EncyclopediaSnakesWild Life

പച്ചിലപാമ്പുകള്‍

പാമ്പുകളില്‍ ഏറ്റവും സൗന്ദര്യമുള്ളതും, പേരുപോലെ തന്നെ ശരീരം മുഴുവനും പച്ച നിറത്തില്‍ കാണപ്പെടുന്നവയുമാണ് പച്ചില പാമ്പുകള്‍.ഇവയെ പച്ച പാമ്പ്‌, പച്ചോല പാമ്പ്‌, കണ്‍കൊത്തി പാമ്പ്‌ എന്നീ പേരുകളിലും അറിയപ്പെടുന്നു. നമ്മുടെ കണ്ണുകളില്‍ നോക്കിനിന്ന് കണ്ണുകളില്‍ കൊത്തും എന്നതുകൊണ്ടാണ് ഇവയെ കണ്‍കൊത്തി പാമ്പ്‌ എന്ന് വിളിക്കുന്നത്. എന്നാല്‍ ഈ പറച്ചില്‍ കാലാകാലങ്ങളിളായി മനുഷ്യരില്‍ നിന്നുപോരുന്ന ഒരു വിശ്വാസം മാത്രമാണ് അല്ലാതെ ഈ പറയുന്നതില്‍ യാതൊരു സത്യവും ഇല്ല തന്നെ.പച്ച നിറത്തിലുള്ള ശരീരത്തില്‍ കറുപ്പും വെളുപ്പും ചേര്‍ന്ന അടയാളങ്ങള്‍ കണ്ടുവരുന്നു.ഉരുണ്ട കണ്ണുകളും, നീണ്ട് കൂര്‍ത്ത തലയും, മെലിഞ്ഞ ശരീരവുമുള്ള ഇവയ്ക്ക് ഏകദേശം രണ്ട് മീറ്റര്‍ നീളം വരെ ഉണ്ടായിരിക്കും.

   വിഷമില്ലാത്ത പാമ്പുകളില്‍ വര്‍ഗ്ഗത്തില്‍പ്പെട്ടവയാണ് പച്ചില പാമ്പുകള്‍, എങ്കിലും ഇവയ്ക്ക് ചെറിയ തോതില്‍ വിഷാംശമുണ്ട്. എന്നാല്‍ ഈ വിഷo മനുഷ്യന് യാതൊരു തരത്തിലുള്ള അപായവും ഉണ്ടാക്കുന്നതല്ല. ഇവയുടെ കടിയേറ്റാല്‍ നല്ല വേദനയും, കടിയേറ്റഭാഗത്ത് നല്ല വീക്കവും മാത്രമാണ് ഉണ്ടാകാറുള്ളത്. കുറച്ചുനേരത്തെ വിശ്രമത്തിലൂടെ ഇത് മാറ്റിയെടുക്കാവുന്നതേയുള്ളൂ.

   പച്ചില പാമ്പുകളുടെ ശരീരത്തിലുള്ള പച്ച നിറം അവയെ ശത്രുക്കളില്‍ നിന്നും രക്ഷനേടുവാനും ഇരപിടിക്കാനും സഹായിക്കുന്നു.പകല്‍ സമയത്താണ് സാധാരണയായി ഇവ ഇരതേടുവാനായി ഇറങ്ങുന്നത് ചുണ്ടെലി, പല്ലി, തവള, ഓന്ത്, ചെറുപ്രാണികള്‍ എന്നിവയാണ് ഇവയുടെ ഇഷ്ടഭക്ഷണം.മരങ്ങളിലും, കുറ്റിക്കാടുകളിലും ചിലപ്പോള്‍ പൂന്തോട്ടങ്ങളിലും വരെ ഇവയെ വളരെ വേഗത്തില്‍ മരച്ചില്ലുകളിലൂടെ സഞ്ചരിച്ച് ചില്ലകളില്‍ പറ്റിച്ചേര്‍ന്നിരുന്നത് ഇര പിടിച്ചശേഷം വിഷം കുത്തി വച്ച് കൊന്ന് ഭക്ഷിക്കുന്നു.

   മറ്റു പാമ്പുകളില്‍ നിന്നും വ്യത്യസ്ത രീതിയിലാണ് പച്ചില പാമ്പുകള്‍ അവയുടെ വംശം നിലനിര്‍ത്തുന്നത്.ഇവ ജൂണ്‍ മാസത്തിലാണ് ഇണചേരുന്നത്.ആദ്യം മുട്ടകള്‍ ഉത്പാദിപ്പിച്ച്, അവയ്ക്ക് അര്‍ദ്ധവളര്‍ച്ചയെത്തിയ ശേഷം ശരീരത്തിന്‍റെ ഒരു ഭാഗത്തുള്ള പ്രത്യേക ഉറയില്‍ സൂക്ഷിക്കുന്നു. അതിനുശേഷം പ്രസവത്തിലൂടെയാണ് കുഞ്ഞുങ്ങള്‍ പുറത്തുവരുന്നത്. ഈ പ്രക്രിയയ്ക്ക് പച്ചില പാമ്പുകള്‍ നീണ്ട ആറു മാസത്തെ കാലയളവാണ് എടുക്കുന്നത്.ഒറ്റ പ്രസവത്തില്‍ തന്നെ ഏകദേശം ഇരുപതോളം കുഞ്ഞുങ്ങളാണ് ജനിക്കാറുള്ളത്.