സിയാൽകോട്ട് കോട്ട
പാകിസ്താനിലെ ഒരു പുരാതന കോട്ടയാണ് (രാജകൊട്ടാരം) സിയാൽകോട്ട് കോട്ട. പാകിസ്താനിലെ പുരാതന നഗരമായ സിയാൽകോട്ടിൽ ആണ് ഈ ചരിത്ര പ്രസിദ്ധമായ കോട്ട സ്ഥിതിചെയ്യുന്നത്.
രവി നദിക്കും ചെനാബ് നദിക്കും ഇടയിലുള്ള പ്രദേശം ഭരിച്ചിരുന്ന രാജാവായിരുന്ന രാജ സൽബൻ രണ്ടാം നൂറ്റാണ്ടിൽ പുനർ നിർമ്മിച്ചതാണ് ഈ കൊട്ടാരം എന്നാണ് പ്രമുഖ ചരിത്രകാരൻ ദിയയാസ് ജീയുടെ നിഗമനം. സിയാൽകോട്ട് നഗരത്തെ ശത്രുക്കളുടെ ആക്രമണത്തിൽ നിന്ന് പ്രതിരോധിക്കാനായി ഇരട്ട മതിലുകളുള്ള ഈ കോട്ട രണ്ടു വർഷം കൊണ്ടാണ് പുനർ നിർമിച്ചതെന്നാണ് ചരിത്രം.
കോട്ടയുടെ നിർമ്മാണത്തിനുള്ള കല്ലുകളും മാർബിളുകളും കൊണ്ട് വന്നത് പത്താൻകോട്ടിൽ നിന്നാണ്. പതിനായിരത്തിലധികം ജോലിക്കാർ രണ്ടു വർഷം കൊണ്ടാണ് ഇതിന്റെ നിർമ്മാണം പൂർത്തിയാക്കിയത്. 5000 വർഷങ്ങൾക്ക് മുൻപ് ഹിന്ദു രാജാവായിരുന്ന സുൾ ആണ് കോട്ട പണിതതെന്നാണ് ചരിത്രകാരൻമാർ വ്യക്തമാക്കുന്നത്.
1179 മുതൽ 1186 വരെ ലാഹോറും സിന്ദും ഭരിച്ചിരുന്ന ഗോറിദ് രാജവംശത്തിലെ ഗവർണറും സേനാധിപനുമായിരുന്നു മുഹമ്മദ് ഷഹാബ് ഉദ്-ദിൻ ഗോറി ജമ്മു രാജാവിന്റെ സഹായത്തോടെ സിയാൽകോട്ട് കോട്ട പിടിച്ചടക്കി. കോട്ട പിന്നീട് ജൻജുഅ ഗോത്രത്തിന് കൈമാറി.