റോസാലിന്റ് ഫ്രാങ്ക്ലിൻ
ഒരു ബ്രിട്ടീഷ് ജൈവ-ഭൗതിക ശാസ്ത്രജ്ഞയും, ക്രിസ്റ്റലോഗ്രാഫറുമാണ് റോസലിൻഡ് ഫ്രാങ്ക്ലിൻ. ഡി.എൻ.എയുടെയും, ആർ.എൻ.എ യുടെയും, പല വൈറസുകളുടെയും കൽക്കരി, ഗ്രാഫൈറ്റ് എന്നിവയുടേയും തന്മാത്രാഘടന നിർണ്ണയത്തിന് ഇവരുടെ സംഭാവന വളരെ നിർണ്ണായകമായിരുന്നു. ഇവരുടെ ഏറ്റവും പ്രശസ്തമായ കണ്ടുപിടിത്തമായ ഡി.എൻ.എ-യുടെ ഘടന ജനിതകശാസ്ത്രത്തിലെ നാഴികക്കല്ലായി വിശേഷിപ്പിക്കപ്പെടുന്നു. ഡി.എൻ.എ ഇരട്ട ഹെലിക്സാണെന്ന റോസാലിന്റെ എക്സ്-റേ ഡിഫ്രാക്ഷൻ പഠനങ്ങളെ അടിസ്ഥാനമാക്കിയാണ് വാട്സൺ, ക്രിക്ക് എന്നീ ശാസ്ത്രജ്ഞർ ഡി.എൻ.എയുടെ ഘടനയെക്കുറിച്ചുള്ള ‘വാട്സൺ-ക്രിക്ക് ഹൈപോത്തസിസ്‘ തയ്യാറാക്കിയത്. കർക്കരി വൈറസുകൾ എന്നിവയിൽ അവർ നടത്തിയ ഗവേഷണങ്ങൾക്ക് അംഗീകാരം ലഭിച്ചുവെങ്കിൽപ്പോലും ഡി.എൻ.എയുടെ ഘടന കണ്ടെത്തുന്നതിൽ അവർ വഹിച്ച പങ്കിന് അവരുടെ ജീവതകാലത്ത് കാര്യമായ ശ്രദ്ധ ലഭിച്ചില്ല.
ഫ്രങ്ക്ലിൻ ഏറ്റവും കൂടുതൽ അറിയപ്പെടുന്നത് ലണ്ടനിലെ കിങ്സ് കോളേജിലായിരുന്നപ്പോൾ ഡി.എൻ.എയുടെ എക്സ്-ഡിഫ്രാക്ഷൻ ചിത്രങ്ങളുമായി ബന്ധപ്പെട്ട അവരുടെ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ടാണ്. പ്രത്യേകിച്ചും അവരുടെ വിദ്യാർഥിയായിരുന്ന റെയ്മണ്ട് ഗോസ്ലിങ് എടുത്ത ഫോട്ടോ 51 എന്ന ചിത്രവുമായി ബന്ധപ്പെട്ട്. ആ ചിത്രമാണ് ഡി.എൻ.എയുടെ ഡബിൾ ഹെലിക്സിന്റെ ക്ണ്ടുപിടിത്തത്തിലേക്കും അതിൻ ഫ്രാൻസിസ് ക്രിക്ക്, ജയിംസ് വാട്ട്സൺ, മൂറിസ് വിൽക്കിൻസ് എന്നിവർക്ക് 1962ലെ വൈദ്യശാസ്ത്രത്തിനുള്ള നോബൽ സമ്മാനം ലഭിക്കുന്നതിലേക്കും നയിച്ചത്. ഫ്രാങ്ക്ലിന് രസതന്ത്രത്തിനുള്ള നോബൽ സമ്മാനം നൽകുന്നത് ഉചിതമായിരിക്കും എന്നഭിപ്രായപ്പെട്ടിരുന്നു. എന്നാൽ നോബേൽ കമ്മിറ്റി മരണാനന്തര ബഹുമതിയായി നോബേൽ സമാനം നൽകാത്തതിനാൽ ഇത് സാധ്യമായിരുന്നില്ല.
