കറുപ്പു ചെവിയന്‍ കാരക്കാല്‍
കറുത്ത ചെവികള്‍ക്ക് ടര്‍ക്കിഷ് ഭാഷയില്‍ പറയുന്ന പേരാണ് കാരക്കാല്‍. അതുകൊണ്ട് കറുത്ത ചെവികളുള്ള ഈ ജീവിക്ക് ആ പേരു കിട്ടി. പൂച്ചക്കുടുംബത്തില്‍ പെട്ട ജീവിയാണ് കാരക്കാല്‍. വാല്‍ ചെറുതായതിനാല്‍ ഡസര്‍ട്ട് ലിങ്സ് എന്നും അവ അറിയപ്പെടുന്നു. ചെറിയ വാലും ചെവിയില്‍ രോമങ്ങളുമുള്ളതിനാല്‍ കാരക്കാലിന്റെ മുതുമുത്തച്ച്ഛന്മാര്‍ തണുപ്പ് പ്രദേശങ്ങളില്‍ താമസിച്ചിരുന്നതായി ശാസ്ത്രഞ്ജര്‍ കരുതുന്നു.കൂര്‍ത്ത നീണ്ട ചെവിയില്‍ നീണ്ട രോമങ്ങളാണ് അവയ്ക്കുള്ളത്. ചെവി പ്രത്യേക രീതിയില്‍ ചലിപ്പിച്ചു കൂട്ടുകാര്‍ക്ക് അവ അപകട സൂചനകളും മറ്റും കൈമാറാറുണ്ട്.
തണുപ്പ് സഹിക്കാനുള്ള കഴിവ് രാത്രിയിലെ വേട്ടയ്ക്ക് കാരക്കാലിനെ ഏറെ സഹായിക്കുന്നു. അവ കഴിയുന്ന മരുപ്രദേശത്ത് രാത്രിയിലെ താപനില ചിലപ്പോള്‍ പൂജ്യം ഡിഗ്രി സെല്‍ഷ്യസ് വരെ താഴാറുണ്ട്. ആ കാലാവസ്ഥയിലും കണ്ണില്‍ കാണുന്ന എന്തിനെയും ഇവ വേട്ടയാടും. പാമ്പുകളും മറ്റ് ഉരഗങ്ങളും അങ്ങനെ അവയുടെ അഹരമാകാറുണ്ട്. അതുപോലെ ഒട്ടകപ്പക്ഷികളെയും ചെറിയ മാനുകളേയും മുയലിനെയും അവ ആക്രമിച്ചു കീഴ്പ്പെടുത്തി ശാപ്പിടുന്നു. ഒന്നും കിട്ടിയില്ലെങ്കില്‍ അവ ഷഡ്പദങ്ങളെ തിന്നു വിശപ്പടക്കും! രാത്രിയിലാണ് ഇരതേടല്‍.
മുള്ളന്‍ പന്നികള്‍ പോലുള്ള ജീവികളുടെ മാളങ്ങള്‍ കയ്യടക്കി അവിടെ താമസമാക്കുന്നു ഇവര്‍.
നല്ല വേഗത്തില്‍ ഓടുന്ന കൂട്ടരാണ് ഇവര്‍. ഇരയുടെ ഏതാനും മീറ്റര്‍ അകലെ വരെ പമ്മിചെന്നതിനു ശേഷം വേഗത്തില്‍ കുതിച്ചു ചാടി അവയെ പിടികൂടുന്നു. കാരക്കാലുകള്‍ക്ക് രണ്ടര അടി വരെ നീളം വയ്ക്കും. പതിനെട്ട് കിലോഗ്രാമാണ് കൂടിയ തൂക്കം.
പെണ്‍ കാരക്കാലുകള്‍ക്ക് ഓരോ വര്‍ഷവും മൂന്ന് കുഞ്ഞുങ്ങള്‍ ഉണ്ടാകുന്നു. രണ്ടു വര്‍ഷത്തോളം വേണം കുഞ്ഞുങ്ങള്‍ വളര്‍ന്നു വലുതാകാന്‍. കാരക്കാലുകള്‍ പതിനഞ്ച് വര്‍ഷത്തോളം ജീവിച്ചിരിക്കും.
ഇണക്കി വളര്‍ത്താന്‍ ബുദ്ധിമുട്ടില്ലാത്ത ഇവയെ വേട്ടപ്പൂച്ച യായും ഉപയോഗപ്പെടുത്തിയിരുന്നു.
തെക്കേ ആഫ്രിക്കയിലും സെനഗലിലും ഇന്ത്യയിലും കാരക്കാലുകളെ കണ്ടുവരുന്നു. ആഫ്രിക്കന്‍ ഭൂഖണ്ഡത്തില്‍ കാരക്കാലുകള്‍ ധാരാളമുണ്ട്. എന്നാല്‍ ഏഷ്യയിലെ കാരക്കാലുകള്‍ വംശനാശ ഭീഷണി നേരിടുന്നുണ്ട്.