CountryEncyclopediaHistory

സ്കാന്‍ഡിനേവിയന്‍ മിത്തുകള്‍

നാടോടിക്കഥകളുടെയും പുരാണങ്ങളുടെയും നാടാണ് സ്കാന്‍ഡിനേവിയ മധ്യകാലത്തെ വൈക്കിങ്ങുകളുടെ ധീര സാഹസികകഥകളും അവിടെ ഒട്ടേറെയുണ്ട്.

  വൈക്കിങ്ങുകളുടെ ധീരസാഹസിക കഥകളാണ് സ്കാന്‍ഡിനേവിയക്കാരുടെ ആദ്യകാല സാഹിത്യത്തില്‍ പ്രധാനം.എ. ഡി മൂന്നാം നൂറ്റാണ്ടു മുതല്‍ പതിനേഴാം നൂറ്റാണ്ടു വരെ സ്കാന്‍ഡിനേവിയന്‍ മേഖലയില്‍ പ്രചാരത്തിലിരുന്ന എഴുത്ത് രീതിയാണ് റൂണിക് അഥവാ ഫതാര്‍ക്ക്. സ്കാന്‍ഡിനേവിയന്‍ രാജ്യങ്ങളില്‍ നിന്നും കണ്ടെടുത്ത നാലായിരത്തില്‍പ്പരം റൂണിക് രചനകളില്‍ നിന്നാണ് വൈക്കിങ്ങുകളുടെ സാഹിത്യം വെളിച്ചം കണ്ടത്.

  ഐസ് ലാന്‍ഡില്‍ നിന്നും കണ്ടെത്തിയ എഡ്ഡ എന്ന കവിതാസമാഹരങ്ങളും ഇതിലുണ്ട് .പേരറിയാത്ത നിരവധികവികളുടെ കവിതകളും പുരാണ കഥകളുമെല്ലാം ചേര്‍ന്നതാണ് എഡ്ഡ. 1220-കളില്‍ ജീവിച്ചിരുന്ന സ്നോറി സ്റ്റലര്‍ലുസണ്‍ എന്ന പണ്ഡിതനാണ് ഇത് സമാഹരിച്ചത് എന്നു കരുതപ്പെടുന്നു.

  നമ്മുടെ ദേവലോകം പോലെ സ്കാന്‍ഡിനേവിയക്കാര്‍ക്കുമുണ്ട് ഒരു ദേവലോകം അതിന്‍റെ പേരാണ് അസ്ഗാഡ്. മനോഹരമായ ഉദ്യാനങ്ങള്‍, നദികള്‍, പുല്‍മേടുകള്‍ എല്ലാം അവിടെയുണ്ട്.

 അസ്ഗാഡില്‍ വലിയ ഒരു കൊട്ടാരമുണ്ട്. അവിടെയാണ് ദേവന്മാര്‍ താമസിക്കുക. ദേവശ്രേഷ്ഠടനായ ഒഡിന്‍ ആ കൊട്ടാരത്തിലെ ഒരു മുറിയിലിരുന്നു മനുഷ്യരെ നോക്കിക്കൊണ്ടിരിക്കും. ആ മുറിയുടെ മേല്‍ക്കൂര ചെമ്പുകൊണ്ട് നിര്‍മ്മിച്ചതാണ്. അവിടെ ഒഡിന്‍ ദേവന് പ്രത്യേക കസേരയുണ്ട്. അവിടെയിരുന്നാണ് നിരീക്ഷണം.
  അസ്ഗാഡിലെ ആ കൊട്ടാരത്തില്‍ ഒരു പ്രത്യേക മുറിയുണ്ട്.വല്‍ഹാലാ എന്നാണ് ആ മുറിയുടെ പേര്. യുദ്ധത്തില്‍ മരിച്ചു വീഴുന്നവര്‍ നേരെ പോകുന്നത് അവിടെയാണ്. ഒഡിന്‍ ദേവന്‍റെ കൂട്ടാളികള്‍ വീരയോദ്ധാക്കളെ ആ മുറിയില്‍ എത്തിക്കുന്നു. പിന്നെ അവര്‍ക്ക് കുശാലാണ്. ഒന്നാന്തരം ഭക്ഷണം വിശിഷ്ടമായ ആട്ടിന്‍ പാല്‍. തേന്‍ എല്ലാം നല്‍കും.

  ഭൂമിയില്‍ നന്നായി ജീവിക്കുന്ന ആളുകള്‍ക്കും സ്വര്‍ഗത്തില്‍ പ്രത്യേകം മുറികള്‍ ഉണ്ട്.സ്വര്‍ണം കൊണ്ട് മേല്‍ക്കൂര നിര്‍മ്മിച്ച ആ മുറികളിലാണ് നല്ലവരെല്ലാം പാര്‍ക്കുക. സ്കാന്‍ഡിനേവിയന്‍ വിശ്വാസങ്ങളില്‍ മൂന്നുതരം സ്വര്‍ഗം ഉള്ളതായി കാണുന്നു. അതി ഏറ്റവും ശ്രേഷ്ഠമാണ് അസ്ഗാഡ്.