EncyclopediaIndiaMajor personalities

ശനി

സൂര്യനിൽ നിന്നും ആറാമത്തെ ഗ്രഹമാണ് ശനി. വ്യാഴത്തിനു ശേഷമായി സൗരയൂഥത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ ഗ്രഹവുമാണിത്. പാശ്ചാത്യർ റോമൻ ദേവനായ സാറ്റണിന്റെ (Saturn) നാമം ഇതിനു ചാർത്തിയിരിക്കുന്നു, ഗ്രീക്ക് ഐതിഹ്യത്തിലെ ക്രോണസും (സിയൂസിന്റെ പിതാവായ ടൈറ്റൻ), ബാബിലോണിയയിലെ നിനൂർത (Ninurta), ഹിന്ദു ഐതിഹ്യത്തിലെ ശനി എന്നിവ ഈ ഗ്രഹത്തിനെ ബന്ധപ്പെടുത്തിയാണ്. റോമൻ ദേവന്റെ അരിവാളിനെ സൂചിപ്പിക്കുന്നതാണ് ശനിയുടെ ചിഹ്നം (യൂണികോഡ്: ).

ശനി, വ്യാഴം, യുറാനസ്, നെപ്റ്റ്യൂൺ എന്നിവയെ മൊത്തത്തിൽ വാതകഭീമന്മാർ എന്ന് വിളിക്കുന്നു. ഇവയെ വ്യാഴസമാനമായ എന്നർത്ഥം വരുന്ന ജൊവിയൻ ഗ്രഹങ്ങൾ എന്നും വിളിക്കുന്നു. നാലിനും ഭൂമിയെക്കാൾ ഒരുപാട് വലിപ്പക്കൂടുതലുണ്ട്. മാത്രവുമല്ല, ഈ നാല് ഗ്രഹങ്ങൾക്കും ചുറ്റും വലയങ്ങളുമുണ്ട്. ഭൂമിയുടെ ശരാശരി വ്യാസാർദ്ധത്തിന്റെ ഒൻപത് മടങ്ങുണ്ട് ശനിയുടെ വ്യാസാർദ്ധം. ഭൂമിയുടെ 95 മടങ്ങ് പിണ്ഡമുണ്ടെങ്കിലും അതിബൃഹത്തായ വ്യാപ്തം കാരണം ശനിയുടെ സാന്ദ്രത ഭൂമിയുടെ എട്ടിലൊന്നു മാത്രമേയുള്ളൂ.

വലിയ പിണ്ഡമുള്ളത് വഴിയുണ്ടാകുന്ന ഗുരുത്വബലം കാരണം ശനിയിലെ സ്ഥിതി ഭൂമിയോട് താരതമ്യം ചെയ്യപ്പെടുമ്പോൾ വളരെ കഠിനമാണ്. ഇരുമ്പ്, നിക്കൽ, സിലിക്കൺ, ഓക്സിജൻ സംയുക്തങ്ങൾ എന്നിവയാലുള്ള കാമ്പ്, അതിന് ചുറ്റിലുമായി വളരെ ആഴത്തിലുള്ള ലോഹീയ ഹൈഡ്രജൻ, അതിനു പുറമേ ദ്രവിയ ഹൈഡ്രജനാലും ദ്രവിയ ഹീലിയത്താലുമുള്ള മറ്റൊരു പാളി. ഏറ്റവും പുറമേയായി വാതക പാളി. ഇതാണ് ശനിയുടെ ഘടന. ലോഹീയ ഹൈഡ്രജനിൽ സംഭവിക്കുന്ന വൈദ്യുതപ്രവാഹങ്ങൾ വഴിയാണ് ശനിയുടെ കാന്തികക്ഷേത്രം നിലനിൽക്കുന്നത് എന്നാണ് മനസ്സിലാക്ക പ്പെട്ടിരിക്കുന്നത്. ഇത് ഭൂമിയേക്കാൾ അല്പം ശക്തി കുറഞ്ഞതാണ്. വ്യാഴത്തിന്റെ ഏതാണ്ട് ഇരുപതിലൊന്ന് മാത്രം ശക്തി. പുറം അന്തരീക്ഷം ഏറെക്കുറെ നിർവികാരമാണെങ്കിലും ദീർഘകാലം നിലനിൽക്കുന്ന സവിശേഷതകൾ പ്രത്യക്ഷപ്പെടാവുന്നതാണ്. കാറ്റുകളുടെ വേഗത മണിക്കൂറിൽ 1,800 കീലോമീറ്റർ വരെയാകാറുണ്ട്. ഇത് വ്യാഴത്തിലേതിനേക്കാൾ വളരെ കൂടുതലാണ്.

ശനിക്ക് ഒൻപത് പൂർണ്ണവളയങ്ങളും മൂന്ന് അർദ്ധവളയങ്ങളുമുണ്ട്. കൂടുതൽ ഭാഗവും ഹിമത്താലുള്ള ഇവയിൽ പാറക്കഷ്ണങ്ങളും പൊടിപടലങ്ങളും അടങ്ങിയിട്ടുണ്ട്. അറിവിൽ ആകെ 82 ഉപഗ്രഹങ്ങൾ ഈ ഗ്രഹത്തെ പരിക്രമണം ചെയ്യുന്നുണ്ട്.സൗരയൂഥത്തിലെ ഏറ്റവും അധികം ഉപഗ്രഹങ്ങളുള്ള ഗ്രഹം എന്ന റെക്കോഡ് ശനിക്കാണ്. ശനിയുടെ പുതിയ 20 ഉപഗ്രഹങ്ങളെ കൂടി ഗവേഷകർ കണ്ടെത്തിയിരിക്കുന്നു.മുമ്പ് ഒന്നാം സ്ഥാനമുണ്ടായിരുന്ന വ്യാഴത്തിന് 79 ഗ്രഹങ്ങളാണുളളത്. യുഎസ് ഗവേഷണ കേന്ദ്രമായ കാർണെഗി ഇൻസ്റ്റിറ്റ്യൂഷൻ ഓഫ് സയൻസ് ആണ് കണ്ടുപിടിത്തത്തിന്നു പിന്നിൽ ഇതിൽ 53 എണ്ണത്തിനും ഔദ്യോഗിക നാമം നൽകപ്പെട്ടിട്ടുണ്ട്. വളയങ്ങളിലുള്ള നൂറുകണക്കിന് “ചെറുപഗ്രഹങ്ങളെ” ഇതിൽ ഉൾ‍പ്പെടുത്തിയിട്ടില്ല. ശനിയുടെ ഏറ്റവും വലിയ ഉപഗ്രഹമായ ടൈറ്റൻ (ഉപഗ്രഹം) വ്യാഴത്തിന്റെ ഗാനിമീഡിനു ശേഷം സൗരയൂഥത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ ഉപഗ്രഹമാണ്, ഇത് ബുധനേക്കാൾ വലിപ്പമുള്ളതും കണക്കിലെടുക്കാവുന്ന തരത്തിലുള്ള അന്തരീക്ഷമുള്ള സൗരയൂഥത്തിലെ ഏക ഉപഗ്രഹവുമാണ്.