സിക്കിം
ഇന്ത്യയിലെ ഏറ്റവും ചെറിയ സംസ്ഥാനങ്ങളിലൊന്നാണ് സിക്കിം. 1975വരെ ചോഗ്യാൽ രാജവംശത്തിന്റെ കീഴിലായിരുന്നു ഈ പ്രദേശം. 1975ൽ നടന്ന ഹിതപരിശോധനയിൽ തൊണ്ണൂറു ശതമാനത്തിലേറെ ജനങ്ങളും ആവശ്യപ്പെട്ടപ്രകാരം സിക്കിമിനെ ഇന്ത്യയുടെ ഇരുപത്തിരണ്ടാമതു സംസ്ഥാനമായി ചേർത്തു. ഹിമാലയൻ താഴ്‌വാരങ്ങളിൽ സ്ഥിതിചെയ്യുന്ന ഈ ചെറുസംസ്ഥാനം പ്രകൃതിരമണീയദൃശ്യങ്ങളാൽ സമ്പന്നമാണ്. ലോകത്തിലെ ഏറ്റവും ഉയരംകൂടിയ മൂന്നാമത്തെ കൊടുമുടിയായ കാഞ്ചൻജംഗ സിക്കിമിലാണ് സ്ഥിതിചെയ്യുന്നത്. നേപ്പാൾ, പശ്ചിമ ബംഗാൾ, ഭൂട്ടാൻ, ചൈന എന്നിവയാണ് അതിർത്തി പ്രദേശങ്ങൾ.
സിക്കിമിന് 2012 ൽ പഞ്ചായത്ത് രാജ് സ്ഥാപനങ്ങളെ ശക്തിപ്പെടുത്തിയ പ്രവർത്തനങ്ങൾ കാഴ്ചവച്ചതിന് ഏറ്റവും നല്ല സംസ്ഥാനത്തിനുള്ള അവാർഡ് ന്യൂഡൽഹിയിലെ വിജ്ഞാൻ ഭവനിൽ വച്ച് പഞ്ചായത്ത് രാജ് ദിനത്തോടനുബന്ധിച്ച് 1.36 കോടി രൂപ സമ്മാനം ലഭിച്ചു.
ലിംബൂ ഭാഷയിലെ സു, ഖ്യീം എന്നിങ്ങനെ രണ്ടുപദങ്ങൾ ചേർന്നാണ് സിക്കിം എന്ന പേരുണ്ടായത്. സു എന്നാൽ പുതിയത്; ഖ്യിം എന്നാൽ കൊട്ടാരം. സിക്കിമിന്റെ ആദ്യത്തെ രാജാവായ ഫുൺസ്തോക്ക് നംഗ്യാൽ പണികഴിപ്പിച്ച കൊട്ടാരമാണ് സിക്കിം എന്ന പേരുലഭിക്കാൻ നിമിത്തമായതെന്നു കരുതപ്പെടുന്നു.