മുട്ട തീനി പമ്പ്
പേര് സൂചിപ്പിക്കുന്നതുപോലെ മുട്ട തിന്നാന്‍ ഇഷ്ടമുള്ള പമ്പുകളാണ് കോമണ്‍ എഗ് ഈറ്റിംഗ് സ്നേക്ക്. പക്ഷിക്കൂടുകളിലെ മുട്ട കണ്ടുപിടിക്കുന്നതിലും അത് നല്ലതാണോയെന്നു പരിശോധിക്കുന്നതിലും എത്ര വലിയ മുട്ടയും വായ്‌ക്കകത്താക്കി ശാപ്പിടുന്നതിലും വിരുതന്മാരാണ് ഇവര്‍. മുട്ട തിന്നുന്നതില്‍ ഇത്ര വിദഗ്ധരായ മറ്റു പാമ്പുകള്‍ ഇല്ലായെന്ന് തന്നെ പറയാം.
പാറക്കെട്ടുകള്‍ക്കടിയിലോ മരത്തടികളുടെ മറവിലോ പകല്‍ സമയം കഴിച്ചു കൂട്ടുന്ന മുട്ടതീനി പാമ്പുകള്‍ രാത്രിയായാല്‍ പക്ഷികളുടെ കൂടുകള്‍ തേടി പുറത്തിറങ്ങും. തുന്നല്‍ക്കാരന്‍ പക്ഷികളുടെ മുട്ടയോടാണ് ഇവയ്ക്ക് ഏറെ പ്രിയം. മരം കയറി പക്ഷിയുടെ കൂട് കണ്ടുപിടിക്കാന്‍ സമര്‍ഥരാണ് മുട്ട തീനി പാമ്പുകള്‍. കൂട്ടില്‍ മുട്ടയുണ്ടെങ്കില്‍ ആദ്യം നാക്ക് നീട്ടി നക്കി നോക്കുന്നു. മുട്ട നല്ലതോ ചീത്തയോ എന്ന് മനസ്സിലാക്കാനാണ് ഇത്. നല്ലതാണെന്ന് ഉറപ്പു വരുത്തിയിട്ടേ ഇവ മുട്ട അകത്താക്കൂ. കാരണം ഒരിക്കല്‍ വായ്ക്കകത്താക്കിയ മുട്ട വിഴുങ്ങാതെ തുപ്പിക്കളയാന്‍ ഇവയ്ക്കാവില്ല. തലയുടെ മൂന്നിരട്ടി വലിപ്പമുള്ള മുട്ടവരെ വയ്ക്കകത്താക്കി വിഴുങ്ങാന്‍ മുട്ട തീനി പാമ്പുകള്‍ക്ക് പറ്റും.
മുട്ട കിട്ടിയാല്‍ മുട്ടതീനി പാമ്പുകള്‍ ആദ്യം അതില്‍ ചുറ്റി വരിയും. അങ്ങനെ ചുറ്റിപ്പിടിച്ചിട്ടു മുട്ട സാവധാനം വായ്ക്കകത്തേക്ക് തള്ളിത്തള്ളിക്കയറ്റും. വായ്ക്കകത്തായാല്‍ മുട്ട തൊണ്ടയിലേക്ക് നീങ്ങും. തൊണ്ടയ്ക്കു താഴെ പല്ലുപോലെ ഒരു സംവിധാനമുണ്ട്. മുട്ട അവിടെ എത്തുമ്പോള്‍ പാമ്പ് തലയും ശരീരവും നന്നായി ഇളക്കും. അപ്പോള്‍ അവിടെ ഞെരുങ്ങി മുട്ട പൊട്ടുന്നു. അതിനുശേഷം മുട്ടയ്ക്കുള്ളിലുള്ളതെല്ലാം വയറ്റിലേക്ക് ഒഴുകിപോകും. മുട്ടയുടെ പുറന്തോട് അമര്‍ത്തിപ്പിടിച്ചു വായിലൂടെ തുപ്പിക്കളയുകയാണ് അടുത്ത പരിപാടി ! ഈ കഴിവും പാമ്പുകളില്‍ മുട്ടതീനികള്‍ക്ക് മാത്രമായുള്ളൂ!
പച്ചക്ക് നിറഞ്ഞ പ്രദേശത്ത് കഴിയാനാണ് മുട്ടതീനി പാമ്പുകള്‍ക്ക് ഇഷ്ടം. മൂന്നടിവരെ നീളം വയ്ക്കാറുണ്ട് ഇവ. പെണ്‍പാമ്പ് ഒരു പ്രാവശ്യം 6 മുതല്‍ 25 വരെ മുട്ടകള്‍ ഇടുന്നു. മുട്ട വിരിഞ്ഞിറങ്ങുന്ന കുഞ്ഞുങ്ങള്‍ പ്രായപൂര്‍ത്തിയാകാനെടുക്കുന്ന കാലം എത്രയെന്ന് മനസ്സിലാക്കാനായിട്ടില്ല. 14 വര്‍ഷമാണ് ഇവയുടെ ആയുസ്സ്.
ആഫ്രിക്കയുടെ മധ്യഭാഗത്തും തെക്കന്‍ പ്രദേശങ്ങളിലും സഹാറമരുഭൂമിയുടെ തെക്കുഭാഗത്തും മുട്ടതീനി പാമ്പുകളെ ധാരാളമായി കണ്ടുവരുന്നു.