ബിറ്ബെക്കിൽ വെച്ച് ജോൺ ഡെസ്മണ്ട് ബെർണലിനൊപ്പം വൈറസുകളുടെ തന്മാത്രാഘടനയുമായി ബന്ധപ്പെട്ട പ്രമുഖമായ ഗവേഷണപ്രവർത്തനങ്ങൾ നടത്തി.1958ൽ ബ്രസൽസിലെ അന്താരാഷ്രസമ്മേളനത്തിൽ വച്ച് റ്റുബാക്കോ മൊസൈക്ക് വൈറസ്സിന്റെ] ഘടന അവതരിപ്പിക്കുന്നതിന് ഒരു ദിവസം മുൻപ് തന്റെ 37ആം വയസ്സിൽ അണ്ഡാശയ അർബുദം മൂലം അവർ മരണപ്പെടുകയാണുണ്ടായത്. അവരുടെ സഹപ്രവർത്തകനായിരുന്ന ആരോൺ ക്ലഗ് അവരുടെ ഗവേഷണം മുന്നോട്ടുകൊണ്ടുപോകുകയും 1982ൽ രസതന്ത്രത്തിൽ നോബേൽ സമ്മാനത്തിന് അർഹനാകുകയും ചെയ്തു.
ആദ്യകാല ജീവിതം
ലണ്ടനിലെ നോട്ടിങ് ഹില്ലിലെ ഒരു ജൂത കുടുംബത്തിലാണ് റോസാലിന്റ് ജനിച്ചത്. സെന്റ് പോൾസ് ഹൈസ്കൂളിൽ വിദ്യാഭ്യാസം പൂർത്തിയാക്കി. ക്യാംബ്രിഡ്ജിലെ ന്യൂൻഹാം കോളേജിൽ നിന്നും രസതന്ത്രത്തിൽ ബിരുദം കരസ്ഥമാക്കി. പിന്നീട് ബ്രിട്ടീഷ് കൽക്കരി ഗവേഷണ കേന്ദ്രത്തിൽ കൽക്കരിയിലെ സുഷിരങ്ങളെക്കുറിച്ച് പഠിച്ചു. ഈ ഗവേഷണം അവരെ ഡോക്ടറേറ്റിന് അർഹയാക്കി.
ഗവേഷണം
ലണ്ടനിലെ കിഗ്ൻസ് കോളേജിൽ റോസാലിന്റ് ഗവേഷകയായി നിയമിക്കപ്പെട്ടു. മാംസ്യങ്ങളുടെയും, കൊഴുപ്പുകളുടെയും എക്സ്-റേ ഡിഫ്രാക്ഷൻ ഘടന പഠിക്കുവാനാണ് അവരെ നിയോഗിച്ചിരുന്നതെങ്കിലും ഡി.എൻ.എ യുടെ ഘടനയെയാണ് അടിയന്തരമായി പഠനവിധേയമാക്കേണ്ടതെന്ന് മനസ്സിലാക്കി ഗവേഷണം ആ വഴിക്ക് തിരിച്ചു വിടുകയായിരുന്നു. തന്റെ വിദ്യാർഥിയായ റേമണ്ട് ഗോസ്ലിങിനോടൊപ്പം അവർ ഡി.എൻ.എയെപ്പറ്റി ഗവേഷണം ആരംഭിച്ചു. രണ്ട് തരത്തിലുള്ള ഡി.എൻ.എ ഉണ്ട് എന്നും, അതിൽ ഒന്ന് നീണ്ടതും മെലിഞ്ഞതുമായ ഡി.എൻ.എ ആണെന്നും, മറ്റേത് ചെറുതും തടിച്ചതുമായതാണെന്നും കണ്ടെത്തി. ആദ്യത്തേതിനെ ‘ബി‘ ഡി.എൻ.എ എന്നും രണ്ടാമത്തതിനെ ‘എ‘ ഡി.എൻ.എ എന്നും വിളിച്ചു.