EncyclopediaSnakesWild Life

വള്ളിചേര

Argyrogena fasciolata എന്നാണ് വള്ളി ചേരയുടെ ശാസ്ത്രീയനാമം, വളയന്‍ ചേര, കന്നി ചേര എന്നും ഇവയ്ക്ക് പേരുണ്ട്. കേരളത്തില്‍ ഇവയെ അപൂര്‍വ്വമായാണ് കണ്ടുവരുന്നത്. ഇവയുടെ നിറം മഞ്ഞയോ തവിട്ടോ ആണ്. ശരീരത്തിന്‍റെ പിന്‍ഭാഗം നേരിയ വെള്ളം കലര്‍ന്ന കറുപ്പും തവിട്ടും നിറങ്ങളിലുള്ള വളയങ്ങള്‍ കൊണ്ട് നിറഞ്ഞിരിക്കുന്നു. വള്ളിചേരയുടെ അഗ്രം ചെറുതായി കൂര്‍ത്ത്, വളഞ്ഞാണിരിക്കുന്നത്. ഇവയുടെ കണ്ണിനുപിറകില്‍ രണ്ടോ മൂന്നോ ചെതുബലുകള്‍ കണ്ടുവരുന്നു. ഇവ വളരെ മര്‍ദ്ദവുമുള്ളതായിരിക്കും. പിന്‍ഭാഗത്ത് 197 മുതല്‍ 225 വരെ ചെതുംബലുകള്‍ ഉണ്ട്. കുഞ്ഞുപാമ്പുകള്‍ക്ക് അടിഭാഗത്ത് ഇളം മഞ്ഞനിറമായിരിക്കും . പ്രായം തികഞ്ഞ വള്ളി ചേരകള്‍ക്ക് ശരീരത്തിന്‍റെ പിന്‍ഭാഗത്ത് വെള്ള കലര്‍ന്ന കറുപ്പും തവിട്ടും നിറത്തിലുള്ള വള്ളികള്‍ ഉണ്ടായിരിക്കില്ല. ഇവയുടെ നീളം 106 സെ.മീ വരെയാണ്. വാലിന് മാത്രം 22 സെ.മീ നീളം ഉണ്ടാകും. വിഷം തീരെയില്ലാത്ത ഇക്കൂട്ടര്‍ ഇരയെ പിടിച്ചശേഷം വരിച്ചുമുറുക്കി കൊന്നാണ് ഭക്ഷിക്കുന്നത്. സാധാരണയായി വള്ളി ചേരകളുടെ ഇഷ്ട്ട ഭക്ഷണം തവളയാണെങ്കിലും , എലി, ഓന്ത്, പല്ലി, ചെറുപക്ഷികള്‍ തുടങ്ങിയവയേയും ഇവ ഭക്ഷിക്കാറുണ്ട്. ഇവ ഇരകളുടെ മേല്‍ ചാടി വീണ് വരിഞ്ഞുമുറുക്കിയാണ് ഇരപിടിക്കുന്നത് പകല്‍സമയമാണ് ഇരപിടിക്കുന്നതിനായി ഇവ തിരഞ്ഞെടുക്കുന്നത്, മെയ്, ജൂണ്‍ മാസങ്ങളിലാണ് വള്ളി ചേരകള്‍ സാധാരണയായി ഇണ ചേരാറുള്ളത്. ആഗസ്റ്റ്‌ മാസത്തില്‍ മുട്ടയിടുകയും ഒക്ടോബര്‍-ഡിസംബര്‍ മാസങ്ങളില്‍ മുട്ട വിരിഞ്ഞ് കുഞ്ഞുങ്ങള്‍ പുറത്തുവരികയും ചെയ്യുന്നു. ഒരേ സമയം പത്തു മുതല്‍ പന്ത്രണ്ടു മുട്ടകള്‍ വരെ ഇക്കൂട്ടര്‍ ഇടുന്നു, വിഷവും ഫണവുമില്ലാത്ത ഇവ മനുഷ്യന്‍ യാതൊരു തരത്തിലുള്ള അപായവും ഉണ്ടാക്കുന്നതല്ല.