EncyclopediaWild Life

സൈബീരിയന്‍ ചെങ്കരടി

കിഴക്കന്‍സൈബീരിയയിലെ കാംചട്ക, ചൂക്കോട്സ്ക്ക പെനിന്‍സുലയിലെ പര്‍വതവനങ്ങള്‍ എന്നിവയാണ് സൈബീരിയന്‍ ചെങ്കരടികളുടെ ആവാസകേന്ദ്രം, പൈന്‍മരങ്ങളും ബിര്‍ച്ച് മരങ്ങളുമാണ് ഈ പ്രദേശത്ത് കൂടുതലായിട്ടുള്ളത്.

 യൂറോപ്യന്‍ ചെങ്കരടികളുടെ രൂപവും ഭാവവുമാണ് സൈബീരിയന്‍ ചെങ്കരടിക്കുമുള്ളത്. മഞ്ഞ കലര്‍ന്ന തവിട്ടുനിറമാണ് രോമങ്ങള്‍ക്ക്. അഞ്ചേകാല്‍അടി മുതല്‍ ആറരയടി വരെ നീളവും 450 കിലോവരെ തൂക്കവും ഇവയ്ക്കുണ്ടാവാറുണ്ട്.

  നായാട്ടിനും മറ്റുമായി സൈബീരിയന്‍ ചെങ്കരടികള്‍ക്ക് വലിയൊരു പ്രദേശം തന്നെ വേണം. സാധാരണയായി 25 മുതല്‍ 50 ചതുരശ്രകിലോമീറ്റര്‍ പ്രദേശത്ത് പത്തു മുതല്‍ ഇരുപതു വരെ കരടികളെ ഉണ്ടാകൂ. ചിലയിടത്ത് അംഗസംഖ്യ ഇതിലും കൂടാറുണ്ട്.

  സൈബീരിയയിലെ ശൈത്യകാലം ഏതാണ്ട് നാലു മുതല്‍ അഞ്ചു മാസം വരെ നീണ്ടു നില്‍ക്കും. ഇക്കാലത്ത് ഭക്ഷണക്ഷാമം രൂക്ഷമാണ്. നവംബര്‍ മുതല്‍ മാര്‍ച്ച് വരെയുള്ള ഈ കാലഘട്ടത്തില്‍ കരടികള്‍ ഗുഹകളിലും നദിക്കരയിലുള്ള വലിയ മാളങ്ങളിലുമൊക്കെയായി കഴിച്ചു കൂട്ടും.

  ഏപ്രില്‍ മാസത്തോടെ ആണ്‍കരടികള്‍ മാളങ്ങളില്‍ നിന്ന് പുറത്തുവരും. ഏതാനും ദിവസം കൂടി കഴിയുമ്പോള്‍ കരടിക്കുഞ്ഞുമായി വെളിയിലിറങ്ങും. ജൂണ്‍ മാസം മുതല്‍ സസ്യങ്ങളും മറ്റും തഴച്ചു വളരും. അപ്പോള്‍ കരടികളുടെ പ്രധാനഭക്ഷണം. സസ്യങ്ങളാണ് അതോടൊപ്പം ഉറുമ്പിന്‍കൂടുകളും ചെറിയ ഇനം ഭക്ഷണത്തിനായി കണ്ടെത്തും. വേനല്‍ക്കാലത്തെ തുടര്‍ന്നെത്തുന്ന ശരത്കാലം താരതമ്യേന ഹ്രസ്വമായ കാലഘട്ടമാണ്. ആ കാലത്ത് കരടികള്‍ മീനുകളെ പിടിക്കാന്‍ ഇറങ്ങുന്നു. സൈബീരിയന്‍ ചെങ്കരടികളുടെ ഇഷ്ടപ്പെട്ട ആഹാരം സാല്‍മണ്‍ മത്സ്യങ്ങളാണ്.