അരൂത
അധികം ഉയരം വയ്ക്കാത്ത ഒരു ഔഷധസസ്യമാണ് അരൂത. സംസ്കൃതത്തിൽ സന്താപഃ എന്ന് അറിയപ്പെടുന്ന അരൂതയുടെ ആംഗലേയ നാമം Garden Rue എന്നാണ്. ഈ സസ്യത്തിന്റെ ഇലകളും കൊമ്പുകളും വളരെ മൃദുവാണ്. അരൂതച്ചെടി തോട്ടങ്ങളിൽ വച്ചുപിടിപ്പിച്ചാൽ പാമ്പുകൾ വരില്ല എന്നാണ് വിശ്വാസം. (പക്ഷേ അതിതുവരെ ശാസ്ത്രീയമായി തെളിയിച്ചിട്ടില്ല)
അരൂത ഏതെങ്കിലും വീടുകളിൽ നിന്നാൽ ആ വീട്ടിൽ ആർക്കും അപസ്മാരം വരില്ല എന്നും വിശ്വസിക്കുന്നു, കാരണം ആർക്കെങ്കിലും അപസ്മാരം വന്ന് വീഴാൻ തുടങ്ങുമ്പോൾ അരുത് വീഴരുത് എന്നു പറയാൻതക്ക ഔഷധമൂല്യം ഉള്ള ചെടിയാണിത്. ഇങ്ങനെ അരുത് എന്നുള്ളതിനാൽ അരൂത എന്നപേര് വന്നെതെന്നാണ് ഇതിന്റെ പേരിലെ ഐതിഹ്യം. ഇംഗ്ലീഷിൽ ഗാർഡൻ റൂ എന്നും സംസ്കൃതത്തിൽ സന്താപഃ എന്നും പറയുന്നു. റൂട്ടാഗ്രാവിയോലൻസ് എന്നാണ് ശാസ്ത്രനാമം. റൂട്ടേസി എന്ന കുടുംബത്തിൽ പെടുന്നു. നാഗത്താലി എന്നും പേരുണ്ട്.
ഈ സസ്യത്തിന്റെ ഇലകൾ കൈക്കുള്ളിൽ വച്ച് തിരുമ്മിയാൽ അവയ്ക്ക് കാച്ചിയ വെളിച്ചെണ്ണയുടെ മണം അനുഭവപ്പെടുന്നു. കൂടാതെ ഈ ഇലകളിൽ നിന്നും ഉത്പാദിപ്പിക്കുന്ന എണ്ണ ഔഷധഗുണമുള്ളതുമാണ്. നേത്രരോഗങ്ങൾക്ക് ഈ സസ്യത്തിന്റെ ഇലകൾ കഴുത്തിൽ കെട്ടിയിട്ടാൽ ആശ്വാസം ലഭിക്കും എന്നും വിശ്വസിക്കുന്നു. കുട്ടികൾക്കുണ്ടാകുന്ന അപസ്മാരത്തിന് അരുതയിലയിൽ കാണപ്പെടുന്ന ഗുളിക രൂപത്തിലുള്ള പുഴുക്കളെ എണ്ണയിൽ തിളപ്പിച്ച് ദിവസത്തിൽ ഒരുനേരം 10 തുള്ളികൾ വീതം നൽകിയാൽ ആശ്വാസം ലഭിക്കും എന്ന് പറയപ്പെടുന്നു.