റോബർട്ട് ഹുക്ക്
ഇംഗ്ലീഷുകാരനായ പ്രകൃതി തത്ത്വജ്ഞാനിയും ശിൽപിയും സസ്യകോശമുൾപ്പെടെ നിരവധി കണ്ടുപിടിത്തങ്ങൾ നടത്തിയ ഒരു ശാസ്ത്രപ്രതിഭയുമായിരുന്നു റോബർട്ട് ഹുക്ക്.
ജീവിതരേഖ
1635 ജൂലൈ 28ന് ഫ്രഷ്വാട്ടർ ഗ്രാമത്തിലാണ് റോബർട്ട് ഹുക്ക് ജനിച്ചത്. ജോൺ ഹുക്ക്, സിസിലി ഗെയ്ൽസ് എന്നിവരാണ് അദ്ദേഹത്തിൻറെ മാതാപിതാക്കൾ. റോബർട്ട് മാതാപിതാക്കളുടെ നാല് കുട്ടികളിൽ (രണ്ട് ആൺകുട്ടികളും രണ്ടു പെൺകുട്ടികളും) ഇളയ ആളായിരുന്നു. അദ്ദേഹവും തൊട്ടുമുകളിലുള്ള കൂടപ്പിറപ്പും തമ്മിൽ ഏകദേശം ഏഴ് വർഷത്തെ പ്രായവ്യത്യാസം ഉണ്ടായിരുന്നു. അവരുടെ പിതാവായിരുന്ന ജോൺ ചർച്ച് ഓഫ് ഇംഗ്ലണ്ടിലെ ഒരു പുരോഹിതനും ഫ്രഷ്വാട്ടർ ചർച്ച് ഓഫ് ഓൾ സെയിന്റ്സ് സഭയിലെ വികാരിയുടെ സഹായിയുമായിരുന്നു. റോബർട്ടിൻറെ രണ്ട് പിതൃസഹോദരന്മാർ മന്ത്രിമാരായിരുന്നു. ചെറുപ്പത്തിൽത്തന്നെ റോബർട്ട് ഹുക്ക്, ചിത്രകലയിലും ഉപകരണ നിർമ്മിതിയിലും അതിയായ പ്രാവീണ്യം കാട്ടിയിരുന്നു. നല്ല നിരീക്ഷണ പാടവവും അദ്ദേഹം പ്രകടിപ്പിച്ചിരുന്നു.