EncyclopediaWild Life

കടലിലെ യുദ്ധവിമാനം

ഇരുപതിലേറെ അടി നീളമുള്ള കഴുത്ത്. കഴുത്തിന്റെ അറ്റത്ത് ചെറിയൊരു തല. ശരീരത്തിന്റെ ഇരുഭാഗത്തുമായി വിമാനചിറകുകള്‍ പോലെ നാല് പങ്കായങ്ങള്‍. ഓരോന്നിനും ഒത്ത ഒരു മനുഷ്യന്റെ വലിപ്പം. കടലിന്റെ അടിത്തട്ടിലെ ഇരുണ്ട ജലപാളികളിലൂടെ അവന്‍ ഒഴുകിവരും. നീന്തുകയല്ല, തെന്നിത്തെന്നിയുള്ള നീക്കം. ചരിത്രാതീതകാലത്തെ ‘തലസോമെഡന്‍’എന്ന ഭീകരകടല്‍ സത്വത്തെക്കുറിച്ചാണ് പറഞ്ഞു വന്നത്. അമേരിക്കന്‍ ഭൂഖണ്ഡത്തിന്റെ ചുറ്റിലുമുള്ള കടല്‍പ്പരപ്പിലായിരുന്നു ഈ ഭീകരന്റെ സാമ്രാജ്യം.

        ചിലപ്പോള്‍ മാത്രം ഈ ഭീകരന്‍ തല വെള്ളത്തിലൂടെ ഉയര്‍ത്തി പരിസരം വീക്ഷിക്കും. പിന്നെ മുങ്ങാംകുഴിയിട്ട് വെള്ളത്തിലൂടെ കുതിച്ചുപായുകയായി. കടലിനടിയിലെ മറ്റു ജീവികള്‍ക്ക് ഈ ഭീകരന്‍ വലിയ ഭീഷണിയായിരുന്നു. ശരീരമെത്തുന്നതിനു മുമ്പേ തലയാണ് ആദ്യമെത്തുക! തല കണ്ട് ചെറുതാണല്ലോയെന്ന് വിചാരിച്ചിരുന്നാല്‍ തലപോയതു തന്നെ! സൂത്രശാലിയായ തലസോമെഡന്‍ പലപ്പോഴും തന്റെ ശരീരം ഒളിപ്പിച്ചു വയ്ക്കുകയായിരുന്നു പതിവ്. തലകൊണ്ട് നിരീക്ഷണം നടത്തിയ ശേഷമേ വിശ്വരൂപം പുറത്തുകാട്ടൂ.

     പ്ലിസിയോസറുകളുടെ വര്‍ഗ്ഗത്തില്‍പ്പെട്ട ഇവയ്ക്ക് മറ്റൊരു പ്രത്യേകത കൂടിയുണ്ടായിരുന്നു. ഇവ വയറിനുള്ളില്‍ എപ്പോഴും കുറെ കല്ല്‌ കരുതും. ഇരയെ  പിടിക്കാന്‍ വയറിനുള്ളില്‍ നിന്ന് വായിലൂടെ അതിശക്തമായി കല്ല്‌ വിക്ഷേപിക്കുമായിരുന്നത്രേ. അങ്ങനെ പീരങ്കിയില്‍ നിന്നെന്നപോലെ കല്ല്‌ ബോംബിട്ട് ഇരയെ കൊല്ലും !

                  വയറില്‍ സൂക്ഷിക്കുന്ന കല്ലുകൊണ്ട് മറ്റൊരു ഉപയോഗം കൂടിയുണ്ടായിരുന്നു ദഹനം എളുപ്പത്തിലാക്കുക. അകത്താക്കുന്ന ജീവികളുടെ എല്ലും മുള്ളും വയറിനകത്തെ കല്ലുകളിലൂടെ കയറിയിറങ്ങുമ്പോഴേ, ദഹനം പകുതി നടന്നിരിക്കും!

 തലസോമെഡന്‍ ഇരയെപ്പിടിക്കുന്ന രീതിക്ക് ഇന്നത്തെ ചീങ്കണ്ണി ഇരപിടിക്കുന്നതുമായി സാമ്യമുണ്ട്. വായില്‍ ഇരയെ കിട്ടിക്കഴിഞ്ഞാല്‍ ഇരു വശത്തേക്കും ഒരു കുടയല്‍. പിന്നെ കൂര്‍ത്ത പല്ലുകളുള്ള കീഴ്ത്താടിയും മേല്‍ത്താടിയും ശക്തമായി അടച്ചു പൂട്ടും. അതിനിടയിലൂടെ വെള്ളം പുറത്തേക്ക് ചീറ്റിത്തെറിക്കും. പരസ്പരം കോര്‍ത്തു നില്‍ക്കുന്ന നീളന്‍ പല്ലുകള്‍ക്കുള്ളില്‍ ഇര ഞെരിഞ്ഞമര്‍ന്നു കഴിഞ്ഞാല്‍.അപ്പാടെ വിഴുങ്ങിക്കളയും. ചരിത്രാതീതകാലത്തെ ഈ ഭീകരനും ചീങ്കണ്ണിയുമായുള്ള ഈ സാമ്യം ഗവേഷകരെ വിസ്മയിപ്പിക്കുന്നു.