BhutanCountryEncyclopedia

ഭൂട്ടാന്റെ പാട്ടും നൃത്തവും

നൂറ്റാണ്ടുകളായി നിലനില്‍ക്കുന്ന കലാരൂപങ്ങള്‍ ആണ് ഭൂട്ടാനിലേത്. മതവുമായി  ബന്ധപ്പെട്ടതും അല്ലാത്തതുമായ പാട്ടുകളും നൃത്തങ്ങളും നാടകങ്ങളും എല്ലാം ഇവിടെയുണ്ട്. നൂറ്റാണ്ടുകളായി ഇവയുടെ രൂപത്തിനും ഉള്ളടക്കത്തിനും വലിയ മാറ്റമൊന്നും വന്നിട്ടില്ല. കുറെയൊക്കെ ടിബറ്റന്‍ സ്വാധീനവും എല്ലാ കലാരൂപങ്ങളിലും കാണാം.

 ലാമമാരുടെ ഇടയില്‍ നിലവിലിരുന്ന ക്ലാസിക്കല്‍ നൃത്തരൂപമാണ്‌ ചാം. 15 ആം നൂറ്റാണ്ടിലാണത്രേ ഈ കലാരൂപം രൂപം കൊണ്ടത്.

 ജെച്ചു ഉത്സവകാലത്താണ് നൃത്തവും നാടകങ്ങളും അവതരിപ്പിക്കപ്പെടുന്നത്. ഭൂട്ടാന്റെ ചരിത്രം, പുരാണം തുടങ്ങിയവയാണ് ഇവയുടെ പ്രധാനവിഷയങ്ങള്‍.

പ്രത്യേകസില്‍ക്ക് വേഷങ്ങള്‍ ധരിച്ച്, സന്യാസിമാരും സാധാരണക്കാരും ഒന്നിച്ചാണ് നാടകം അവതരിപ്പിക്കുന്നത്. ഗുരു റീംപോച്ചെയുടെയും അതുപോലുള്ള ചരിത്ര പുരുഷന്മാരുടെയും വേഷങ്ങള്‍ നാടകത്തില്‍ അവതരിപ്പിക്കാറുണ്ട്. പുരാണകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന സമയത്ത് മൃഗങ്ങളുടെയും ദേവതകളുടെയും മുഖംമൂടിയും ഇവര്‍ അണിയുന്നു. തിന്മയുടെ മേല്‍ നന്മ നേടുന്ന വിജയമാണ് ഓരോ നാടകത്തിന്റെയും കഥ.

 ഭൂട്ടാന്‍കാരുടെ ആഘോഷങ്ങളിലും കൂട്ടായുള്ള മറ്റു പ്രവര്‍ത്തനങ്ങളിലും അവിഭാജ്യഘടകമാണ് പാട്ട്. വീടു നിര്‍മ്മിക്കുമ്പോഴും കൃഷി ചെയ്യുമ്പോഴുമെല്ലാം ഇവര്‍ പാടുന്നു. ഔദ്യോഗികവേളയിലുള്ള പാട്ടുകള്‍ക്ക് ക്ലാസിക്കല്‍ ടിബറ്റന്‍ ഭാഷയും മറ്റുള്ളവയ്ക്കു സാധാരണ സംസാരഭാഷയും ഉപയോഗിക്കുന്നു. കുഴല്‍, ശംഖ്, ചെണ്ട തുടങ്ങിയ വയാണ് ഭൂട്ടാന്‍കാരുടെ പ്രധാന സംഗീതോപകരണങ്ങള്‍.