Encyclopedia

ചന്ദനം

ചരിത്രാതീതകാലം മുതലേ പുണ്യവൃക്ഷമായി അറിയപ്പെടുന്ന ചന്ദനം പരിശുദ്ധിയുടെയും പ്രതീകം കൂടിയാണ്. വിശിഷ്ടഗന്ധത്തിന് പേരുകേട്ട ഈ വൃക്ഷത്തിന്‍റെ ജന്മദേശം ഭാരതമാണ്‌.
പുരാണങ്ങളില്‍ ചന്ദനത്തെക്കുറിച്ച് ധാരാളം പരാമര്‍ശമുണ്ട്. രാവണന്‍റെ പുഷ്പകവിമാനത്തിലുള്ള യാത്രയില്‍ ദക്ഷിണഭാരതത്തിന്‍റെ ചന്ദനവനങ്ങള്‍ കണ്ടതായും സുഗ്രീവന്റെ വാനരസൈന്യം താമ്രപര്‍ണിനദിയുടെ കരയില്‍ ചന്ദനക്കാടുകള്‍ കണ്ടതായും രാമായണത്തിലുണ്ട്. മഹാഭാരതത്തില്‍ യുധിഷ്ഠിരന്‍റെ രാജസൂയത്തിനെത്തിയ രാജാക്കന്മാര്‍ നല്‍കിയത് ചന്ദനത്തടിയും തൈലവുമാണ്.
ചന്ദനമരം രാജകീയവൃക്ഷമായതിനാല്‍ സാധാരണക്കാര്‍ അത് മുറിക്കാനോ ഉപയോഗിക്കാനോ പാടില്ലെന്ന് പണ്ട് നിയമമുണ്ടായിരുന്നു. വനംവകുപ്പിന്‍റെ അനുമതിയില്ലാതെ ചന്ദനമരം മുറിച്ചു വില്‍ക്കുന്നത് ഇന്നും കുറ്റകരമാണ്.
വിഗ്രഹങ്ങള്‍ ഉണ്ടാക്കാനും ഹോമം നടത്താനും ചന്ദനമരം ഉപയോഗിച്ചിരുന്നു. ഈ മരം ഭാരതത്തിന്‌ പുറത്ത് ഇനിയും കണ്ടെത്തിയിട്ടില്ല. ഇന്ത്യയില്‍ തന്നെ പശ്ചിമഘട്ടത്തില്‍ മാത്രമേ ചന്ദനം വളരുന്നുള്ളൂ, ലോകവിപണിയില്‍ ചന്ദനതൈലത്തിന്റെ കുത്തക നൂറ്റാണ്ടുകളായി ഇന്ത്യയുടെ കൈവശമാണ്.
ഏറെ ഔഷധഗുണമുള്ള ചന്ദനത്തിന് ആയുര്‍വേദത്തില്‍ വലിയ സ്ഥാനമുണ്ട്.പ്രസിദ്ധമായ പല ഔഷധക്കൂട്ടുകളിലും ചന്ദനം ഉപയോഗിച്ചുവരുന്നു.
മരത്തിന്റെ വേരിലും തടിയിലുമാണ് ചന്ദനത്തൈലമുള്ളത്. തൈലത്തിന്റെ അംശം കൂടുതലുള്ളത് വേരിലായതിനാല്‍ മരം വേരോടെ പിഴുതെടുക്കുകയാണ് ചെയ്യുക. ഇടുക്കി ജില്ലയിലെ ദേവികുളം താലൂക്കിലുള്ള മറയൂര്‍ ചന്ദനമരങ്ങള്‍ക്ക് പേര് കേട്ട പ്രദേശം ആണ്.