EncyclopediaWild Life

ആഫ്രിക്കന്‍ മുള്ളന്‍ പന്നി

മുള്ളന്‍ പന്നിയുടെ കൂട്ടത്തില്‍ ഏറ്റവും നീളം കൂടിയ മുള്ളുകളുള്ളവരാണ് ആഫ്രിക്കയിലെ കേപ്പ് മുള്ളന്‍ പന്നികള്‍. ഇവയുടെ കൂര്‍ത്ത മുള്ളുകള്‍ക്ക് നാല്പത് സെന്റീമീറ്റര്‍ നീളമുണ്ടാകും. പുറം മുതല്‍ വാല്‍ഭാഗം വരെ മുള്ളുകള്‍ ഉണ്ടാകും. ശത്രുക്കളോ അന്യജീവികളോ മാളത്തിനടുത്തെത്തിയാല്‍ ശരീരം കുലുക്കി ഇവ മുള്ളുകള്‍ അവയ്ക്ക് നേരെ തൊടുത്തുവിടും! ഈ കഴിവ് ഉള്ളതിനാല്‍ മൃഗരാജാവായ സിംഹം മുതല്‍ പരാക്രമശാലിയായ കഴുതപ്പുലി വരെ മുള്ളന്‍ പന്നിയോട് അടുക്കാറില്ല. അതുകൊണ്ട് മുള്ളന്‍ പന്നികള്‍ കാട്ടില്‍ വേട്ടമൃഗങ്ങള്‍ ധാരാളമായി പാര്‍ക്കുന്നിടത്തും മാളമുണ്ടാക്കി സുഖമായി കഴിയുന്നു !

       കഴുത്തു മുതല്‍ പുറംഭാഗം വരെ വെളുത്ത നീണ്ട രോമങ്ങളും കേപ്പ് മുള്ളന്‍ പന്നിക്കുണ്ട്.നല്ല കേള്‍വിശക്തി, മണം പിടിക്കാനുള്ള അപാരമായ കഴിവ് എന്നിവയും കേപ് മുള്ളന്‍ പന്നിയുടെ പ്രത്യേകതകളാണ്.

 മരങ്ങളുടെ വേര്, തൊലി, കൂമ്പുകള്‍, പഴങ്ങള്‍ തുടങ്ങിയവയാണ് കേപ് മുള്ളന്‍ പന്നിയുടെ മുഖ്യ ആഹാരം. മുള്ളുകളുടെ വളര്‍ച്ചയ്ക്ക് കാത്സ്യം ആവശ്യമായതിനാല്‍ വഴിയില്‍ കാണുന്ന എല്ലിന്‍കഷണങ്ങള്‍ അവ ചവച്ചരച്ച് അകത്താക്കും. കട്ടിയുള്ള എല്ല് ചവച്ചരക്കുന്നത് കൊണ്ട് മറ്റൊരു ഗുണം കൂടിയുണ്ട്; പല്ലിന്റെ മൂര്‍ച്ച കൂടും!

 ചെറു സംഘങ്ങളായാണ് മുള്ളന്‍പന്നികള്‍ മാളത്തില്‍ കഴിയുന്നത്. മുതിര്‍ന്നവരുടെ ഒന്നിലധികം ജോടികളും കുഞ്ഞുങ്ങളും ഒരു മാളത്തില്‍ ഉണ്ടാകും. ഒരു സംഘത്തില്‍ പല പ്രായത്തിലുള്ള നാല് കുഞ്ഞുങ്ങള്‍ വരെയേ ഉണ്ടാകാറുള്ളൂ. മിക്കപ്പോഴും ഒരു സംഘത്തിലെ എല്ലാവരും ഒരുമിച്ചാണ് പുറത്തിറങ്ങി സഞ്ചാരം. ഒരുമിച്ച് ആഹാരം കണ്ടെത്തി ഒരുമിച്ചു തന്നെ ശാപ്പിടുന്നു.

 മുള്ളന്‍ പന്നികള്‍ക്ക് മൂന്നേകാല്‍ അടിവരെ വരെ നീളമുണ്ടാകും. പതിനേഴ്‌ കിലോയാണ് കൂടിയ തൂക്കം. പെണ്‍ മുള്ളന്‍പന്നികള്‍ക്ക് ഒരു പ്രാവശ്യം രണ്ടു കുഞ്ഞുങ്ങള്‍ പിറക്കും. അവ പൂര്‍ണ്ണ വളര്‍ച്ചയെത്താന്‍ ഒമ്പത് മാസമെടുക്കും. ഇരുപതു വയസ്സുവരെ മുള്ളന്‍ പന്നിക്ക് ആയുസ്സുണ്ട്.

 കേപ് മുള്ളന്‍പന്നികള്‍ ആഫ്രിക്കന്‍ ഭൂഖണ്ഡത്തിലെമ്പാടും സഹാറമരുഭൂമിയുടെ തെക്കു വശത്തും ഉണ്ട്. ചില പ്രദേശങ്ങളില്‍ ഇവയുടെ എണ്ണം തീരെ കുറവാണ്.