കരുത്തന്‍ നൈല്‍ മുതല
കിട്ടുന്നതെന്തും കടിച്ചുകീറാന്‍ പറ്റിയ കരുത്തുള്ള മേല്‍ത്താടിയും കീഴ്ത്താടിയും. ഏതു വമ്പനെയും അടിച്ചു വീഴ്ത്താന്‍ പോന്ന ശക്തമായ വാല്‍. കണ്ണ് തുറന്നടയ്ക്കുന്ന നേരം കൊണ്ട് വെട്ടിത്തിരിയാനുള്ള കഴിവ്. ‘കില്ലിംഗ് മെഷീന്‍’ എന്ന് വിശേഷിപ്പിക്കുന്ന നൈല്‍ മുതലയുടെ കാര്യങ്ങലാണിതെല്ലാം.
കരയില്‍ കയറി മൃഗങ്ങളെ പിടികൂടി അകത്താക്കുന്ന നൈല്‍ മുതലകള്‍ വെള്ളത്തില്‍ എത്തുന്ന പക്ഷികളെയും ഭക്ഷണമാക്കാറുണ്ട്. മത്സ്യങ്ങളെ കൂട്ടത്തോടെ ഇവ വേട്ടയാടുക. മത്സ്യങ്ങള്‍ ഒരു പ്രദേശത്തു നിന്ന് മറ്റൊരിടത്തേക്ക് ദേശാടനം ചെയ്യുന്ന സമയമായാല്‍ നൈല്‍ മുതലകള്‍ സംഘങ്ങളായി ചെന്ന് അവയെ വിരട്ടും.എന്നിട്ട് ആഴം കുറഞ്ഞ ഭാഗങ്ങളിലേക്ക് ഓടിക്കും.അവിടെയെത്തുമ്പോള്‍ കൂട്ടത്തോടെ അവയെ വളഞ്ഞു വയര്‍ നിറയെ ശാപ്പിടും. ചെറിയ മത്സ്യങ്ങളെ തിന്നുന്ന വില്ലന്മാരായ ക്യാറ്റ് ഫിഷുകളെ മുതലകള്‍ കൂടുതലായി ഇരയക്കാറുണ്ട്. അത് ചെറിയ മത്സ്യങ്ങളുടെ എണ്ണം ജലാശയങ്ങളില്‍ തീരെ കുറയാതിരിക്കാന്‍ സഹായിക്കുന്നു.
ചാരനിറത്തിലുള്ള ശല്‍ക്കങ്ങള്‍ നിറഞ്ഞതാണ് നൈല്‍ മുതലയുടെ ശരീരം.നദികളിലും ശുദ്ധജലത്തിലും കുട്ടിക്കടുകളിലുമെല്ലാം കാണപ്പെടുന്നു. ഇരുപതു അടിവരെ നീളം വയ്ക്കുന്ന വമ്പന്മാരാണ് ഇവര്‍. ഇവയുടെ കൂടിയ ഭാരം 225 കിലോഗ്രാം ആണ്.
പെണ്‍ മുതല ഒരു പ്രാവശ്യം 25 മുതല്‍ നൂറു വരെ മുട്ടകള്‍ ഇടും. കുഞ്ഞുങ്ങള്‍ക്ക് പൂര്‍ണ്ണവളര്‍ച്ചയെത്താന്‍ പത്തു വര്‍ഷമെങ്കിലും വേണം. 45 വയസ്സാണ് ഇവയുടെ കൂടിയ പ്രായം. ഈ കരുത്തന്മാരെ ആഫ്രിക്കന്‍ ഭൂഖണ്ഡത്തിലും മഡഗാസ്കര്‍ ദ്വീപിലും കാണാം.