സാധാരണ വെള്ളിക്കോല്‍ വരയന്‍ പാമ്പ്
Common Wolf snake എന്ന് പേരില്‍ അറിയപ്പെടുന്ന സാധാരണ വെള്ളിക്കോല്‍വരയന്‍ പാമ്പുകള്‍ വിഷമില്ലാത്ത പാമ്പുകളുടെ കുടുംബത്തില്‍പ്പെടുന്നവയാണ്.ഇവയെ തിരിച്ചറിയാനുള്ള പ്രധാന അടയാളം എന്നത് ഇവയുടെ മാംസളമായ ശരീരത്തില്‍ കണ്ടുവരുന്ന മങ്ങിയ ബ്രൌണ്‍നിറവും അടിഭാഗം മങ്ങിയ വെള്ള’നിറവുമാണ്. ഇവയ്ക്ക് ഒരു വിരലിന്‍റെ വണ്ണവും ഏകദേശം രണ്ടടി നീളവും ഉണ്ടാകും.വാലിന് പൊതുവെ നീളം കുറവാണെങ്കിലും അറ്റം കൂര്‍ത്താണിരിക്കുന്നത്. ഇവയുടെ ശരീരത്തില്‍ വെള്ളപ്പാളികളും തല നല്ല കറുപ്പുനിറത്തിലുമാണ് കാണപ്പെടുന്നത്.സാധാരണയായി ഇവയെ കാടുകളില്‍ മാത്രമല്ല മനുഷ്യവാസമുള്ള സ്ഥലങ്ങളിലും കണ്ടുവരാറുണ്ട്.വളരെ പെട്ടെന്ന് മരങ്ങളില്‍ കയറുവാനുള്ള ഇവയുടെ കഴിവ് എടുത്തുപറയേണ്ട ഒന്നാണ്.ഇവയുടെ ഇഷ്ടആഹാരങ്ങള്‍ പല്ലികള്‍, ഓന്ത്, എലികള്‍, കാടുകളില്‍ കണ്ടുവരുന്ന മറ്റു ചെറുജീവികള്‍ തുടങ്ങിയവയാണ്.വിഷം തീരെയില്ലാത്ത ഇക്കൂട്ടര്‍ ഇരയെ വിഷം കുത്തി വച്ച് കൊല്ലുവാന്‍ കഴിയാത്തതിനാല്‍ ഇരയെ വരിഞ്ഞുമുറുക്കി കൊന്നതിനുശേഷമാണ് ഭക്ഷണമായി എടുക്കുന്നത്.മുട്ടകളിട്ടു കുഞ്ഞുങ്ങളെ വിരിയിച്ചെടുക്കുന്ന പാമ്പുകളുടെ വര്‍ഗ്ഗത്തില്‍പ്പെട്ട ഇക്കൂട്ടര്‍ ഒരേസമയം പത്തോളം മുട്ടകള്‍ ഇടുകയും അവയ്ക്ക് അടയിരുന്നു കുഞ്ഞുങ്ങളെ വിരിയിച്ചെടുക്കുകയാണ് ചെയ്യുന്നത്.
പൊതുവെ രാത്രി സഞ്ചാരികളായ ഇവ മരങ്ങളുടെ പൊത്തുകളിലും, മതിലുകളുടെ വിള്ളലുകളിലും കാണപ്പെടാറുണ്ട്.മാത്രവുമല്ല ചില സാഹചര്യങ്ങളില്‍ ഇവ നമ്മുടെ വീട്ടിനകത്തും ഇര തേടി കയറി വരാറുണ്ട്.എന്നാല്‍ തീരെ വിഷമില്ലാത്ത ഇക്കൂട്ടര്‍ നമ്മുക്ക് ഒരിക്കല്‍പോലും ഭീഷണിയായി തീരുന്നില്ല.