CountryEncyclopediaHistory

സൊമാലിയ

കിഴക്കേ ആഫ്രിക്കയിൽ ആഫ്രിക്കയുടെ കൊമ്പ് എന്ന് അറിയപ്പെടുന്ന ഭൂഭാഗത്ത് സ്ഥിതിചെയ്യുന്ന രാജ്യമാണ് സൊമാലിയ. മുൻപ് സൊമാലി ഡെമോക്രാറ്റിക് റിപ്പബ്ലിക്ക് എന്നായിരുന്നു ഈ രാജ്യം അറിയപ്പെട്ടിരുന്നത്. ജിബൂട്ടി (വടക്കുപടിഞ്ഞാറ്), കെനിയ (തെക്കുപടിഞ്ഞാറ്), ഏദൻ ഉൾക്കടൽ, യെമെൻ (വടക്ക്), ഇന്ത്യൻ മഹാസമുദ്രം (കിഴക്ക്), എത്യോപ്യ (പടിഞ്ഞാറ്) എന്നിവയാണ് സൊമാലിയയുടെ അതിർത്തികൾ. ഇന്ന് സൊമാലി ഭരണകൂടം നാമമാത്രമായി മാത്രമേ നിലനിൽക്കുന്നുള്ളൂ. സൊമാലിയയ്ക്ക് അംഗീകരിക്കപ്പെട്ട ഒരു കേന്ദ്രഭരണകൂടമോ ഒരു സ്വതന്ത്ര രാഷ്ട്രവുമായി ബന്ധപ്പെടുത്താവുന്ന എന്തെങ്കിലും സ്വഭാവ വിശേഷങ്ങളോ ഇല്ല. ഐക്യരാഷ്ട്രസഭ അംഗീകരിച്ച, താൽക്കാലിക ഫെഡെറൽ സർക്കാർ (അടുത്തകാലം വരെ ബൈദോവ മാത്രമായിരുന്നു ഇവരുടെ ഭരണത്തിൻ കീഴിൽ), അംഗീകരിക്കപ്പെടാത്ത സൊമാലിലാന്റ്, പണ്ട്ലാന്റ്, എന്നിവയുടെ അധികാരം വെവ്വേറെ ഭരണകൂടങ്ങളുടെ കയ്യിലാണ്. 1991-ൽ സൊമാലിയയുടെ പ്രസിഡന്റ് ആയിരുന്ന മൊഹമെദ് സിയാദിനെ യുദ്ധപ്രഭുക്കൾ പുറത്താക്കിയതിൽ പിന്നെ സൊമാലിയയുടെ തലസ്ഥാനമായ മൊഗദിഷുവിൽ സ്ഥിരമായി അക്രമം അരങ്ങേറി. സൊമാലിയയിലെ അഭയാർത്ഥികളുടെ ദൈന്യതയാർന്ന ചിത്രങ്ങൾ ലോകശ്രദ്ധ ആകർഷിച്ചിരുന്നു.
രൂക്ഷമായ ക്ഷാമം
ഐക്യരാഷ്ട്രസഭ, 2011 സെപ്റ്റംബർ 5 തിങ്കളാഴ്ച വെളിപ്പെടുത്തിയതനുസരിച്ചു ,അറുപതു വർഷത്തിനിടയിലെ ഏറ്റവും കടുത്ത ക്ഷാമം നേരിടുന്ന സൊമാലിയയിൽ 40 ലക്ഷം പേർ പട്ടിണികൊണ്ടു വലയുന്നു.. അടിയന്തര സഹായം ലഭ്യമായില്ലെങ്കിൽ ഇവിടെ ഏഴര ലക്ഷം പേർ വൈകാതെ മരിച്ചു വീഴും. എട്ട് മാസം മുമ്പ് പട്ടിണി ബാധിതരുടെ എണ്ണം 24 ലക്ഷമായിരുന്നു. പതിനായിരങ്ങൾ മരിച്ചു. അതിൽ പാതിയും കുട്ടികളാണെന്നാണ് ഐക്യരാഷ്ട്ര സഭയുടെ ഭക്ഷ്യകാർഷികസംഘടനയുടെ കണക്ക്. രാജ്യത്തെ ആറ് മേഖലകളിൽ ഭക്ഷണം തീരെയില്ലാത്ത അവസ്ഥയാണ്. അടിയന്തര സഹായം ആവശ്യമുള്ള 40 ലക്ഷം പേരിൽ 30 ലക്ഷവും രാജ്യത്തിന്റെ തെക്കൻ മേഖലയിൽ കഴിയുന്നവരാണ്. കടുത്ത വരൾച്ചയാണ് സൊമാലിയയിലെ കൊടും വറുതിക്ക് കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. അയൽരാജ്യങ്ങളായ കെനിയ, എത്യോപ്യ, എറിത്രിയ, യുഗാണ്ട എന്നിവടങ്ങളും വരൾച്ചാ ഭീഷണിയിലാണ്. 1991-മുതൽ ഭരണസ്ഥിരതയില്ലാത്തതും വിമതരും സർക്കാർ സേനയും തമ്മിലുള്ള ഒടുങ്ങാത്ത പോരാട്ടവും ക്ഷാമബാധിതമായ സൊമാലിയയിലെ ജീവിതം അരക്ഷിതമാക്കിയിരിക്കുകയാണ്.