സമുദ്രഗുപ്തന്‍
ലോകഭൂപടം തിരുത്തിക്കുറിച്ച പോരാളിയായിരുന്നു നെപ്പോളിയന്‍ ഇന്ത്യയ്ക്കുമുണ്ട് ഒരു നെപ്പോളിയന്‍ സമുദ്രഗുപ്തന്‍. തന്‍റെ ജീവിതകാലത്ത് രാജാക്കന്മാരുടെ രാജാവ് എന്നറിയപ്പെട്ട സമുദ്രഗുപ്തനെ ആധുനിക ചരിത്രകാരന്മാര്‍ ഇന്ത്യന്‍ നെപ്പോളിയന്‍ എന്നാണ് വിളിക്കുന്നത്.എ.ഡി 330-ലാണ് ചന്ദ്രഗുപ്തന്‍ ഒന്നാമന്റെ പിന്‍ഗാമിയായ സമുദ്രഗുപ്തന്‍ അധികാരത്തിലെത്തിയത്.ഇന്ത്യയെ രാജ്യമെന്ന നിലയില്‍ ഏകീകരിക്കുക എന്നതായിരുന്നു സമുദ്രഗുപ്തന്റെ പ്രധാനലക്‌ഷ്യം.ഇതിനായി ഒരു ആക്രമണ പരമ്പരതന്നെ അദ്ദേഹം ആരംഭിച്ചു.
അലഹബാദിലെ ഒരു സ്തംഭത്തില്‍ സമുദ്രഗുപ്തന്‍റെ നേട്ടങ്ങള്‍ കൊത്തി വച്ചിട്ടുണ്ട്. സമുദ്രഗുപ്തന്‍റെ സൈനികവിജയങ്ങളുടെ വിശദവിവരണം ഇതിലുണ്ട്.
അഹിച്ഛത്രത്തിലെ രാജാവായ അച്യുതനേയും നാഗരാജവംശത്തിലെ നാഗസേനനേയും തന്‍റെ കിരീടധാരണത്തിനു തൊട്ടുപിറകെ തന്നെ സമുദ്രഗുപ്തന്‍ തോല്‍പ്പിച്ചു. ഗംഗാതടത്തിലെ കോടന്മാരെ തുരത്തുകയായിരുന്നു അടുത്ത നീക്കം. അങ്ങനെ പ്രാചീനക്കാലത്ത് പുഷ്പുരം എന്നറിയപ്പെട്ടിരുന്ന പ്രദേശം കീഴടക്കി.ആര്യാവര്‍ത്തത്തിലെ ഒന്‍പതു രാജാക്കന്മാരെ ഒരു യുദ്ധ പരമ്പരയിലൂടെ സമുദ്രഗുപ്തന്‍ പരാജയപ്പെടുത്തി.
ഇപ്പോഴത്തെ ഉത്തര്‍പ്രദേശ് പൂര്‍ണമായും മധ്യേഷ്യയുടെ ഒരു ഭാഗവും ബംഗാളിന്‍റെ തെക്കുപടിഞ്ഞാറന്‍ പ്രദേശങ്ങളും സമുദ്രഗുപ്തന്‍റെ സാമ്രാജ്യത്തിന്‍റെ ഭാഗമായിരുന്നു.അസം, നേപ്പാള്‍ തുടങ്ങിയവയും അതില്‍ ഉള്‍പ്പെടുന്നു.
ദക്ഷിണേന്ത്യയില്‍ സമുദ്രഗുപ്തന്‍ ഒറ്റയടിക്ക് പന്ത്രണ്ട് രാജാക്കന്മാരെ കീഴടക്കി.എന്നാല്‍ പിന്നീട് ഈ രാജാക്കന്മാരെ സ്വതന്ത്രരാക്കി വിട്ടയച്ചു.
എ ഡി 335 മുതല്‍ 380 വരെയാണ് സമുദ്രഗുപ്തന്‍റെ ജീവിതകാലം.