കറുക
നിലം പറ്റി വളരുന്ന ഒരു പുൽച്ചെടിയാണ് കറുക. ഇത് പൊവേസീ സസ്യകുടുംബത്തിൽ ഉള്ളതും, ഇതിന്റെ ശാസ്ത്രീയനാമം Cynodon dactylon എന്നുമാണ്. ഇത് ആയുർവ്വേദത്തിൽ ഔഷധമായും, ഹൈന്ദവാചാരങ്ങളിൽ പൂജകൾക്കായും ഉപയോഗിക്കുന്നു. നീലധ്രുവ, ധ്രുവ എന്നീ പേരുകളിൽ സംസ്കൃതത്തിലും Dhub grass, Bhama grass എന്നീ പേരുകളിൽ ഇംഗ്ലീഷിലും അറിയപ്പെടുന്നു. കറുക നീല തണ്ടോട് കൂടിയ നീല കറുകയും, വെള്ള തണ്ടോട് കൂടിയ വെള്ള കറുകയായും കാണപ്പെടുന്നു. കഷായ മധുര രസങ്ങളാണ് ഈ സസ്യത്തിനുള്ളത്. ഈ സസ്യത്തിന് ഗുരു സ്നിഗ്ദ ഗുണങ്ങളും ശീതവീര്യവുമാണ്.