EncyclopediaSnakesWild Life

വെള്ളിവരയന്‍ പാമ്പ്‌

Lycodon aulicus എന്ന ശാസ്ത്രീയനാമമുള്ള വെള്ളിവരയന്‍ പാമ്പുകള്‍ക്ക് വിഷമില്ല. ഇവ പ്രധാനമായും തെക്കന്‍ ഏഷ്യയുടെ വിവിധ ഭാഗങ്ങളിലും തെക്കുകിഴക്കന്‍ ഏഷ്യന്‍ രാജ്യങ്ങളിലുമാണ് കാണപ്പെടുന്നത്. ചുവര്‍ പാമ്പ്‌, ചെന്നായ്‌ തലയന്‍ എന്നീ പേരുകളും ഇവയ്ക്കുണ്ട്.ഈ വര്‍ഗ്ഗത്തില്‍പ്പെട്ട പാമ്പുകളെ സാധാരണ കാണുമ്പോള്‍ അണലിയുമായി തെറ്റിദ്ധരിക്കപ്പെടാറുണ്ട്. എന്നാല്‍ loreal shield ഉണ്ടെന്നതാണ് അണലിയുമായി ഇതിനുള്ള വ്യത്യാസം, ഇവയ്ക്ക് പലതരത്തിലുള്ള വര്‍ണ്ണങ്ങള്‍ കാണാറുണ്ട്. അഗ്രഭാഗം നീളം കൂടിയതും പരന്നതുമാണ്. മേല്‍ച്ചുണ്ട് അല്പം വീര്‍ത്താണിരിക്കുന്നത്, കണ്ണിനുമുന്‍പില്‍ ഒരു ചെതുംബലും, കണ്ണിനുപിറകില്‍ രണ്ട് ചെതുംബലുകളും കണ്ടുവരുന്നു. ഇവയുടെ ശരീരത്തിന്‍റെ ഏതാണ്ട് മധ്യഭാഗത്തായി 17 വരി ചെതുംബലുകളും കാണാം. മേല്‍ചുണ്ടില്‍ 9 ചെതുംബലുകള്‍ ഉണ്ട്. പിന്‍ഭാഗത്ത് 183 മുതല്‍ 209 വരെ ചെതുംബലുകളും വാലിന്‍റെ അടിഭാഗത്ത് 57 മുതല്‍ 77 വരെ ചെതുംബലുകളും കണ്ടുവരുന്നു. മുന്‍വശത്ത് രണ്ട് കൂര്‍ത്ത പല്ലുകള്‍ ഉണ്ട്. പകല്‍സമയങ്ങളില്‍ വെള്ളിവരയന്‍ പാമ്പുകള്‍ അപകടകാരികളല്ല. എന്നാല്‍ രാത്രികാലങ്ങളില്‍ ഇവ ഇര പിടിക്കാന്‍ ഇറങ്ങും. പല്ലികളും തവളകളുമാണ് ഇവയുടെ ആഹാരം. ഇവയ്ക്ക് വിഷമില്ലെങ്കിലും പ്രകോപിപ്പിക്കപ്പെട്ടാല്‍ ശത്രുവിന്‍റെ ദേഹത്ത് അണപ്പല്ലുകള്‍ കൊണ്ട് കീറി മുറിവേല്‍പ്പിക്കും. പെണ്‍പാമ്പുകള്‍ ആണ്‍പാമ്പുകളെക്കാള്‍ വലുതാണ്‌. മുട്ടയിട്ടാണ് ഇവ കുഞ്ഞുങ്ങളെ ഉത്പാദിപ്പിക്കുന്നത്. ഒറ്റയടിക്ക് 4 മുതല്‍ 11 മുട്ടകള്‍ വരെ പെണ്‍പാമ്പുകള്‍ ഇടും. മഴക്കാലമാണ് ഇവയുടെ പ്രജനനകാലം.