ഷാർജ
ഐക്യ അറബ് എമിറേറ്റുകളിലെ ഏഴ് എമിറേറ്റുകളിലൊന്നാണ് ഷാർജ. 2,600 ചതുരശ്ര കിലോമീറ്ററാണ് (1,003 ചതുരശ്ര മൈൽ) ഇതിന്റെ വിസ്‌തൃതി. 2008 ലെ കണക്ക് പ്രകാരം ഇവിടുത്തെ ജനസംഖ്യ 800,000 ത്തിലധികം വരും. ഷാർജ പട്ടണവും മറ്റു ചില ചെറുതും വലുതുമായ പട്ടണങ്ങളും കൽബ,ദിബ്ബ അൽ-ഹിസ്‌ൻ, ഗോർഫക്കാൻ എന്നീ പ്രദേശങ്ങളും ഷാർജ എമിറേറ്റിൽ പെടുന്നു.
ചരിത്രം
5000 വർഷത്തിലധികം കുടിയേറ്റ ചരിത്രമുള്ള മേഖലയിലെ വളരെ സമ്പന്നമായ പട്ടണങ്ങളിൽ ഒന്നാണ് ഷാർജ. പതിനെട്ടാം നൂറ്റാണ്ടിന്റെ ആദ്യത്തിൽ അൽ ഖാസിമി വംശപരമ്പരയിൽ (ഹുവാല വർഗ്ഗം) പെട്ടവർ ഷാർജയിൽ സ്ഥാനമുറപ്പിക്കുകയും 1727 ൽ ഷാർജയുടെ സ്വാതന്ത്ര്യം വിളംബരം ചെയ്യുകയും ചെയ്തു. ഓട്ടോമൻ തുർക്കികളുടെ ആക്രമണത്തിൽ നിന്ന് സംരക്ഷണം ലഭിക്കുന്നതിനായി 1820 ജനുവരി 8 ന് ഷൈഖ് സുൽത്താൻ ഒന്നാമൻ ബ്രിട്ടണുമായി ജനറൽ മാറിറ്റൈം ഉടമ്പടിയിൽ ഒപ്പുവെച്ചു. ഇന്ത്യയിലേക്കുള്ള പാതയിൽ മറ്റു എമിറേറ്റുകളായ അജ്മാൻ,ദുബൈ,റാസൽ ഖൈമ,ഉമ്മുൽ ഖുവൈൻ എന്നിവപോലെ തന്നെ ഷാർജയുടെ സ്ഥാനവും നിർണ്ണായകമായത് അതിനു സല്യൂട്ട് സ്‌റ്റേറ്റായി പരിഗണിക്കാൻ കാരണമായി.
ഐക്യ അറബ് എമിറേറ്റിലെ മൂന്നാമത്തെ ഏറ്റവും വലിയ എമിറേറ്റാണ് ഷാർജ. പേർഷ്യൻ ഗൾഫിലും ഒമാൻ ഗൾഫിലും ഭൂവിഭാഗമുള്ള ഒരേ ഒരു എമിറേറ്റും ഇതാണ്. യു.എ.ഇ യുടെ സുപ്രിം കൗൺസിൽ അംഗവും ഷാർജ ശൈഖുമായ ശൈഖ് ഡോ. സുൽതാൻ ബിൻ മുഹമ്മദ് അൽ-ഖാസിമിയാണ് ഷാർജയുടെ ഭരണാധികാരി.
കൂടാതെ കിഴക്കൻ തീരത്ത് ഗൾഫ് ഓഫ് ഒമാന്റെ അതിർത്തിയിലായി ഷാർജക്ക് മൂന്ന് എൻക്ലേവുകളും ഉണ്ട്. കൽബ,ദിബ്ബ അൽ-ഹിസ്‌ൻ, ഖോർ ഫക്കാൻ എന്നിവയാണിവ. ഈ പ്രദേശങ്ങളാണ് ഷാർജക്ക് അതിന്റെ പ്രധാന കിഴക്കൻ തുറമുഖങ്ങൾ സാധ്യമാക്കുന്നത്. പേർഷ്യൻ ഗൾഫിലെ സർ അബു നുഐർ എന്ന ദ്വീപ് ഷാർജയുടെ അധീനതയിലുള്ളതാണ്. ദ്വീപുകൾ ഒഴിച്ച് ഷാർജക്ക് 2,590 ചതുരശ്ര കിലോമീറ്റർ വിസ്‌തൃതിയാണുള്ളത്. ഇത് ഐക്യ അറബ് എമിറേറ്റിന്റെ മൊത്തം വിസ്‌തൃതിയുടെ 3.3 ശതമാനം വരും.
ഷാർജയുടെ ഭാഗമായുള്ള ചില മരുപ്പച്ച പ്രദേശങ്ങളുമുണ്ട്. ഇതിൽ പ്രസിദ്ധമാണ് ദെയ്‌ദ് എന്ന പ്രദേശം. വളക്കൂറുള്ളതും ഫലഭൂയിഷ്ടവുമായ ഈ പ്രദേശത്ത് വിവിധങ്ങളായ പച്ചക്കറികളും ഫലവർഗ്ഗങ്ങളും കൃഷിചെയ്യപ്പെടുന്നു. ഷാർജയുടെ അതിർത്തിക്കുള്ളിൽ വരുന്ന ഒമാന്റെ ഒരു എൻക്ലേവാണ് മധ എന്ന ഭൂവിഭാഗം. മധയിൽ യു.എ.ഇ. യുടെ നഹ്‌വ എന്ന പേരിലുള്ള ഒരു എക്സ്‌ക്ലേവുമുണ്ട്.
ദുബൈ, അജ്‌മാൻ എന്നിവയാണ് ഷാർജയുടെ അയൽ എമിറേറ്റുകൾ. യു.എ.ഇ. യുടെ തലസ്ഥാന നഗരിയായ അബുദാബിയിൽ നിന്ന് ഏകദേശം 170 കിലോമീറ്റർ അകലയാണ് ഷാർജ.