EncyclopediaSnakesWild Life

കായല്‍ പാമ്പ്‌

Acrochordus granulatus എന്ന ശാസ്ത്രീയനാമമുള്ള കായല്‍പാമ്പ്‌ ഇന്ത്യയിലും തെക്കുകിഴക്കന്‍ ഏഷ്യന്‍ രാജ്യങ്ങള്‍ മുതല്‍ സോളമന്‍ ദ്വീപുകളിലും വരെ കാണപ്പെടുന്നു. littile filesnake, marine filesnake, little water snake എന്നീ പേരുകളിലും ഇവ അറിയപ്പെടുന്നു. ഈ ഇനം പാമ്പുകള്‍ പൂര്‍ണ്ണമായും ജലാശയത്തിലാണ് വസിക്കുന്നത്. കരയില്‍ ഇവ തികച്ചും നിസ്സാഹായരാണ്. അവയുടെ പുറംതൊലി കട്ടിയുള്ളതാണെങ്കിലും എളുപ്പം വെടിച്ചുകീറുന്ന തരത്തിലുള്ളതാണ്. ആണ്‍പാമ്പുകള്‍ നീളമുള്ള, മെലിഞ്ഞ ശരീരത്തോട് കൂടിയവയാണ്.എന്നാല്‍ പെണ്‍പാമ്പുകള്‍ തടിച്ച് നീളം കുറഞ്ഞ ശരീരത്തോടുകൂടിയാണ്. കായല്‍പാമ്പിന്‍റെ ഇരപിടുത്തം വളരെ വിചിത്രം തന്നെയാണ്. ആണ്‍പാമ്പുകള്‍ കായലിലും കുളങ്ങളിലും ചതുപ്പ്നിലങ്ങളിലും , കടലിലും വരെ ഇരപിടിക്കുമ്പോള്‍ , പെണ്‍പാമ്പുകളാകട്ടെ, മടിപിടിച്ച് ഉറക്കംതൂങ്ങികളെപ്പോലെ ഒരറ്റത്ത് മാറിയിരിക്കും.

  ഈ അടുത്ത കാലത്തായി കായല്‍പാമ്പുകളെ മെരുക്കിയെടുത്ത് വീട്ടിലും അക്വേറിയങ്ങളിലും മറ്റും വളര്‍ത്തുന്ന പ്രവണത കണ്ടുവരുന്നു. അവയുടെ പുറംതൊലിക്ക് വേണ്ടിയാണിത്. ഫിലിപ്പൈന്‍സിലും മറ്റും കണ്ടുവരുന്ന നീലനിറത്തിലുള്ള കായല്‍പാമ്പുകളെ ഇത്തരത്തില്‍ ധാരാളമായി വേട്ടയാടപ്പെടുകയുണ്ടായി. അതിനാല്‍ ഇപ്പോള്‍ ഫിലിപ്പൈന്‍സില്‍ കായല്‍പാമ്പുകളെ കയറ്റുമതി കര്‍ശനമായി നിരോധിച്ചിരിക്കുകയാണ്.

  കായല്‍പാമ്പുകള്‍ക്ക് വിഷമില്ല, ഇവ പരല്‍മീനുകളെയും, ഈല്‍ എന്നു വിളിക്കുന്ന ജീവികളേയുമാണ് ഭക്ഷിക്കുന്നത്. മറ്റ്‌ ഉഭയജീവികളെ വേട്ടയാടി തിന്നാറുണ്ടോ എന്നതിന് കൃത്യമായി തെളിവുകളില്ല, കട്ടിയുള്ള കടുത്ത പുറംതൊലിയാണ് വെള്ളത്തിനടിയില്‍ ഇരപിടിക്കാന്‍ ഇവയെ സഹായികുന്നത്, ജൂണ്‍ , ജൂലൈ മാസങ്ങളിലാണ് സാധാരണയായി ഇവ ഇണ ചേരാറുള്ളത്. ആഗസ്റ്റ്‌ മാസത്തില്‍ മുട്ടയിടുകയും മുട്ട വിരിഞ്ഞ് കുഞ്ഞുങ്ങള്‍ പുറത്തുവരികയും ചെയ്യുന്നു. ഇക്കൂട്ടര്‍ ഒരേ സമയം എട്ടു മുതല്‍ പത്തു മുട്ടകള്‍ വരെ ഇടുന്നു.ഇവ മനുഷ്യന് യാതൊരു തരത്തിലുള്ള അപായവും ഉണ്ടാക്കുന്നതല്ല.