സബർമതി നദി
പടിഞ്ഞാറൻ ഇന്ത്യയിലെ ഒരു നദിയാണ് സബർമതി. ഏകദേശം 371 കിലോമീറ്റർ നീളമുണ്ട്. നദിയുടെ ആദ്യഭാഗങ്ങൾക്ക് വകൽ എന്നും പേരുണ്ട്.
രാജസ്ഥാനിലെ ഉദയ്പൂർ ജില്ലയിലെ ആരവല്ലി പർവതനിരകളിലാണ് സബർമതി നദിയുടെ ഉദ്ഭവസ്ഥാനം. നദിയുടെ ഭൂരിഭാഗവും ഒഴുകുന്നത് ഗുജറാത്തിലൂടെയാണ്. ഗൾഫ് ഓഫ് കാംബെയിലൂടെ അറബിക്കടലിൽ പതിക്കുന്നു.
ഗുജറാത്തിന്റെ വാണിജ്യ തലസ്ഥാനമായ അഹമ്മദാബാദും രാഷ്ട്രീയ തലസ്ഥാനമായ ഗാന്ധിനഗറും സബർമതി നദിയുടെ തീരങ്ങളിലാണ് സ്ഥിതി ചെയ്യുന്നത്. ഗുജറാത്തിലെ സുൽത്താൻ അഹമ്മദ് ഷാ സബർമതിയുടെ തീരത്ത് വിശ്രമിക്കുമ്പോൾ ഒരു മുയൽ ഒരു നായയെ ഓടിക്കുന്നത് കാണുകയും ആ മുയലിന്റെ ധൈര്യം കണ്ട് പ്രചോതിതനായ അദ്ദേഹം 1411ൽ അഹമ്മദാബാദ് നഗരം സ്ഥാപിച്ചു എന്നുമാണ് ഐതിഹ്യം.