കൂട്ടു കൂടുന്ന ഷോനിസോറുകള്‍
അതിഭീകരന്മാരായ ഇക്തിസോറുകളുടെ വംശത്തില്‍ പെട്ടവയായിരുന്നു ഷോനിസോറുകളെന്ന ചരിത്രാതീതകാലത്തെ കടല്‍ ജീവികള്‍. ഏതാണ്ട് 210 ദശലക്ഷം വര്‍ഷങ്ങള്‍ക്കു മുമ്പ് വടക്കേ അമേരിക്കയുടെ ഭൂരിഭാഗം പ്രദേശങ്ങളിലും കടലായിരുന്നു. ഈ കടലിലായിരുന്നു ഷോനിസോറുകള്‍ ജീവിച്ചിരുന്നത്.
എഴുപത്തഞ്ച് അടിയോളം നീളമുണ്ടായിരുന്നു ഷോനിസോറുകള്‍ക്ക്. ഒരു ബോയിംഗ് വിമാനത്തിന്റേതുപോലെ ഒതുങ്ങിയ, നീളന്‍ ശരീരം. നീണ്ടു കൂര്‍ത്ത മുഖത്തിനു മുന്നിലായി നാസാരന്ധ്രങ്ങള്‍. ശ്വസിക്കാനായി ചിലപ്പോള്‍ തിമിംഗലങ്ങള്‍ തലയുയര്‍ത്തുന്നതു പോലെ ഷോനിസോറുകളും തലയുയര്‍ത്തുമായിരുന്നു. ഷോനിസോറുകളുടെ വാലിനറ്റത്ത് ഉയര്‍ന്നു നില്‍ക്കുന്ന ചിറകിന് ഇന്നത്തെ സ്രാവിന്റെ വാല്‍ച്ചിറകിനോടായിരുന്നു സാദൃശ്യം.
വിശാലമായ പുറങ്കടലിലായിരുന്നു ഷോനിസോറുകളുടെ വാസം. കുഞ്ഞുങ്ങളെ പ്രസവിക്കുന്ന ഷോനിസോറുകള്‍ ഒരു പ്രസവത്തില്‍ ഒരേയൊരു കുഞ്ഞിനാണ്. ജന്മം നല്‍കിയിരിക്കുന്നത്. അമ്മയോടൊപ്പം യാത്രയാരംഭിക്കുന്ന കുഞ്ഞുഷോനിസോറും കാഴ്ചയില്‍ വമ്പന്‍ തന്നെയായിരുന്നു.
ഷോനിസോറുകള്‍ കൂട്ടമായാണ് ജീവിച്ചിരുന്നത്. ഇവയുടെ ഫോസിലുകള്‍ കിട്ടിയ സ്ഥലങ്ങളിലൊക്കെ അടുത്തടുത്തായി നിരവധി ഫോസിലുകള്‍ കണ്ടെത്തിയതില്‍ നിന്നാണ് ഈ അനുമാനം. 1998 -ല്‍ ബ്രിട്ടീഷ് കൊളംബിയയ്ക്ക് സമീപമുള്ള കടലില്‍ നിന്ന് നാല് ടണ്‍ ഭാരമുള്ള, പാറക്കെട്ടില്‍ ഉടക്കികിടന്ന ഒരു ഫോസില്‍ കിട്ടി. ഇതുവരെ കിട്ടിയിട്ടുള്ളതില്‍ വച്ച് ഏറ്റവും വലിയ ഷോനിസോറിന്റെ തലയോട്ടിയായിരുന്നു അത്. അതിന്റെ തൊട്ടടുത്തുള്ള പാറക്കെട്ടുകളില്‍ നിന്ന് ചെറുതും വലുതുമായ മറ്റനേകം ഫോസിലുകള്‍ കണ്ടെത്താനായി. പാറകളുടെ ഉള്ളരടരുകളില്‍ ഉടക്കികിടന്ന ഷോനിസോറുകളുടെ ഫോസിലുകള്‍ ഒരേ ദിശയിലായിരുന്നു. ചരിത്രാതീതകാലത്ത് കടലിനടിയിലുണ്ടായ ഏതോ വന്‍ ഭൂകമ്പത്തില്‍ പാറയ്ക്കടിയില്‍ പ്പെട്ടവയാകാം ഇവ. ഷോനിസോറുകള്‍ കൂട്ടത്തോടെ ജീവിച്ചിരുന്നുവെന്നതിനു തെളിവായും മാറി ഈ ഫോസിലുകള്‍.