത്രുക്കളുടെ സൂചന കിട്ടിയാല്‍ കൊടുങ്കാടിനുള്ളിലേക്ക് ഇവ ഓടിമറയും. പ്രത്യേക ശബ്ദം പുറപ്പെടുവിച്ചാണ് ഇവ പരസ്പരം സന്ദേശങ്ങള്‍ കൈമാറുന്നത്. രാത്രിയിലാണ് ഒകാപികള്‍ തീറ്റയന്വേഷിച്ച് നടക്കുന്നത്.

    പെണ്‍ ഒകാപികള്‍ക്ക് ആണ് ആണുങ്ങളെക്കാള്‍ വലിപ്പം. മുതിര്‍ന്നവരെ പോലെ ശരീരത്തില്‍ വരകളും പുള്ളികളുമായാണ് ഒകാപിക്കുഞ്ഞു ജനിക്കുന്നത്. പ്രയപൂര്‍ത്തിയാകാന്‍ ഒന്നരവര്‍ഷമെടുക്കും. മുപ്പതു വയസ്സാണ് ഒകാപികളുടെ കൂടിയ പ്രായം.

 മാംസത്തിനും ത്വക്കിനും വേണ്ടി മനുഷ്യര്‍ ഒകാപികളെ വന്‍തോതില്‍ വേട്ടയാടുന്നു. അതിനാല്‍ വംശനാശ ഭീഷണി നേരിടുന്ന കൂട്ടരാണ് ഇവ. നിരവധി മൃഗശാലകളില്‍ അവയെ പരിപാലിച്ചു വളര്‍ത്തുന്നുണ്ട്.