EncyclopediaSnakesWild Life

നീര്‍ക്കോലി

ഇഴജന്തുക്കളില്‍ തീരെ വിഷം ഇല്ലാത്തതും ഫണം ഇല്ലാത്തതുമായ വര്‍ഗ്ഗത്തില്‍പ്പെട്ടവയാണ് നീര്‍ക്കോലികള്‍.നമ്മുടെ കേരളത്തില്‍ നീര്‍ക്കോലികളെക്കുറിച്ച് അറിയാത്തവരും കേള്‍ക്കാത്തവരുമായ ആള്‍ക്കാര്‍ വളരെ കുറവ് തന്നെയാണെന്ന് പറയേണ്ടിവരും.നീര്‍ക്കോലിയുടെ വര്‍ഗ്ഗത്തില്‍ പല ഉപജാതികളുമുണ്ട്.മെലിഞ്ഞുനീണ്ട ശരീരപ്രകൃതിയോടുകൂടി നീര്‍ക്കോലികള്‍ക്ക് ഏകദേശം നാലര അടിയോളം നീളവും മൂന്നു കോണോടുകൂടിയ ആകൃതിയിലുള്ള തലയുമാണ് കണ്ടു വരുന്നത്.ഇവയുടെ ശരീരത്തിന്‍റെ പുറംഭാഗം ഇളം കറുപ്പും മഞ്ഞയും കലര്‍ന്ന നിറത്തിലും അടിഭാഗം മങ്ങിയ വെള്ളനിറത്തിലുമായിരിക്കും.നമ്മുടെ നാട്ടില്‍ ഓരോ സ്ഥലങ്ങളിലും നീര്‍ക്കോലികളെ ചെറിയ വ്യത്യാസങ്ങളിലാണ് കണ്ടുവരുന്നത്.നമ്മുടെ കുളങ്ങളിലും തോടുകളിലും നിത്യവാസിയായ നീര്‍ക്കോലികള്‍ മനുഷ്യരെ അടുത്തുകണ്ടാല്‍ വെള്ളത്തിനടിയിലേക്ക് വളരെപെട്ടെന്ന് ഒളിച്ചുകഴിയുന്ന ഒരു ഇനം പാമ്പാണ്.സര്‍വ്വസാധാരണയായി ജലാശയങ്ങളില്‍ മാത്രം ജീവിച്ച് വരുന്ന നീര്‍ക്കോലികള്‍ക്ക് സ്വാഭാവികമായും ജലത്തില്‍ വസിച്ചുവരുന്ന മറ്റു ജീവികള്‍ തന്നെയാണ് ഇവയുടെ ഇരകളായി തീരുന്നത്.നീര്‍ക്കോലി മുട്ടയിടുന്ന വര്‍ഗ്ഗത്തില്‍പ്പെട്ടവയാണ്.ഒരു സമയത്ത് മുപ്പതോളം മുട്ടകളാണ് സാധാരാണയായി ഇട്ട് വരാറുള്ളത്.ഏകദേശം രണ്ടുമാസത്തോളം കാലയളവില്‍ അടയിരുന്നു മെയ് ജൂണ്‍ കാലയളവില്‍ മുട്ടകള്‍ വിരിഞ്ഞ് കുഞ്ഞുങ്ങള്‍ പുറത്ത് വരുന്നു.ഇരയെ കൊല്ലുവാന്‍ വേണ്ടി നേരിയ വിഷമുള്ള നീര്‍ക്കോലികളുടെ കടി മനുഷ്യശരീരത്തില്‍ യാതൊരുവിധ പ്രതികരണവും ഉണ്ടാക്കാറില്ല.നമ്മുടെ നാട്ടില്‍ ഏറെ പ്രചാരത്തിലുള്ള ഒരു പഴഞ്ചൊല്ലായ നീര്‍ക്കോലി കടിച്ചാല്‍ അത്താഴം മുടങ്ങും എന്നത് എന്നും ഒരു പഴഞ്ചൊല്ലായി മാത്രമേ നിലനില്‍ക്കുകയുള്ളൂ.