EncyclopediaIndiaMajor personalities

ശങ്കർ ദയാൽ ശർമ്മ

1992 മുതൽ 1997 വരെ ഇന്ത്യയുടെ ഒൻപതാമത് രാഷ്ട്രപതിയായിരുന്ന മധ്യപ്രദേശിൽ നിന്നുള്ള മുതിർന്ന ഇന്ത്യൻ നാഷണൽ കോൺഗ്രസ് നേതാവായിരുന്നു ഡോ. ശങ്കർ ദയാൽ ശർമ്മ.(1918-1999) ഇന്ത്യയുടെ ഉപ-രാഷ്ട്രപതി(1987-1992), മുൻ കേന്ദ്രമന്ത്രി, രണ്ട് -തവണ ലോക്സഭാംഗം, സംസ്ഥാന ഗവർണർ എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്.
ജീവിതരേഖ
സ്വതന്ത്ര ഇന്ത്യയുടെ ഒൻപതാമത്തെ രാഷ്ട്രപതിയായിരുന്ന ഡോ. ശങ്കർ ദയാൽ ശർമ്മ മധ്യപ്രദേശിലെ ഭോപ്പാലിൽ ഒരു ബ്രാഹ്മണ കുടുംബത്തിൽ 1918 ഓഗസ്റ്റ് 19ന് ജനിച്ചു. പഠനത്തിൽ സമർത്ഥനായിരുന്ന ശർമ്മ ഹിന്ദിയോടൊപ്പം സംസ്കൃതവും കരസ്ഥമാക്കിയതോടൊപ്പം ഇംഗ്ലീഷ് സാഹിത്യത്തിലും മികവ് തെളിയിച്ചു. അലഹാബാദ് സർവകലാശാലയിൽ നിന്ന് ഒന്നാം റാങ്കോടെ എം.എയും ലക്നൗ സർവകലാശാലയിൽ നിന്ന് ഒന്നാം റാങ്കോടെ എൽ.എൽ.എമ്മും പാസായി. ലിങ്കൺസ് ഇന്നിൽ നിന്ന് ബാർ അറ്റ് ലോ നേടിയ ശർമ്മ 1946-1947 കാലത്ത് കേംബ്രിഡ്ജ് സർവ്വകലാശാലയിലും പിന്നീട് ഒൻപത് വർഷം ലക്നൗ സർവകലാശാലയിലും നിയമ അധ്യാപകനായിരുന്നു.
അഭിഭാഷകനായാണ് ശർമ്മ പൊതുജീവിതം ആരംഭിച്ചത്. ഗാന്ധിജിയുടെ ആഹ്വാനം ഉൾക്കൊണ്ട് സ്വതന്ത്ര സമര പ്രസ്ഥാനത്തിൽ ചേർന്ന് ക്വിറ്റിന്ത്യ സമരത്തിൽ സജീവമായി പങ്കെടുത്ത് കൊണ്ട് കോൺഗ്രസ് പാർട്ടിയിൽ അംഗമായി. സ്വാതന്ത്ര്യം ലഭിച്ചതിനു ശേഷം സംസ്ഥാന പുന:സംഘടനയ്ക്ക് മുൻപ് മധ്യഭാരത്(ഭോപ്പാൽ) മുഖ്യമന്ത്രിയായിരുന്നു. സംസ്ഥാന പു:നസംഘടനയ്ക്ക് ശേഷം മധ്യപ്രദേശിലെ വിദ്യാഭ്യാസ വകുപ്പ് മന്ത്രിയായി. 1956-ൽ മധ്യപ്രദേശ് നിയമസഭാംഗമായ അദ്ദേഹത്തിന്‍റെ പ്രവർത്തനങ്ങൾ ഭോപ്പാലിനെ വ്യവസായ നഗരമാക്കാനും മധ്യപ്രദേശിന്‍റെ തലസ്ഥാന നഗരമാക്കാനും സഹായകരമായി. 1975-ൽ കേന്ദ്ര ടെലികമ്മ്യൂണിക്കേഷൻ വകുപ്പ് മന്ത്രിയായ ശർമ്മ പിന്നീട് ആന്ധ്ര പ്രദേശ്, പഞ്ചാബ്, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളുടെ ഗവർണറായി സ്ഥാനമേറ്റു. 1987-ൽ ഉപ-രാഷ്ട്രപതി സ്ഥാനത്തിലേക്ക് എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ട ശർമ്മ 1992-ൽ എതിർ സ്ഥാനാർത്ഥിയായ ജോർജ്ജ് സ്വലിനെ പരാജയപ്പെടുത്തി ഇന്ത്യയുടെ ഒൻപതാമത് രാഷ്ട്രപതിയായി തിരഞ്ഞെടുക്കപ്പെട്ടു. ശങ്കർ ദയാൽ ശർമ്മയോളം സ്ഥാനങ്ങൾ വഹിച്ച മറ്റൊരു രാഷ്ട്രപതിയില്ല. അധ്യാപകൻ, ഗവേഷകൻ, പത്രപ്രവർത്തകൻ, അഭിഭാഷകൻ, നിയമജ്ഞൻ, മുഖ്യമന്ത്രി, കേന്ദ്രമന്ത്രി, എ.ഐ.സി.സി അധ്യക്ഷൻ, ഗവർണർ, ഉപ-രാഷ്ട്രപതി എന്നീ സ്ഥാനങ്ങളിലെല്ലാം പ്രവർത്തിച്ച ശേഷമാണ് അദ്ദേഹം ഇന്ത്യയുടെ രാഷ്ട്രപതി സ്ഥാനത്ത് എത്തിയത്. 1992 മുതൽ 1997 വരെ ഇന്ത്യയുടെ രാഷ്ട്രപതിയായിരുന്ന ശർമ്മ 1999 ഡിസംബർ 26ന് ഹൃദയാഘാതത്തെ തുടർന്ന് അന്തരിച്ചു. കർമ്മഭൂമിയാണ് സമാധി സ്ഥലം.